ഏർവാടി : വിലപിക്കുന്നവരുടെ സ്വർഗത്തിൽ

പത്തനംതിട്ടയിലെ ദഅവത് ക്യാമ്പും കഴിഞ്ഞ്  ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ പള്ളി ഇമാമും ഉസ്താദുമായ ശിഹാബുദ്ധീൻ ഫൈസി ഏർവാടി യാത്രയുടെ മെസ്സേജ് വാട്സാപ്പ് ചെയ്യുന്നത്. വീട്ടുകാരുമായി ഒന്നാലോചിച്ച ശേഷം ഞാൻ പെട്ടെന്ന് തന്നെ സിയാറത്തിന്  രജിസ്റ്റർ ചെയ്ത് ഏർവാടിക്കായുള്ള കാത്തിരിപ്പാരംഭിച്ചു. നമ്മുടെ നാട്ടിലൊക്കെ ഇന്നും മുടക്കമില്ലാതെ നിലനിൽക്കുന്ന പെരുന്നാൾ പൈസ കൊടുപ്പ് കുട്ടികൾക്ക് തങ്ങളുടെ കൊച്ചാവശ്യങ്ങളൊക്കെ നിറവേറ്റാൻ എത്രത്തോളം പര്യാപ്തമാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു.

രണ്ടാം പെരുന്നാളിന് ഞങ്ങൾ യാത്ര തുടങ്ങി. കോളേജ് ജീവിത്തിനിടയിൽ എങ്ങനെയോ നഷ്ടപെട്ട നാടും നാട്ടുകാരുമായുള്ള ബന്ധമൊക്കെ ഒന്ന് പൊടിതട്ടിയെടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു എനിക്ക്. നാട്ടുകല്ലും ചടയൻകാലായും മഞ്ഞക്കുളവും തൃശ്‌നാപ്പള്ളിയും നാഗൂരും മുത്തുപ്പേട്ടയും തുടങ്ങി ഞങ്ങൾ പിന്നിട്ട വീഥികളൊക്കെയും വിലായതിന്റെ പാദസ്പർശം പതിഞ്ഞതായിരുന്നു. ജീവിച്ചിരിക്കുന്ന വിശ്വാസികൾ ആത്മശാന്തി  തേടിയെത്തുന്ന തീരങ്ങളെന്ന് അവയെ വിളിക്കാം. അല്ലാഹുവിന്റെ അടുപ്പക്കാർ അവരെയും കാത്ത് ചന്ദനത്തിരിയുടെ സുഗന്ധം വീശുന്ന ഖുബ്ബകൾക്ക് താഴെ അവിടെ അന്ത്യവിശ്രമം കൊള്ളുകയാണ്.


മഗ്‌രിബിന്റെ നേരിയ ഇരുട്ട് ആകാശത്തെ പൊതിയാൻ തുടങ്ങിയ സായം സന്ധ്യയിലായിരുന്നു ഞങ്ങൾ ഏർവാടിയിലെത്തിയത്. തിരക്ക് പിടിച്ചതെങ്കിലും നിശബ്ദത മേയുന്ന തെരുവുകൾ. ഇംഗ്ളീഷും തമിഴും മലയാളവും പങ്കിടുന്ന ലോഡ്ജ് പരസ്യങ്ങൾ. വിദൂര ദേശങ്ങളിൽ നിന്നും ബസിറങ്ങി വന്നുകൊണ്ടേയിരിക്കുന്ന സിയാറത് സംഘങ്ങൾ. മൈലാഞ്ചിത്താടിയണിഞ്ഞ അമീറുമാർക്ക് പിറകിൽ അവരേതോ മായാലോകത്തേക്കെന്ന പോലെ നടന്നടുക്കുന്നു. ഏർവാടി ഒരു അല്‍ഭുത ഭൂമികയാണ്, ദക്ഷിണേന്ത്യയുടെ വിരിമാറിൽ വിശ്വാസികളുടെ വിലാപങ്ങൾ തങ്ങിനിൽക്കുന്ന തിരക്കേറിയ പ്രദേശം.

രാത്രി തല ചായ്ക്കാനായി ഒരു റൂമെടുത്ത് കെട്ടും മാറാപ്പുമൊക്കെ ഇറക്കിവെച്ച് വസ്ത്രം മാറി ഞങ്ങളൊന്ന് നടക്കാനിറങ്ങി. ദർസിലെ മുതഅല്ലിമീങ്ങളുടെ കൂടെയായിരുന്നു ഞാൻ. മഗ്‌രിബും ഇശാഉം പിന്തിച്ചു ഖസ്റാക്കി  മുസാഫിറിന് പടച്ചോൻ തന്നിട്ടുള്ള ഇളവുകൾ ആവോളം അനുഭവിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ദർഗ ഒന്ന് ചുറ്റിക്കാണാമെന്നായി അടുത്ത പ്ലാൻ. ഞങ്ങൾക്ക് മുന്നിലായി ഏർവാടി ദർഗ തലയുയർത്തി നിൽക്കുന്നു. അതിനുള്ളിൽ ബാദുഷാ തങ്ങളുണ്ട്. ചുറ്റും വിധിയുടെ ഭാരം ചുമക്കാൻ  വയ്യാതെ തളരുന്ന വൻജനാവലി ഇരമ്പുന്നു. അവർ വിഷാദിച്ചും വിലപിച്ചുമൊക്കെ ദർഗയെ വലംവെച്ച് നീങ്ങുകയാണ്. അവർക്ക് രോഗങ്ങളേറെയുണ്ട്. ചുട്ടുപൊള്ളുന്ന അനേകം വേദനകളുണ്ട്. അവർക്ക് ദുആ ചെയ്യാനേറെയുണ്ട്. പടച്ചോന്റെ പ്രിയപ്പെട്ട ഇബ്രാഹീം ബാദുഷാ തങ്ങളെ ചാരത്ത് വന്ന് കരളുരുകി പ്രാർത്ഥിക്കുകയാണവർ. ആ നിറഞ്ഞ കണ്ണുകളിൽ പ്രതീക്ഷയുടെ ചെറുചിരി മുനിഞ്ഞുകത്തുന്നത് ആര്‍ക്കും കാണാവുന്നതാണ്. ദർഗ്ഗകളെ ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളായി കാണുന്നവര്‍ ഇതൊക്കെ കണ്ടിരുന്നെങ്കിലെന്ന് ഒരു വേള ഞാൻ ആശിച്ചുപോയി.

ദർഗയെ ഏഴു വട്ടം ചുറ്റുന്ന ഒരു പതിവുണ്ടിവിടെ. വല്ല പൈശാചിക ശല്യങ്ങളുമുണ്ടെങ്കിൽ അത് പുറത്തേക്ക് വരുമത്രേ! കുറച്ച് ധൈര്യം സംഭരിച്ച് ഞാനും ആ കൂട്ടത്തിൽ കൂടി.ഒന്ന് രണ്ട് മൂന്ന്....അൽഹംദുലില്ലാഹ്! കുഴപ്പങ്ങളൊന്നുമില്ലാതെ ഏഴും തീർത്തു. എന്റെ വശങ്ങളിലായി നടക്കുന്ന പലരും ചുറ്റുന്നതിനിടയിൽ പെട്ടെന്ന് മതിഭ്രമം ബാധിച്ചവരെ പോലെ അലറാനും നിലത്തുവീഴാനുമൊക്കെ തുടങ്ങിയിരുന്നു. അന്തരീക്ഷം ആകെ മാറിയ പോലെ... മനുഷ്യൻ എത്രത്തോളം നിസ്സഹായനാണെന്ന് അവർ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. 

ദർഗയിൽ നിന്ന് ഞങ്ങൾ തെരുവിലേക്കിറങ്ങി. ആടുകളും മാടുകളും മനുഷ്യരുമെല്ലാം ഒരു പോലെ ഇവിടെ റോഡുകളിൽ അലഞ്ഞുനടക്കുന്നു. തസ്ബീഹ് മാലയേന്തിയ കൈകൾ... ദിക്റുകൾ മൂളുന്ന വിശന്ന ചുണ്ടുകൾ.... ഞങ്ങളുടെ ലോഡ്ജിന് തൊട്ടടുത്തുള്ള കൊച്ചുപ്പീടികയിൽ നിന്ന് ഗോലിസോഡയും കുടിച്ച് റൂമിലേക്ക് കയറി. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം ഉറങ്ങി.

രാവിലെ എണീറ്റ് കുളിച്ച് സുബ്ഹി നിസ്കരിച്ച് ഇറങ്ങാൻ നിൽക്കുമ്പോൾ മഴ പെയ്ത് തുടങ്ങി. വേനൽ ചൂടിൽ വരണ്ട മനസ്സുകളെ കുളിർപ്പിക്കുന്ന ഘോരമായ മഴ. മഴയുടെ കൂടെ ഇടിയും മിന്നലുമുണ്ട്. മഴ ഒന്നടങ്ങിയപ്പോൾ ഞങ്ങൾ ബാദുഷ തങ്ങളെ സിയാറത് ചെയ്തു.


കച്ചവടക്കാർ മഖാമിന്റെ പല ഭാഗങ്ങളും കയ്യേറിയിരിക്കുന്നു. എങ്കിലും സിയാറത്തിനതൊരു തടസ്സമാകുന്നേയില്ല. ഫാത്തിഹയും യാസീനുമൊക്കെ പാരായണം ചെയ്ത് മനസ്സറിഞ്ഞ് ദുആ ചെയ്തു.

ഞാന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. വിവിധ രൂപങ്ങളിലായി അലഞ്ഞ് തിരിയുന്ന അനേകം മനുഷ്യജന്മങ്ങള്‍. ചുറ്റുപാടുകളെയോ തന്നെതന്നെയോ അറിയാത്ത പോലെയാണ് പലരും നടക്കുന്നത്. അലമുറയിടുന്നവര്‍, ആനന്ദത്തിലാറാടുന്നവര്‍, പ്രത്യാശകളോടെ കാത്തിരിക്കുന്നവര്‍, തങ്ങളുടെ ജീവിതത്തിന്റെ പ്രക്ഷുബ്ധ തിരകളടങ്ങുമെന്നുറപ്പിച്ച്   പൂഴിമണലിൽ ചാഞ്ഞുറങ്ങുന്നവർ, അങ്ങനെ നീണ്ട് പോവുന്നു ആ വൈവിധ്യങ്ങള്‍. 

ഞങ്ങളവിടെ നിന്ന് പുറത്തേക്ക് നീങ്ങി. ചായ കുടിച്ച് ചുറ്റിനടന്നു. ഇനിയും കുറച്ച് മഖാമുകൾ കാണാൻ ബാക്കിയുണ്ട്. കാട്ടുപള്ളിയും വാൽനോക്കവും മായംകുളവും കീളക്കരയുമൊക്കെ  ഞങ്ങളെ കാത്തുനിൽപ്പുണ്ട്. മഥുരയിൽ ശുഹദാക്കളെയും വഹിച്ച് തലയുയർത്തി നിൽക്കുന്ന സികന്ദർ മലയുണ്ട്. അവ കൂടി കാണണമെന്ന ലക്ഷ്യത്തോടെ ഞങ്ങള്‍, ബാദുഷാ തങ്ങളോട് സലാം പറഞ്ഞ് ഏര്‍വാടിയോടും ശുഹദാക്കളോടും യാത്ര പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter