വസത്വിയ്യ: ആധുനികതയിൽ ഇസ്‍ലാമിനെ അടയാളപ്പെടുത്തുന്ന വിധം
മധ്യം എന്നര്‍ത്ഥം വരുന്ന 'വസ്ത്വ്' എന്ന പദധാതുവിൽ നിന്നുമാണ് അറബി പദമായ വസത്വിയ്യ എന്ന വാക്കിന്‍റെ ഉത്ഭവം. മധ്യവര്‍ത്വിത്തം എന്ന് അതിനെ മലയാളീകരിക്കാം. ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തി നടന്നു വരുന്ന ബൗദ്ധിക ചിന്താവ്യവഹാരത്തിൽ നിന്നാണ് ഇതു പോലെയുള്ള പുതിയ സാങ്കേതിക പദങ്ങള്‍ മുസ്‍ലിം ചിന്താധാരകക്കകത്തേക്ക് കടന്നു വരുന്നത്. ഖിവാമ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. 2004, 2006 വര്‍ഷങ്ങളിൽ ജോര്‍ദാനിൽ നടന്ന കോണ്‍ഫറന്‍സുകളുടെ അനന്തരഫലമായി സ്ഥാപിതമായ The Moderation Assembly for Thought and Culture, 2005ൽ മലേഷ്യയിൽ സ്ഥാപിതമായ വസ്വതിയ്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2008ൽ കുവൈത്തിൽ നിലവിൽ വന്ന അൽഖറദാവി സെന്‍റര്‍ ഫോര്‍ ഇസ്‍ലാമിക് മോഡറേഷന്‍ ആന്‍ഡ് റിന്യൂവൽ തുടങ്ങിയവയും, മറ്റനേകം കോണ്‍ഫറന്‍സുകളും, ഖത്തര്‍ പോലെയുള്ള രാജ്യങ്ങളിലെ സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്മെന്‍റുകളും വസത്വിയ്യ എന്നതിനെ കുറിച്ച് മാത്രം ഗവേഷണം ചെയ്യാന്‍ ഒരുക്കപ്പെട്ടതാണ്.
വസത്വിയ്യ: അര്‍ത്ഥം, ഉത്ഭവം
2001ലെ 9/11, ഇന്തോന്യേഷയിൽ ജമാഅത്തെ ഇസ്‍ലാമി അംഗങ്ങളുടെ അറസ്റ്റ് തുടങ്ങിയ സംഭവങ്ങളെ മുസ്‍ലിംകളും ഇതരരും എങ്ങനെ നിരീക്ഷിച്ചു എന്നതിൽ നിന്നാണ് സൂറത്തുൽ ബഖറ 143-ാം സൂക്തത്തിലെ وكذلك جعلناكم أمة وسطا എന്ന ഭാഗം കേന്ദ്രീകരിച്ച് വസത്വിയ്യ ചര്‍ച്ചകള്‍ മുസ്‍ലിം ബൗദ്ധിക ചിന്താലോകത്ത് ചൂട് പിടിക്കുന്നത്. മതത്തിന്‍റെ തീക്ഷ്ണമായ ടെററിസം, റാഡിക്കലിസം എന്നതിന്റെ മധ്യഭാഗമാണ് വസത്വിയ്യ. അഥവാ മതത്തെ റാഡിക്കലായും ടെററായും ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കി സഹിഷ്ണുതാപരമായ മതകീയ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനെ വസത്വിയ്യ എന്ന് ചുരുക്കി പറയാം. 9/11 ലെ സംഭവവും, ജമാഅത്തെ ഇസ്‍ലാമി, സലഫി, വഹാബി മൂവ്മെന്‍റുകള്‍ എന്നിവയും ഈ രണ്ടു ഭാഗങ്ങളിലേക്കാണ് മതത്തെ കൊണ്ടത്തിക്കുന്നത്. ഭീകരാക്രമണങ്ങളും, ഐസിസ്, അല്‍ഖാഇദ, നൈജീരിയയിലെ ബോകോ ഹറം തുടങ്ങിയവയും മത തീവ്രതയെ അക്രമമായിട്ടും രാഷ്ട്രീയമായിട്ടും അവതരിപ്പിക്കുന്നതിനെ ടെററിസമായും, സലഫി പ്രസ്ഥാനങ്ങളെയും, വഹാബിസത്തെയും റാഡിക്കൽ ഇസ്‍ലാമായും ലളിതമായി വേര്‍തിരിക്കാം.
സാമൂഹിക നൈതികതെയെക്കുറിച്ചു മാത്രം അന്വേഷിക്കുന്നിടത്താണ് വസത്വിയക്ക് ഇങ്ങനെ അര്‍ത്ഥം കല്‍പിക്കപ്പെടുന്നത്. വിശാലാര്‍ത്ഥത്തിൽ രാഷ്ട്രമീംമാസയെ മാത്രമായോ, സമ്പദ് ഘടനെയോ, ലിംഗനീതിയെയോ ഓരോന്നായോ പരിഗണിക്കുമ്പോള്‍ വസത്വിയ്യയുടെ പരികല്‍പനയും വൈവിധ്യപ്പെടും. അഥവാ സമൂഹത്തിലെ വൈയക്തിക, ഗാര്‍ഹിക, കൗടുംബിക, സാമൂഹിക, രാഷ്ട്രീയ തുലനാവസ്ഥക്ക് മതം എങ്ങനെ സഹായകമാകുന്നു എന്നതാണ് വസത്വിയ്യ എന്നര്‍ത്ഥം. പരിപാവനാമായ തിരു നബി(സ്വ)യുടെ വിശുദ്ധ ജീവിതവും, മഹതി ആഇശ (റ) സമര്‍ത്ഥിക്കുന്നതു പോലെ അതിന്റെ അടിസ്ഥാനമായ ഖുര്‍ആനും, സമൂഹത്തെ ശരിയായ തുലനാവസ്ഥയിൽ കൊണ്ടു പോകുവാനാണ് ശ്രമിക്കുന്നത്.
ഉദ്ധൃത സൂക്തത്തിലെ വസത്വ് എന്ന പദത്തിന് തഫ്സീറുൽ കബീറിൽ നാല് അര്‍ത്ഥങ്ങള്‍ ഇമാം റാസി നല്‍കുന്നതായി കാണാം. ഓരോന്നിനും അതിന്‍റേതായ ഭാഷാ തെളിവുകളേയും ഇമാം കൊണ്ടുവരുന്നുണ്ട്. നീതി, നല്ലത്, ശ്രേഷ്ഠതയുള്ളത്, വീഴ്ചയുടേയും തീക്ഷ്ണതയുടേയും മധ്യം എന്നിവയാണാ നാല് അര്‍ത്ഥങ്ങള്‍. ഇമാം ത്വബരിയും ഇമാം നസഫിയും ഇതിലെ നാലാമത്തെ അര്‍ത്ഥത്തെ അവരുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചതായി കാണുവാന്‍ സാധിക്കും. ഇമാം ഇബ്നുകസീറും, ഖുര്‍ത്വുബിയും, സമഖ്ശരിയും ഒന്ന്, രണ്ട് അര്‍ത്ഥങ്ങളെ അവരുടെ തഫ്സീറുകളിലും ഉപയോഗിച്ചിട്ടുണ്ട്. പൂര്‍വ്വകാല മുസ്‍ലിം പണ്ഡിത സമൂഹത്തിന്‍റെ വിശദീകരണങ്ങളിൽ നിന്നും മോശം, ഉല്‍കൃഷ്ടം എന്നതിന്‍റെ മധ്യത്തിലായി നില്‍ക്കുന്ന ജീവിതത്തെ അല്ലെങ്കിൽ സമൂഹത്തെ വസത്വിയ്യത് എന്ന് വിളിക്കാമെന്ന് മനസ്സിലാക്കാം. ഇത് പപ്പാതി അനുപാതത്തിലാവുക എന്നതിനെയല്ല സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ധനാര്‍ജ്ജന മാര്‍ഗ്ഗങ്ങളെ ഇസ്‍ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ പരിധിലംഘനം നടത്തി ഖാറൂനിനെപ്പോലെയാകുന്നത് ശാസിക്കുകയും വിലക്കുകയും ചെയ്യുന്നു. ധനദാനത്തെ അബ്ദുറഹ്മാനു ബ്നു ഔഫ്(റ) ചെയ്തതു പോലെ പ്രത്സാഹിപ്പിക്കുകയും എന്നാൽ അത് ഇസ്റാഫ്, തബ്ദീര്‍ (അമിത വ്യയം) ആവുന്നതിൽ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. വസത്വിയ്യതക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയ വിശദീകരണമാണിത്.
വസത്വിയ്യ ആവശ്യവും വിഷയവും
മുസ്‍ലിം സമൂഹം ഇസ്‍ലാമിനെ അല്ലെങ്കിൽ മുഹമ്മദ് നബി(സ്വ)യുടെ പ്രവാചക സന്ദേശത്തെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? സമൂഹത്തിലെ പൊതുബോധം ഇസ്‍ലാമിനെ മുസ്‍ലിംകള്‍ക്ക് മാത്രം ഒരു തരം അവകാശ ബോധത്തോടെ കാണുന്നു. ഖുര്‍ആനോ, നബി പാരമ്പര്യമോ ഇതിനെ പിന്തുണക്കുന്നില്ല എന്നു മാത്രമല്ല മതത്തിന്‍റെ മാനവിക ദര്‍ശനങ്ങളെ സര്‍വ്വ അചേതന സചേതന വസ്തുക്കള്‍ക്കും തുല്യപ്പെടുത്തി നല്‍കുകയും ചെയ്യുന്നതാണ്. ലോകര്‍ക്ക് മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല എന്ന ഖുര്‍ആനിക സൂക്തത്തിലൂടെ പ്രവാചക ദൗത്യം സൃഷ്ടാവല്ലാത്ത സമസ്തത്തിലേക്കായിരുന്നു എന്ന് വ്യക്തമാകുന്നു. നിയോഗ സമയത്ത് ഉണ്മയില്ലാത്ത ഇനി പ്രപഞ്ചാവസാനം വരെ ഉണ്ടാകുവാനിരിക്കുന്നതും, അതിനു മുമ്പ് ആദി പിതാവിന്‍റെയും അതിനും മുമ്പ് പ്രപഞ്ച ഭാഗമായതും എല്ലാം ഈ അര്‍ത്ഥ പരിധിയിൽ പെട്ടതാണെന്നറിയുമ്പോഴാണ് ഇസ്‍ലാമിക സന്ദേശത്തിന്റെ അഭിസംബോധിത സമൂഹത്തിന്‍റെ ആഴവും പരപ്പും ബോധ്യപ്പെടുന്നത്.
പിന്നീടെന്താണ് ഈ അപര ചിന്ത കടുത്ത സ്വപക്ഷപാതിത്വത്തോടെ മുസ്‍ലിമിന്‍റെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയത്. അതിനെ ചരിത്രപരമായി സമീപിക്കാന്‍ ശ്രമിച്ച മുസ്‍ലിം ചിന്തകരുണ്ട്. തീര്‍ച്ചയായും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് മതത്തെ മാനവികമായി കാണാതിരുന്നിട്ടില്ല. സാമ്രാജ്യത്വ സ്വഭാവം ഇസ്‍ലാമിക രാഷ്ട്രീയത്തിനകത്ത് വലകെട്ടുന്നതോടെ വിശിഷ്യാ അറബിതര ശക്തികള്‍ പൊതു മുസ്‍ലിം വ്യക്തി ബോധമായി ഉയര്‍ന്നു വരുന്നതോടെ മതത്തെയും അതേ സ്ഫടികക്കൂടിലൂടെ ദര്‍ശിക്കുന്നതിലേക്ക് പരിമിതപ്പെട്ടു വന്നു. അഥവാ ഓട്ടോമന്‍ തുര്‍ക്കികളുടെ ഉയര്‍ത്തെഴുനേല്‍പ്പോടെ പിന്നീടു വന്ന ആറു നൂറ്റാണ്ട് കൊണ്ട് മുസ്‍ലിം ബോധം പാടെ ഉടച്ചു വാര്‍ക്കപ്പെട്ടു. പ്രോബ്ലം ഓഫ് ക്ലാസിക്കൽ ഇസ്‍ലാം ഓര്‍ത്തോഡോക്സി എന്നാണ് ഇതിനെ ഗുസ് യഹ്‍യ (Gus Yahya) എന്ന മലേഷ്യന്‍ മുസ്‍ലിം രാഷ്ട്രീയ ചിന്തകന്‍ വിളിക്കുന്നത്. അദ്ദേഹം ക്ലാസിക്കൽ ഓര്‍ത്തഡോക്സി പ്രശ്നവല്‍കരിക്കപ്പെടേണ്ടത് എങ്ങനെ എന്നും വിശദീകരിക്കുന്നു.
വസ്തുത (Reality) വ്യത്യസ്തപ്പെടുന്നു എന്നതാണ് പ്രശ്നത്തിന്റെ കാതല്‍. ഇസ്‍ലാമിക ക്ലാസിക് സമയത്തുള്ള വസ്തുതയിൽ നിന്നും ആസന്നാധുനിക ജനതയുടെ വസ്തുതക്ക് വലിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ആധുനിക നാഷന്‍ സ്റ്റേറ്റ്, ഖുര്‍ആന്‍ പഠനങ്ങളിൽ എങ്ങനെ ആന്ദോളനം സൃഷ്ടിച്ചു എന്നന്വേഷിക്കുന്ന ജോഹന്ന പിങ്ക് ((Johanna Pink) ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. രാജഭരണങ്ങളിലോ ഓട്ടോമന്‍ തുര്‍ക്കി പോലെയോ മറ്റോ ഉള്ള ഖിലാഫത്ത് സമ്പ്രദായങ്ങളിലോ പ്രായോഗികമായിരുന്ന പല വസ്തുതകളും രീതികളും ഇന്നത്തെ നാഷന്‍ സ്റ്റേറ്റ്സ് രീതി പിന്തുടരുന്ന ആധുനികതയിൽ അത്ര ദഹിക്കണമെന്നില്ലെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. നിയമത്തിനും, നിയമ നിര്‍മ്മാണത്തിനും ശരീഅത്ത് എന്ന ഏക അധികാര കേന്ദ്രം മാത്രം അവലംബിച്ചിരുന്ന പഴയ കാലത്തില് നിന്ന് വ്യത്യസ്തമായി, ഇന്ന് മിഡിൽ ഈസ്റ്റിലെ മുസ്‍ലിം അറബ് രാഷ്ട്രങ്ങളിൽ പോലും നിയമനിര്‍മ്മാണത്തിനധികാരം ശരീഅത്ത് കൂടാതെ രാജകുടുംബത്തിന് കൂടി നല്കുന്ന രീതിയും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതര രാജ്യങ്ങളിൽ അത് പാര്‍ലമെന്‍റ് അസംബ്ലികളാണ്, ഭരണഘടനയാണ്. കൂടാതെ ചൈനയിൽ ഇജ്തിഹാദ് സംബന്ധമായി ഭരണകൂടത്തിന്‍റെ മാനദണ്ഡങ്ങളുള്ള പണ്ഡിതന്‍ മുജ്തഹിദാകുന്നതും ആണ് ഇന്നത്തെ വസ്തുത എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ വസ്തുതകളോടും അവയിലെ വ്യതിയാനങ്ങളോടുമുള്ള മുസ്‍ലിംകളുടെ പ്രതികരണം രണ്ടു രൂപത്തിൽ വന്നതായി IIIM എന്‍.ആര്‍. അയ്നീ (N.R. Ainie) വിശദീകരിക്കുന്നു. ഒന്ന് തീവ്രമായി മതത്തിലെ ഓര്‍ത്തഡോക്സിയെ കൈകൊള്ളുന്ന വിഭാഗം. ഇവരാണ് പിന്നീട് ടെററിസത്തെ ഗര്‍ഭം പേറിയ റാഡിക്കലുകളായി ഇസ്‍ലാമിക ലേബലിൽ പുറത്തു വന്നു തുടങ്ങിയത്. മറ്റൊന്ന് റിലീജിയസ് ലിബറലിസം. അഥവാ പെരന്നിയൽ ഫിലോസഫിയുടെ ഭാഗമായി വന്ന നമ്മുടെ കൊച്ചു കേരളത്തിൽ വരെ സ്വാധീനിച്ചു തുടങ്ങിയ നാമമാത്ര ഇസ്‍ലാം. ഖുര്‍ആന്‍ ഉള്‍സാര വ്യാഖ്യാനം എന്ന ഗ്രന്ഥം ഇതടിസ്ഥാനപ്പെടുത്തി കേരളത്തിൽ പ്രകാശിതമായ വിനാശകാരിയായ ഗ്രന്ഥമാണ്. ഇവ രണ്ടിനുമിടയിൽ നിലവിലെ വസ്തുതകളെ മനസ്സിലാക്കി കൃത്യമായി മുസ്‍ലിം വ്യക്തി ജീവിതവും, സാമൂഹിക ഉത്ബുദ്ധതയും ക്രമപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്ന ഭാഗമായാണ് മുസ്‍ലിം പണ്ഡിതര്‍ വസത്വിയ്യതിനെ അവതരിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഫിഖ്ഹുൽ അഖല്ലിയ്യാത്തിനെ (Minority jurispredence) കുറിച്ചുള്ള പഠനങ്ങള്‍ വളര്‍ന്നു വന്നത്.
മാപ്പ് കൈകൊള്ളുക, ഉര്‍ഫ് കൊണ്ട് കല്പിക്കുക, അറിവില്ലാത്തവരെ അവഗണിക്കുക എന്ന് പറയുന്ന, സൂറതുല്‍അഅ്റാഫിലെ 199-ാം സൂക്തത്തിലെ മൂന്ന് നിര്‍ദ്ദേശങ്ങളും വസത്വിയ്യയാണെന്ന് ഇമാം ശാത്വിബി (മ. ക്രി. 1388) നിരീക്ഷിച്ചിട്ടുണ്ട്. ഈ ഉര്‍ഫിനെ മുഫ്തിയും, മുജ്തഹിദും പരിഗണിക്കണമെന്നും സൂറതുൽ ഫാതിഹയിലെ അസ്സിറാത്വുൽ മുസ്തഖീം അതാണ് എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. സ്വാഭാവികമായും ഉര്‍ഫ് പരിഗണിക്കുന്നിടത്ത് നിലവിൽ അംഗീകൃതമായ കര്‍മ്മശാസ്ത്ര നിരീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാം. ഉദാഹരണത്തിന് ആഢംബരം കര്‍മ്മശാസ്ത്രം അനുവദിക്കുന്നില്ല. വിശിഷ്യാ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍. എന്നാൽ അമവീ ഭരണാധികാരി വലീദു ബ്നു മര്‍വാന്‍ ഉമവീ പള്ളി ആഢംബര പൂര്‍വ്വമാണ് നിര്‍മ്മിച്ചത്. പിന്നീടു വന്ന രണ്ടാം ഉമര്‍ എന്നറിയപ്പെട്ട ഉമറു ബ്നു അബ്ദിൽ അസീസ് അത് പൊളിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും പിന്നീട് റോമക്കാരുടെ പരിഹാസം ഒഴിവാക്കാനും കലാ, സാഹിത്യ മേഖലകളിൽ മുസ്‍ലിംകളുടെ ഔന്നത്യം ഉയര്‍ത്തിക്കാണിക്കുവാനും പിന്നീട് ആ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞു. ഇമാം ഖാളീ ഹുസൈന്‍ കര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാനമായി ആദത്തിനെ (നാട്ടുനടപ്പ്) എണ്ണിയതും ഇതിന്‍റെ മറ്റൊരു വശമാണ്.
ഇസ്‍ലാമിക് വസത്വിയ്യ ചില അടിസ്ഥാനങ്ങള്‍
ഖുര്‍ആനും തിരു സുന്നത്തും അടിസ്ഥാനപ്പെടുത്തി വസത്വിയ്യയുടെ നിരവധി മാനങ്ങളെ പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. നീതി (Justice) യുടെ ഭാഗമായി ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളുണ്ട്. ഇതു കൂടാതെ തയ്സീര്‍, റഫ്ഉൽ ഹറജ്, സമാഹ, സമ്പത്തുമായി ബന്ധപ്പെട്ട ഇസ്റാഫ്, തബ്ദീര്‍, ജിഹാദിലെ മധ്യനയം, വ്യക്തി ജീവിതം, സ്വഭാവം എന്നിവയിലെ വസത്വിയ്യ, സ്ത്രീ സംബന്ധമായ കാഴ്ചപ്പാടുകളിലെ മൃദുത്വം തുടങ്ങി വസത്വിയ്യയുടെ ചര്‍ച്ചകള്‍ വിശാലമാണ്.
നീതി ഒരു ജീവിത വ്യവസ്ഥയായി പഠിപ്പിക്കുകയാണ് ഇസ്‍ലാം. കോടതി വ്യവഹാരങ്ങളിലെ ഒരു സാങ്കേതിക പദം എന്നതിനപ്പുറം ജീവിതത്തിലുടനീളം നീതി വേണമെന്ന് ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു (ഖു. 5:8). സ്വജനപക്ഷപാതിത്വം അതിശക്തമായി പ്രവാചകന് മുമ്പുള്ള അറബി സമൂഹത്തിലുണ്ടായിരുന്നതു പോലെ അത് ആവര്‍ത്തിക്കപ്പെടാതിരിക്കലായിരുന്നു ഖുര്‍ആനിന്‍റെ ലക്ഷ്യം എന്ന് ഇമാം ഗസ്സാലി ഈ സൂക്തത്തെ അപഗ്രഥിക്കുന്നുണ്ട്. ഭൂമിയിലുള്ള സകലതിലും അല്ലാഹു തുലനാവസ്ഥയെ സൃഷ്ടിച്ചു എന്നും സൂറത്തുൽ ഹിജ്റിൽ വ്യക്തമാക്കുന്നു. സൂറത്തുൽ അന്‍ആമിൽ അളവിലും തൂക്കത്തിലും നീതി പ്രവര്‍ത്തിക്കണമെന്ന് താക്കീത് പോലെ പറയുന്നു. സാമ്പത്തിക ഇടപാടുകളിലെ സന്തുതിലാവസ്ഥയിലേക്കാണ് പ്രസ്തുത സൂക്തം വിരൽ ചൂണ്ടുന്നത്. ഹദ്ദുകളേയും, ഖിസ്വാസുകളേയും അല്ലാഹു നിശ്ചയിച്ചു. വിട്ടുവീഴ്ചയും, പൊറുക്കലുമാണ് അതിലേറെ ഉത്തമം എന്നും പഠിപ്പിച്ചു. ഊഹാപോഹങ്ങളോ, തെറ്റിദ്ധാരണയോ കാരണം ആരും ശിക്ഷിക്കപ്പെടരുതെന്ന് കര്‍ശന ശാഠ്യം പിടിച്ചു.
നബി (സ്വ) പറയുന്നു, إن خير دينكم أيسره ദീനിൽ ഉത്തമം അതിൽ വൈഷമ്യമില്ലാത്തതും ലളിതവുമാണ്. ദീനീ കാര്യങ്ങളിൽ തീവ്രത പാടില്ലെന്നും മുമ്പുള്ള സമൂഹങ്ങളുടെ തകര്‍ച്ചയുടെ ഹേതുകം അതായിരുന്നു എന്നും മറ്റൊരു ഹദീസും പഠിപ്പിക്കുന്നു. മനുഷ്യന് അവന്‍റെ സ്വശരീരത്തോടും, കുടുംബത്തോടും, പങ്കാളിയോടും, സമൂഹത്തോടും നിറവേറ്റേണ്ട ധര്‍മ്മങ്ങളുണ്ട്. അത്തരം ധര്‍മ്മങ്ങളെ പൂര്‍ത്തീകരിക്കൽ അത്യാവശ്യമാണ്. ദൈവീകമായ ഇടപെടലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നും വിശ്വാസം വിശ്വാസിയുടെ കര്‍മ്മങ്ങളെയെല്ലാം ദൈവീകമാക്കുന്നു എന്നും കാണാം. സ്രഷ്ടാവിന്‍റെ നിരീക്ഷണം ഹൃദയത്തിലേക്കാണ് എന്ന അരുളിന്‍റെ താല്‍പര്യവും അതായിരിക്കണം. യാത്രകളിൽ നിസ്കാരങ്ങളുടെ ദൈര്‍ഘ്യം കുറച്ചും, വ്രതത്തിനു ഇളവു നല്‍കിയും അല്ലാഹു മനുഷ്യനെ പഠിപ്പിക്കുന്നതും അക്കാര്യം തന്നെയാണ്.
മനുഷ്യനെ അല്ലാഹു ഭൂമിയുടെ പരിപാലനത്തിന്‍റെ ഉത്തരവാദിയാക്കി. പരിസ്ഥിതി സംരക്ഷണം അവന്‍റെ ഉത്തരവാദിത്വമാക്കി. ആദി പിതാവ് ആദം(അ)നെയും, സന്തതികളേയും അവന്‍റെ പകരക്കാരന്‍ -ഖലീഫ- ആക്കുന്നതിലൂടെ ഭൂമിയിലുള്ള എന്നു വേണ്ട പ്രപഞ്ചത്തിന്‍റെ തന്നെ സംരക്ഷണോത്തരവാദിത്വവും അതിനുള്ള അധികരാവും അവന് ഏല്‍പിച്ചു നല്‍കുകയായിരുന്നു. അഖ്ൽ എന്ന സവിശേഷത അവന് നല്‍കിയതു തന്നെ ഈ ഉത്തരവാദിത്വവും അധികാരവും അവനു നല്‍കാന്‍ വേണ്ടിയായിരുന്നു എന്ന് സഈദ് റമളാന്‍ ബൂത്വിയെപ്പോലെയുള്ള പണ്ഡിതര്‍ നിരീക്ഷിക്കുന്നുണ്ട്.
സൂറത്തു ഹൂദിലെ واستعمركم فيها എന്നതിലൂടെ ഭൂമിയുടെ പരിപാലനത്തിന്‍റെ ഉത്തരവാദിത്വം മനുഷ്യരെ ഏല്‍പിച്ചു എന്ന് സ്വാലിഹ് നബി (അ) തന്‍റെ സമുദായത്തോട് പറയുന്നതായി കാണാം. ഈ അമാനത്താണ് മനുഷ്യന്‍ ഏറ്റെടുത്തതായി ഖുര്‍ആന്‍ പ്രഖ്യാപനം നടത്തുന്നത്. ഇതിനു പുറമെ ശുചിത്വത്തിന്‍റേയും, ഭംഗിയുടേയും അല്ലാഹുവിന്‍റെ ഭംഗിയെ സംബന്ധിക്കുന്നതുമായ നിരവധി സൂക്തങ്ങളും ഹദീസുകളും വന്നതായി കാണുവാന്‍ സാധിക്കും. അല്ലാഹു ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു എന്നത് അതിലെ പ്രസിദ്ധിയുള്ള തിരുമൊഴികളിൽ ഒന്നാണ്.
സ്ത്രീയുമായി ബന്ധമുള്ള മുഴുവന്‍ വിഷയങ്ങളിലും ഏറ്റവും ഉദാത്തമായ നയങ്ങളാണ് ഇസ്‍ലാം മുന്നോട്ട് വെക്കുന്നത്. പ്രവാചകരുടെ മുമ്പുള്ള കാലത്തെ നാഗരിതകളിൽ സത്രീക്ക് രണ്ടു രീതിയലുള്ള പരിഗണനകള്‍ കല്‍പിച്ചു നല്‍കിയിരുന്നു. ഒന്ന്, പുരുഷന്‍റെ ഭോഗസുഖത്തിന് ഉപയോഗിക്കാവുന്ന ജീവനുള്ള മാംസക്കഷ്ണമായിട്ടും അനന്തരമായി നല്‍കപ്പെടുന്ന പുരുഷ സ്വത്തും ആയിരുന്നു സത്രീ. രണ്ട്, സ്ത്രീയിൽ പുരുഷനിലില്ലാത്ത വിശേഷതകള്‍ കാണുകയും അവളെ ദേവിയായും, ദൈവത്തിന്‍റെ പത്നിയായും കണ്ട് പൂജിക്കുകയും ചെയ്ത മറ്റൊരു വിഭാഗം ജനതയും. ഇസ്‍ലാം ഇതിനെ രണ്ടും കര്‍ശനമായി നിരോധിക്കുകയും സ്ത്രീയെ നാരിയായും മനുഷ്യനെ സമപ്പെടുത്താന്‍ കഴിയുന്ന ദൈവഭക്തിയുടെ ത്രാസിന്‍റെ തട്ടിൽ വെച്ച് പുരുഷനു സമം തന്നെ മഹിളയും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമൂഹത്തിന്‍റെ നിലനില്‍പ്പിനാവശ്യമായ കുടുംബ വ്യവസ്ഥിതിയിൽ പ്രമാദ സ്ഥാനം നല്‍കുകയും അവളെ പരിരക്ഷിക്കണമെന്ന് പുരുഷനോട് കല്‍പിക്കുകയും ചെയ്തു. സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും അവള്‍ക്കു തീര്‍പ്പാക്കിക്കൊടുത്തു. സ്ത്രീയെ ഇതിലേറെ നീതിയോടെ പരിചരണം നടത്തിയ മറ്റേതെങ്കിലും പ്രസ്ഥാനം ഭൂമുഖത്തുണ്ടായിട്ടുണ്ടോ?!
യുദ്ധ സംബന്ധിയായും ഏറ്റവും അനുപമ മാതൃക പുലര്‍ത്തുന്ന തീരുമാനങ്ങളാണ് ഇസ്‍ലാമിന്റേത്. എഴുപത് തവണ ക്ഷമ കൈകൊള്ളാന്‍ ആവശ്യപ്പെടുകയും പിന്നീട് യുദ്ധത്തിനു സമ്മതം നല്‍കുകയുമാണ് അത് ചെയ്തത്. യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്നത് വന്‍പാപങ്ങളിലുള്‍പെടുത്തി. ശത്രു പക്ഷത്തിലുള്ളവരെ ചിത്രവധം ചെയ്യരുതെന്ന് കല്‍പിച്ചു. യുദ്ധഭൂമിയിലേക്ക് വരുന്ന യോദ്ധാവിനോടാണ് യുദ്ധം, മറ്റുള്ള പരിചാരകരോടോ, പൗരന്മാരോടോ, നിരായുധരോടോ അല്ല എന്നും പഠിപ്പിച്ചു. പരിസ്ഥിതി നാശവും കൃഷി നഷ്ടവും ഉണ്ടാക്കരുത് എന്ന് നിര്‍ദേശിച്ചു. ബന്ദികളെ പിടികൂടന്നതിനും മോചപ്പിക്കുന്നതിനും ഒരു വ്യവസ്ഥിതി കൊണ്ടു വന്നു. ഇങ്ങനെ ഏറ്റവും അനുഗുണ മാര്‍ഗത്തിലുള്ള യുദ്ധനയങ്ങളെ ഇസ്‍ലാം മുന്നോട്ട് വെച്ചു.
ഇസ്‍ലാമിന്റെ വസത്വിയ്യയുടെ മുഖങ്ങളെ പരിചയപ്പെടുത്തുന്ന ചുരുങ്ങിയ ഭാഗം മാത്രമാണിത്. ഇത്തരത്തില്‍ എല്ലാ മേഖലയിലും വ്യാപിച്ചുകിടിക്കുന്ന അനവധി വശങ്ങളുണ്ട്. വ്യക്തിബന്ധം, ശബ്ദമലിനീകരണം തുടങ്ങി നിരവധി വിഷയങ്ങളിലെ ഇസ്‍ലാമിക കാഴ്ചപ്പാട് വളരെ പ്രസക്തമാണ്. മനുഷ്യന്റെ സുസ്ഥിരമായ നിലനില്‍പിന് സാമൂഹിക സ്ഥാപനങ്ങള്‍ എങ്ങനെ നിര്‍മ്മിക്കപ്പെടണമെന്നും, അവന്റെ പരിസരത്തെ എങ്ങനെ പരുവപ്പെടുത്തിയെടുക്കണമെന്നും കാലോചിതമായി പുതിയ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ട് മുസ്‍ലിമിനെ അത്യുല്‍കൃഷ്ടനായും ഏറ്റവും നല്ല സാമൂഹ്യ പൗരനായും ജീവിക്കാന്‍ അനുവദിക്കുന്ന ഇസ്‍ലാമിക മുഖമാണ് വസത്വിയ്യ എന്ന് ചുരുക്കം.
സമകാലിക മുസ്‍ലിം സമൂഹം, ഇനിയും ആ വസതിയ്യതിലേക്ക് ഏറെ സഞ്ചരിക്കാനുണ്ട്. അത് കേരളത്തിലും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അങ്ങനെത്തന്നെ. ഇതര സമയുദായക്കാരോടും സ്വസമുദായത്തിലുള്ളവരോടും സ്വന്തം സംഘടനകളിലുള്ളവരോട് പോലും അത് ഇനിയും പ്രകടമാവേണ്ടിയിരിക്കുന്നു.
Leave A Comment