ഗസ്സയിലെ റഫയില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട്  ലോകാരോഗ്യ സംഘടന

ഗസ്സയിലെ റഫയില്‍ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് മനുഷ്യത്വത്തിന്റെ പേരില്‍ അപേക്ഷിച്ച്‌ ലോകാരോഗ്യ സംഘടന.ലോകാരോഗ്യ സംഘടന മേധാവി ഡോ. തെദ്രോസ് അദാനോം ഗബ്രിയെസൂസ് ആണ് എക്സിലൂടെ അഭ്യർഥന നടത്തിയത്.

''റഫയില്‍ കരയുദ്ധത്തിന് തയാറെടുക്കുന്നതായ റിപ്പോർട്ടില്‍ എനിക്ക് ആശങ്കയുണ്ട്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്ത് ആക്രമണം നടത്തിയാല്‍ മരണവും നാശനഷ്ടങ്ങളും കൂടുതലായിരിക്കും. ആ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് മനുഷ്യത്വത്തിന്റെ പേരില്‍ ഇസ്രായേലിനോട് അപേക്ഷിക്കുകയാണ്. 12 ലക്ഷത്തോളം മനുഷ്യർക്ക് പോകാനായി സുരക്ഷിതമായ ഒരിടവുമില്ല. പൂർണതോതില്‍ സുരക്ഷിതമായി പ്രവർത്തിക്കുന്ന ഒരു ആരോഗ്യസംവിധാനവും ഗസ്സയില്‍ എവിടെയുമില്ല. ജനങ്ങള്‍ ദുർബലരും രോഗികളും പട്ടിണി അനുഭവിക്കുന്നവരുമാണ്. ഈ മാനുഷിക ദുരന്തം വ്യാപിക്കാൻ അനുവദിക്കരുത്'' -ഡോ. തെദ്രോസ് അദാനോം എക്സില്‍ കുറിച്ചു.

റഫയില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന അഭ്യർഥനകളെ അവഗണിച്ച്‌ കൂട്ടക്കുരുതിയുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. അമേരിക്ക ഉള്‍പ്പെടെ സുഹൃദ് രാജ്യങ്ങളുടെ സമ്മർദത്തെയും ഇസ്രായേല്‍ മാനിക്കുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter