വെടിനിർത്തൽ: എല്ലാത്തിനും പരിഹാരമാകുമോ?
ഗസ്സയിൽ നിന്നും സമാധാനത്തിന്റെ വാർത്തകളാണ് ഇപ്പോൾ കേൾക്കാനാകുന്നത്. വെടിനിർത്തൽ കരാര്‍ ഇസ്റാഈല്‍ കൂടി അംഗീകരിക്കുകയും ഇന്ന് ഉച്ചയോടെ അത് പ്രാബല്യത്തില്‍ വരികയും ചെയ്തിരിക്കുകയാണ്. ഗസ്സയിലെങ്ങും ആഹ്ലാദവും ആരവങ്ങളും അലയടിക്കുകയാണ്. ഖത്തറിന്റെയും ഈജിപ്തിന്റെയും തീവ്രമായ മധ്യസ്ഥ ചർച്ചയിൽ, ഹമാസ്, മൊസാദ്, ഇസ്‍റാഈൽ എന്നിവരുടെ പ്രതിനിധികൾ പൊതു ധാരണയിൽ എത്തിയതോടെയാണ് താത്കാലിക യുദ്ധവിരാമത്തിന് അധിനിവേശകരും അധിനിവിഷ്ടരും കൈ കൊടുക്കുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, തടവുകാരുടെ മോചനം, തകർക്കപ്പെട്ട രാജ്യത്തിന്റെ പുനർനിർമാണം എന്നിവ അടങ്ങുന്ന വിശാലമായ, മൂന്നു ഘട്ട കരാറിലെ ആദ്യവ്യവസ്ഥയനുസരിച്ച് 42 ദിവസം ഇരു രാജ്യങ്ങളിലും വെടിയോ പുകയോ ഉണ്ടാകില്ല. 2000 ബന്ധികളെ മോചിപ്പിക്കാമെന്ന ഇസ്രായേൽ ഡിമാന്റിന്, 33 ഇസ്രായേൽ ബന്ധികളെ ഈ ഘട്ടത്തിൽ മോചിപ്പിക്കാമെന്നാണ് ഫലസ്തീന്‍ അംഗീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ, അതിർത്തിയുടെ 700 മീറ്റർ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം പിന്മാറ്റം പ്രഖ്യാപിക്കും. തീർന്നില്ല, ഈ ഘട്ടത്തിൽ തന്നെ റഫാ അതിർത്തി തുറക്കും. 199 ബന്ദികളാണ് ഇസ്രായേൽ ഭാഷ്യമനുസരിച്ച്, ഫലസ്തീനിന്റെ വശമുള്ളത്. ഇവരിൽ 105 പേരെ 2023 നവംബർ താത്കാലിക വെടിനിർത്തൽ വേളയിൽ മോചിപ്പിക്കാൻ ആയിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. ശേഷിക്കുന്ന ഇസ്രായേൽ ബന്ധികളെ വിട്ടയക്കുന്ന പക്ഷം, സൈന്യം ഗസ്സയിൽ നിന്നും പൂർണ്ണമായും പിന്മാറും എന്നതാണ് രണ്ടാംഘട്ട വ്യവസ്ഥയിൽ പറയുന്നത്. തകർന്നു തരിപ്പണമായ ഗസ ആവാസ വ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണമാണ് മൂന്നാം വ്യവസ്ഥ മുന്നോട്ടുവക്കുന്നത്.
പ്രമാദമായ വെടിനിർത്തൽ കരാർ മുന്നോട്ടുവക്കപ്പെട്ട ഈ സാഹചര്യത്തിലും, ഇതുകൊണ്ട് ഗസ്സയിൽ ശാശ്വത സമാധാനം പൂക്കുമോ? നഷ്ടപ്പെട്ടവ തിരിച്ചെടുക്കാൻ ഗസ്സയെ ഇത് തുണക്കുമോ? എന്നൊക്കെയാണ് പൊതുമണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന ചോദ്യങ്ങൾ. 15 മാസത്തെ ഇസ്‍റാഈലിന്റെ അവിരാമ യുദ്ധം ഫലസ്തീനിനെ ഒരു തരിശുഭൂമിയാക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞ ഡിസംബർ മധ്യത്തിൽ, സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിൽ നിന്നും യൂനോസാറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം 1,70,812 കെട്ടിടങ്ങളാണ് ഗസ്സയിൽ നിലം പൊത്തിയിട്ടുള്ളത്. ഇത് ആകെ ഗസ്സൻ നിർമ്മിതികളുടെ 69% വരും. 2,45,123 വീടുകൾ, 90% ലധികം സ്കൂൾ കെട്ടിടങ്ങൾ, എണ്ണമറ്റ യൂണിവേഴ്സിറ്റികള്‍ എന്നിവയും ഇതിൽ പെടും. റഫാ മ്യൂസിയം, ജവഹർലാൽ നെഹ്റു ലൈബ്രറി, ഗസ മുനിസിപ്പൽ ലൈബ്രറി, ഗ്രേറ്റ് മോസ്ക് ഓഫ് ഗസ്സ, ചർച്ച് ഓഫ് സൈന്റ്റ് പോർഫീരിയസ് എന്നിവ തലയെടുപ്പുള്ള തകർന്ന കെട്ടിടങ്ങളിൽ പെട്ടതാണ്. 70 ശതമാനത്തിലധികം ഹെൽത്ത് സെന്ററുകളും, ഭൂരിഭാഗം ഹോസ്പിറ്റലുകളും ഈ ഗണത്തിലുണ്ട്. ഷെല്ലാക്രമണം വഴിയോ, അതിഭീമമായ മിലിറ്ററി വാഹനങ്ങളുടെ നീക്കങ്ങളിൽ പെട്ടോ നശിച്ച 70 ശതമാനത്തിലധികം വരുന്ന കാർഷിക ആവാസ വ്യവസ്ഥയും സാറ്റലൈറ്റ് ഇമേജുകളിൽ നിന്ന് ദർശിക്കാനാകും. പ്രത്യാഘാതമെന്നോണം, 2024 ൽ കാലമിത്രയും അനുഭവിക്കാത്ത ഭക്ഷ്യ പ്രതിസന്ധി ഫലസ്തീനികൾക്ക് നേരിടേണ്ടിയും വന്നു.
വേൾഡ് ബാങ്കും യുഎന്നും ചേർന്ന് പുറത്തുവിട്ട കണക്ക് പ്രകാരം, ഗസ്സയിലെ 92% പ്രാഥമിക ഗതാഗത സൗകര്യം താറുമാറാകുകയോ പൂർണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് 75% എങ്കിലും ടെലി കമ്മ്യൂണിക്കേഷൻ ഇൻഫ്രാ സ്ട്രക്ചർ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു. 90% മെഷീൻ പ്രോഡക്ടുകൾ നശിച്ച വൈദ്യുതി വിതരണ കമ്പനിക്ക് 450 മില്യൺ ഡോളറിന്റെ ബാധ്യതയാണ് തലയിൽ വന്നിരിക്കുന്നത്. ഇസ്‍റാഈൽ മിലിറ്ററി ക്യാമ്പയിൻ അവസാന സമയങ്ങളിൽ, മൂന്ന് ഡസലൈനേഷൻ പ്ലാൻ്റുകളിൽ (കടൽ വെള്ളത്തിൽ നിന്നും ഉപ്പിനെ വേർതിരിക്കുന്നയിടങ്ങൾ) ഒന്ന് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അതിനാല്‍ ഗാസയുടെ ജലവിതരണ ആവശ്യത്തിന്റെ 7 ശതമാനം മാത്രമാണ് പരിഹരിക്കപ്പെട്ടിരുന്നത്. ഇന്ധനത്തിനും വൈദ്യുതിക്കും മേൽ ഇസ്‍റാഈൽ ഏർപ്പെടുത്തിയ നിർബന്ധിത തടഞ്ഞു വെക്കലിൽ, ഗസ്സയിലെ ഒട്ടുമിക്ക വാട്ടർ ഡ്രൈനേജ് സിസ്റ്റവും സീവേജ് സംവിധാനങ്ങളും, ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രവർത്തനക്ഷമമായിരുന്നില്ല.
ദുരന്തത്തിൽ ഞെരിഞ്ഞമർന്ന കെട്ടിടങ്ങളേക്കാളും ഗസ്സയെ അലട്ടുന്നത് ഒരു സമൂഹത്തിന്റെ നാശവും ഉന്മൂലനമാണ്. ഗസ്സയിലെ ഭൂപ്രകൃതിയെ മാത്രമല്ല ഇസ്‍റാഈൽ തച്ചു തകർത്തത്. മറിച്ച് അവരുടെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, ബൗദ്ധിക ശേഷിപ്പുകളെയും പൈതൃകങ്ങളെയും കൂടിയാണ്. ഇസ്‍റാഈലിന്റെ നരമേധത്തിൽ അമ്പതിനായിരത്തിനോടടുത്ത് ആളുകൾ കൊല്ലപ്പെട്ടുവെന്നത് നിസ്സാര കാര്യമല്ല. ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തുന്നതിൽ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ പരാജയപ്പെട്ടതിനാൽ, മേൽ പരാമർശിത കണക്കിനെ ആധികാരികമായി കാണാനാകില്ല, ഇനിയും എത്രയോ കൂടാനാണ് സാധ്യത എന്നര്‍ത്ഥം. കെട്ടിടാവാശിഷ്ടങ്ങൾക്കിടയിൽ തിരിച്ചറിയപ്പെടാത്ത അനേകം ദേഹങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ലാൻഡ്സെറ്റിന്റെ കഴിഞ്ഞ ജൂൺ മാസത്തെ വിലയിരുത്തൽ പ്രകാരം മരണസംഖ്യ 1,86,000 ൽ പരം വരും.
വലാ അൽഫാരാഞ്ചി, റഫാത്ത് അല്‍അരീർ എന്നിവരെ പോലോത്ത എഴുത്തുകാരും ആർട്ടിസ്റ്റുകളും കവികളും മൺമറഞ്ഞവരിലുണ്ട്. ആയിരക്കണക്കിന് സ്കൂൾ അധ്യാപകന്മാരുടേയും യൂണിവേഴ്സിറ്റി പ്രൊഫസർമാരുടേയും ഭാവിയുടെ വരദാനങ്ങളായ കുട്ടികളുടേയും കൊഴിഞ്ഞു പോക്ക് ഫലസ്തീനിന്റെ ഭാവിയെ പോലും ഇരുണ്ടതാക്കുന്നു. നിലക്കാതെ ചീറിയടുക്കുന്ന മിസൈലുകൾക്കിടയിലും നിസ്വാർത്ഥ സേവനം ചെയ്ത് വീര മൃത്യു വരിക്കേണ്ടിവന്ന മുസ്തഫ സുരയ്യ, ഹംസ അൽദഹ്ദൂഹ് എന്നിവരടങ്ങുന്ന 130 മാധ്യമപ്രവർത്തകരുടെ വിടവ് നികത്താനാവാത്തതാണ്. മുറിവേറ്റവരെയും രോഗികളെയും പരിചരിച്ചതിന്, ആയിരക്കണക്കിന് ഡോക്ടർമാരെയും ആരോഗ്യപാലകരെയുമാണ് ബോംബേറിലൂടെയും ടാങ്ക് ഫയറിലൂടെയും ഇസ്‍റാഈൽ നിഷ്കരുണം കൊന്നൊടുക്കിയത്. ഡോ സിയാദ് എൽദലോയുടെ ഇസ്‍റാഈൽ തടങ്കൽ പാളയത്തിൽ നിന്നുള്ള മരണം മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു.
വംശഹത്യക്ക് ശേഷമുള്ള ഗസ്സയുടെ പുനർനിർമ്മാണം അത്യന്തം ദുഷ്കരമായ ഒന്നായിരിക്കും. അവലംബിക്കാവുന്ന കണക്കുകൾ പ്രകാരം, ഏകദേശം 50 മില്യൺ ഡോളർ വരും ആ സ്വപ്നത്തിലേക്ക് നടന്നടുക്കാൻ. ഭൗതിക നിർമ്മിതികൾ തിരിച്ചെടുക്കാൻ സാധ്യമായാൽ തന്നെയും, ഡോക്ടർമാർ, എഴുത്തുകാർ, കലാകാരന്മാർ, അധ്യാപകന്മാർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന കൊഴിഞ്ഞുപോയ ഒരു തലമുറയെ വീണ്ടെടുക്കൽ എത്ര പണമൊഴുക്കിയാലും അസാധ്യമാണ്. വീണ്ടെടുപ്പ് ആഘോഷിക്കാനാവുന്ന അതിജീവിച്ച വിഭാഗം, കടുത്ത പ്രതിസന്ധിക്കും നിരാശക്കും ഇടയിൽ ശ്വാസം മുട്ടുമ്പോൾ എന്തൊരു മാനമാണ് പുനർനിർമ്മാണത്തിന് ഉണ്ടാവുക? പലതവണ പരിസരം മാറി ജീവിക്കേണ്ടിവന്ന ഫലസ്തീനികളിൽ മിക്കവർക്കും അവരുടെ സുഹൃത്തുക്കളേയൊ കുടുംബത്തെയോ നഷ്ടപ്പെട്ടിട്ടുണ്ടാകും. പലർക്കും തല ചായ്ക്കുന്ന കൂരകൾ തന്നെ ഇട്ടെറിഞ്ഞു പോരേണ്ടി വന്നിട്ടുണ്ടാകും. 15 മാസങ്ങൾക്കു മുന്നേയുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്നും ഒട്ടേറെ അവർക്ക് മാറി നടക്കേണ്ടി വന്നിരിക്കും. ഈയൊരവസ്ഥയിൽ പുനരധിവാസം അത്ര സുഖകരമായ ഒരു ഏർപ്പാടായിരിക്കില്ല എന്ന് തന്നെ വേണം കരുതാന്‍. വർഷങ്ങൾ വേണ്ടിവരും, ആഗോള ഫണ്ട് സ്വരൂപണത്തിനും, തുടർന്നുള്ള ഗസ്സയുടെ വീണ്ടെടുപ്പിനും എന്നര്‍ത്ഥം.
അതേ സമയം, കേവലം നാല്‍പത് കിലോമീറ്റര്‍ മാത്രം വരുന്ന ഗസ്സ എന്ന കൊച്ചു തുരുത്തില്‍, ലോകത്തെ വന്‍ശക്തികളുടെയെല്ലാം സഹായത്തോടെ ഇസ്‍റാഈൽ ഇടതടവില്ലാതെ അക്രമണം നടത്തിയിട്ടും ആത്മധൈര്യത്തോടെ പിടിച്ച് നിന്ന ഫലസ്തീനികളെ അഭിനന്ദിക്കാതെ വയ്യ. എല്ലാം നഷ്ടപ്പെടുമ്പോഴും ആത്മധൈര്യം ഒട്ടും ചോരാതെ, പോരാളികളോട് അല്പം പോലും അനിഷ്ടം പ്രകടിപ്പിക്കാതെയാണ് ആ സമൂഹം പിടിച്ചുനിന്നത്. അതേ സമയം, ഏതാനും പേര്‍ കൊല്ലപ്പെടുമ്പോഴേക്ക്, ബന്ദികളുടെ മോചനം വൈകുമ്പോഴേക്ക് ഗവണ്‍മെന്റിനെതിരെയും സൈന്യത്തിനെതിരെയും പ്രകടനങ്ങള്‍ നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതാണ് ഇസ്‍റാഈലില്‍ നാം കണ്ടത്.
പരിമിതികള്‍ക്കിടയിലും ഇസ്റാഈല്‍ ഭാഗത്തും ശക്തമായ തിരിച്ചടികളും നാശനഷ്ടങ്ങളും ഏല്‍പിക്കാനും ഹമാസിന് സാധിച്ചു എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 35 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇസ്റാഈല്‍ പക്ഷത്ത് കണക്കാക്കപ്പെടുന്നത്. ഇസ്റാഈല്‍ സാമ്പത്തിക രംഗം തന്നെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഇസ്റാഈല്‍ പക്ഷത്തും അനേകം പേര്‍ കൊല്ലപ്പെടുകയും 30,000 ലേറെ പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. അധിനിവേശകരുടെ 1,500 ലേറെ ടാങ്കറുകളാണ് ഹമാസ് ഇതിനകം നശിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷത്തി അമ്പതിനായിരത്തിലേറെ ഇസ്റാഈലികള്‍ വീട് വിട്ട് പോകാനും ഇത് കാരണമായിരിക്കുന്നു. സര്‍വ്വോപരി, വിവിധ അറബ് രാഷ്ട്രങ്ങളുമായി സൗഹൃദമുണ്ടാക്കി, ഇസ്റാഈലിനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കുന്ന വിധം കരാറുമായി മുന്നോട്ട് പോകുകയായിരുന്ന അറബ്-ഇസ്റാഈല്‍ സാമാന്യവല്‍കരണത്തിനും ഇതോടെ വിരാമമിട്ടിരിക്കുകയാണ്. കരാറില്‍ ഒപ്പിട്ടവര്‍ പോലും അനൗദ്യോഗികമെങ്കിലും അതില്‍നിന്ന് പിന്മാറുന്നിടത്ത് വരെ കാര്യങ്ങളെത്തിക്കാന്‍ ഈ അക്രമണത്തിലൂടെ ഹമാസിന് സാധിച്ചു എന്നത് നേട്ടമായി തന്നെ വേണം കാണാന്‍.
ചുരുക്കത്തില്‍ ധാരാളം സാധാരണക്കാരെ കൊന്നൊടുക്കുകയും കെട്ടിടങ്ങളും സൗകര്യങ്ങളും തകര്‍ത്തുകളയുകയും ചെയ്തുവെന്നല്ലാതെ, ഈ അക്രമണത്തിലൂടെ ഇസ്റാഈലിന് കാര്യമായി ഒന്നും നേടാനായില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം, അനേകം നിരപരാധികളുടെയും ഏതാനും ഹമാസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജീവന്‍ നഷ്ടപ്പെടേണ്ടിവന്നാല്‍ പോലും, ഇത് വരെ ജനത അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ക്ക് വലിയൊരു അളവോളം പരിഹാരമാവുകയാണ് ഫലസ്തീന് ഇതിലൂടെ. അതോടൊപ്പം, പരിഷ്കൃതരെന്ന് സ്വയം കരുതന്ന ഇസ്റാഈലിന്റെ മനുഷ്യത്വ വിരുദ്ധ മുഖം ലോകത്തിന് മുന്നില്‍ അനാവൃതമായതോടൊപ്പം, അവര്‍ കൊട്ടിഘോഷിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളും ആയുധ-സൈനിക സന്നാഹങ്ങളും കേവലം കടലാസ് പുലിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു.
വെടി നിര്‍ത്തല്‍ നിലവില്‍ വന്ന സ്ഥിതിക്ക് ഇനി വേണ്ടത് ഗസ്സയുടെയും ഫല്സതീനിന്റെയും മുറിവുകളുണക്കുകയാണ്. പക്ഷേ, അതിന് വേണ്ട സമയം ഗസ്സക്ക് ഇസ്‍റാഈൽ അധികാരികൾ അനുവദിക്കുമോയെന്നതാണ് സംശയം. പ്രത്യക്ഷത്തിൽ യുദ്ധത്തിന് അറുതി വന്നിട്ടുണ്ടെങ്കിലും, ഭാവിജീവിതം ശുഭാപ്തി വിശ്വാസത്തോടെ ഗസ്സക്ക് ആസ്വദിക്കാനാവുമോ എന്ന് കാത്തിരുന്ന് കാണണം. ഇസ്‍റാഈലിന് നേരെയുള്ള ആഗോള രോഷം മാത്രം പോരാ ഈയൊരു സജ്ജീകരണത്തിന്. ജൂതരാഷ്ട്രത്തിന്റെ ഏറ്റവും അടുത്ത സഖ്യം അമേരിക്ക തന്നെ കനിയണമതിന്. നിലവിൽ കാണിക്കുന്ന മമതയും നിസ്സംഗതയും അമേരിക്കയുടെ ഭാഗത്തുനിന്നും എത്രത്തോളം ഉണ്ടാകും എന്നതിനെ ആശ്രയിച്ചായിരിക്കും ഗസയുടെ ഭാവി നിർണയിക്കാനാവുക
Leave A Comment