റാഹിമ ഹാദിയ വിഷയത്തിലെ ഇരട്ട നീതി ചോദ്യം ചെയ്ത് മുനവ്വറലി തങ്ങള്‍

 


റാഹിമക്കും ഹാദിയക്കും ഇരട്ട നീതി എന്തടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കണമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മതം മാറി കല്യാണം കഴിച്ച വൈക്കം സ്വദേശിയായ അഖില എന്ന ഹാദിയയുടെ കല്യാണം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. മാതാപിതാക്കളുടെ അനുമതിയും സാന്നിധ്യവുമില്ലാതെ നടന്ന കല്യാണം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഈ കേസില്‍ കോടതി പറഞ്ഞത്. എന്നാല്‍ തലശേരി സ്വദേശിനിയായ റാഹിമ ഇതരമതസ്ഥനായ ഭര്‍ത്താവിനൊപ്പം പോകാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിക്കുകയും ചെയ്തു. ഈ വൈരുദ്ധ്യം ചോദ്യം ചെയ്താണ് മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രമുഖ മുസ്ലീം സംഘടനയുടെ നേതാവില്‍ നിന്നുള്ള ആദ്യ പ്രതികരണമാണ് മുനവ്വറി തങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത്.

വൈക്കം സ്വദേശിയായ അഖില എന്ന ഹാദിയയുടെ കേസ് കേരളത്തില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയിരുന്നത്. മെഡിസിനു പഠിക്കുന്ന മകളെ മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് കോടതിയെ സമീപിച്ചു. കേസു നടക്കുന്നതിനിടെ കോട്ടക്കല്‍ സ്വദേശിയായ ഷഫീന്‍ ജഹാനുമായി ഹാദിയയുടെ കല്യാണം കഴിഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്ന കല്യാണം കേരള ഹൈക്കോടതി അസാധുവാക്കി. ഹാദിയയെ ഇപ്പോള്‍ പൊലീസ് സംരക്ഷണത്തില്‍ മാതാപിതാക്കളുടെ കൂടെ താമസിപ്പിച്ചിരിക്കുകയാണ്. ഹാദിയയുടെ ഭര്‍ത്താവ് കേരള ഹൈക്കോടതി വിധിക്കെതിരേ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് മുസ്ലീം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ച് വലിയ വിവാദമുണ്ടാക്കി. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ഏകോപന സമിതിയില്‍ മുസ്ലീം ലീഗ്, കാന്തപുരം സുന്നി വിഭാഗം തുടങ്ങിയ പ്രമുഖ സംഘടനകള്‍ ഇല്ലായിരുന്നു. മറ്റു മുസ്ലീം സംഘടനകളൊന്നും ഹാദിയ പ്രശ്‌നത്തില്‍ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല. കോടതി വിധിയെ പരസ്യമായി എതിര്‍ക്കാതെ തന്ത്രപരമായ നിലപാടാണ് ഇതുവരെ മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം റാഹിമ എന്ന യുവതിയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനോടൊപ്പം പോകാന്‍ തലശേരി കോടതി അനുമതി നല്‍കി. ഹാദിയയുടെ എതിര്‍പ്പ് മറികടന്ന് ഭര്‍ത്താവിനൊപ്പം പോകാന്‍ സമ്മതിക്കാത്ത അതേ നിയമം തന്നെ റാഹിമയുടെ കാര്യത്തില്‍ മറിച്ചു തീരുമാനമെടുത്തതിനെ ചോദ്യം ചെയ്തു സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ മുനവ്വറലി തങ്ങള്‍ കോടതി വിധിയെ വൈരുധ്യം ചൂണ്ടിക്കാണിച്ച് ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് പുതിയ രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter