അടിസ്ഥാന വിശ്വാസങ്ങള്‍ (ഈമാന്‍ കാര്യങ്ങള്‍)

1) അല്ലാഹുവില്‍ വിശ്വസിക്കുക 2) അവന്റെ മാലാഖമാരില്‍ വിശ്വസിക്കുക 3) അവന്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക 4) അവന്‍ അയച്ച പ്രവാചകന്മാരില്‍ വിശ്വസിക്കുക 5) അന്ത്യനാളില്‍ വിശ്വസിക്കുക 6) ദൈവീക വിധിയില്‍ വിശ്വസിക്കുക അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹു ഏകനാണ്‌, അവന്‍ നമ്മുടെയും സര്‍വ ചരാചരങ്ങളുടെയും സ്രഷ്‌ടാവും രക്ഷിതാവുമാണ്‌. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും അവന്റെ കൈകളിലാണ്‌. അവനല്ലാത്ത മുഴുവനും അവന്റെ സൃഷ്‌ടികളാണ്‌, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്‌. അല്ലാഹുവിന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌ ദേവന്‍മാരും മാലാഖമാരും സൂര്യനും മറ്റു പ്രപഞ്ച ശക്തികളും, അവന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌ മോശയും യേശുവും മുഹമ്മദ്‌ നബിയും, അവര്‍ക്ക്‌ യാതൊരു വിധത്തിലുളള ദിവ്യത്വവുമില്ല. അവന്‍ ജനിക്കുകയോ ആരെയും ജനിപ്പിക്കുകയോ ചെയ്‌തിട്ടില്ല. അവന്‌ അവതാരങ്ങളില്ല, അവന്‍ മനുഷ്യ രൂപം സ്വീകരിച്ച്‌ ഭൂമിയിലേക്കിറങ്ങിയിട്ടില്ല. അല്ലാഹു സ്വന്തമായി അസ്ഥിത്വമുളളവനും ജീവിച്ചിരിക്കുന്നവനുമാണ്‌. അവന്‌ ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവന്‍ കേള്‍ക്കുന്നുണ്ട്‌. എല്ലാം അവന്‍ കാണുന്നുണ്ട്‌, കൂരിരുട്ടില്‍ സഞ്ചരിക്കുന്ന ഉറുമ്പിന്റെ ചലനം മുതല്‍ നമ്മുടെ ഹൃദയത്തില്‍ മറഞ്ഞ്‌ കിടക്കുന്ന രഹസ്യങ്ങള്‍ പോലും അവനറിയുന്നുണ്ട്‌. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്‌. അവന്‌ എല്ലാ ഉയര്‍ന്ന ഗുണങ്ങളുമുണ്ട്‌. അവന്‍ നമ്മെ ഇല്ലായ്‌മയില്‍ സൃഷ്‌ടിച്ചു. നമുക്ക്‌ വിശേഷ ബുദ്ധിയും നല്ല രൂപവും നല്‍കി. എല്ലാ വിധ അനുഗ്രഹങ്ങളും സമ്മാനിച്ചു. അത്‌ കൊണ്ട്‌ ആരാധന അവന്‌ മാത്രമുള്ളതാണ്‌. അവന്‌ സാങ്കല്‍പ്പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവര്‍ക്ക്‌ ആരാധന നിര്‍വഹിക്കുന്നത്‌ അവന്‍ ഇഷ്‌ടപ്പെടുന്നില്ല. അത്‌കൊണ്ട്‌ തന്നെ അങ്ങനെ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താണ്‌. മാലാഖമാരിലുള്ള വിശ്വാസം അല്ലാഹു തനിക്ക്‌ വേണ്ടി ആരാധിക്കാനും തന്റെ കല്‍പനകള്‍ നടപ്പാക്കാനും ഒരു പറ്റം മാലാഖമാരെ സൃഷ്‌ടിച്ചതായി നാം വിശ്വസിക്കണം. മനുഷ്യ സ്വഭാവങ്ങളൊന്നും അവര്‍ക്കില്ല. പ്രകാശത്താല്‍ സൃഷ്‌ടിക്കപ്പെട്ടത്‌ കൊണ്ട്‌ തന്നെ മനുഷ്യന്റെ നേത്രങ്ങള്‍ക്ക്‌ അവരെ കാണാന്‍ കഴിയില്ല. മാലാഖമാരില്‍ ചിലര്‍ മനുഷ്യ കാര്യങ്ങള്‍ക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ടവരാണ്‌. അവരില്‍ പെട്ട ജിബ്‌രീല്‍ (ഗബ്രയേല്‍) മാലാഖ പ്രവാചകന്മാര്‍ക്ക്‌ ദൈവിക വെളിപാട്‌ എത്തിച്ചു കൊടുക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖയായിരുന്നു. മീക്കായീല്‍ ഭൂമിയില്‍ മഴ, കാറ്റ്‌, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ നിയോഗിക്കപ്പെട്ട മാലാഖയാകുന്നു. അസ്‌റാഈല്‍ മനുഷ്യ ആത്മാവിനെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖയാണ്‌. റഖീബ്‌, അതീദ്‌ മനുഷ്യരുടെ നന്മ തിന്മകള്‍ കുറിച്ച്‌ വെക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മാലാഖമാരാണ്‌. ഇപ്രകാരം ഓരോ മാലാഖമാര്‍ക്കും വ്യത്യസ്‌തമായ ജോലികള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്‌. മാലാഖമാര്‍ അല്ലാഹു ഇഷ്‌ടപ്പെടുന്ന അടികമകളാണ്‌. അവരെ ബഹുമാനിക്കാന്‍ നാം ബാധ്യസ്‌ഥരാണ്‌. എങ്കിലും ആരാധിക്കപ്പെടാന്‍ അവര്‍ യോഗ്യരല്ല. അവര്‍ അല്ലാഹുവിന്റെ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ അല്ല. ഗ്രന്ഥങ്ങളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ അല്ലാഹു പ്രവാചകന്മാര്‍ മുഖേന ചില ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന്‌ നാം വിശ്വസിക്കണം. അവയൊക്കെ ദൈവികമാണ്‌. അവയില്‍ പെട്ടതാണ്‌ ഇബ്രാഹീം (അബ്രഹാം), ഇദ്‌രീസ്‌ തുടങ്ങിയവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട നിയമ സംഹിതകള്‍. മൂസ (മോശ) പ്രവാചകന്‌ അവതരിപ്പിക്കപ്പെട്ട തോറ (പഴയ നിയമം), ദാവൂദ്‌ (ദാവീദ്‌) പ്രവാചകന്‌ അവതരിപ്പിക്കപ്പെട്ട സബൂര്‍ (സങ്കീര്‍ത്തനം), ഈസ (യേശു) പ്രവാചകന്‌ അവതരിപ്പിക്കപ്പെട്ട ഇന്‍ജീല്‍ (പുതിയ നിയമം), മുഹമ്മദ്‌ നബിക്ക്‌ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍. ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അവസാനം അവതരിച്ച ഖുര്‍ആന്‍ അല്ലാത്ത ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും സംഭവിച്ചതായി കാണാന്‍ കഴിയും. സത്യവും അസത്യവും വേര്‍ത്തിരിച്ചറിയല്‍ പ്രയാസകരമായത്‌ കൊണ്ട്‌ തന്നെ അവ സ്വീകാര്യയോഗ്യമല്ല. അത്‌ കൊണ്ട്‌ തന്നെ യഥാര്‍ത്ഥ മാര്‍ഗ നിര്‍ദേശം ലഭിക്കുന്നതിന്‌ ഖുര്‍ആനെ മാത്രം അവലംഭിക്കേണ്ടതാണ്‌. മുഹമ്മദ്‌ നബിക്ക്‌ ജിബ്‌രീല്‍ (ഗബ്രയേല്‍) മാലാഖ മുഖേന അല്ലാഹു അവതരിപ്പിച്ച്‌ കൊടുത്ത ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. അത്‌ അറബി ഭാഷയിലാണ്‌. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്‌. അത്‌ കൊണ്ട്‌ ഖുര്‍ആനില്‍ മനുഷ്യ കൈകടത്തലുകള്‍ സംഭവിക്കുക എന്നത്‌ അസാധ്യമാണ്‌. പ്രവാചകന്‍മാരിലുള്ളവിശ്വാസം അല്ലാഹു മനുഷ്യര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാനായി മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ചില ആളുകളെ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ പ്രവാചകന്മാര്‍ എന്ന്‌ വിളിക്കുന്നു. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്മാര്‍ വ്യത്യസ്‌ത കാലങ്ങളിലായി ഭൂമിയില്‍ വന്നിട്ടുണ്ട്‌. പ്രവാചകന്മാരുടെ കൂട്ടത്തില്‍ നിന്ന്‌ ഏകദേശം 300 ഓളം പേരെ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്‌. അവരെ �മുര്‍സലുകള്‍� എന്ന്‌ പറയുന്നു. അവര്‍ തങ്ങള്‍ക്ക്‌ ലഭിച്ച ദൈവിക വെളിപാടുകള്‍ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കാന്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ടവരാണ്‌. അവരില്‍ ഇരുപത്തഞ്ച്‌ ആളുകളുടെ പേരുകള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. മുര്‍സലുളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠത ലഭിച്ച അഞ്ചു പേരെ �ഉലുല്‍ അസ്‌മ്‌� എന്നു പറയുന്നു. പ്രബോധന ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം തരണം ചെയ്‌തവരാണവര്‍. നൂഹ്‌ (നോഹ), ഇബ്‌റാഹീം (അബ്രഹാം), മൂസ (മോശ), ഈസ (യേശു), മുഹമ്മദ്‌ നബി(സ) എന്നിവരാണവര്‍. എങ്കില്‍ പോലും അവരാരും ആരാധിക്കപ്പെടാന്‍ അര്‍ഹരല്ല. ആദ്യപ്രവാചകന്‍ മനുഷ്യ പിതാവായ ആദമും അവസാന പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുമാണ്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷം അന്ത്യനാള്‍ വരെ ഒരു പ്രവാചകനും വരാനില്ല. മുഹമ്മദ്‌ ബിന്‍ അബ്‌ദില്ലാ എന്നാണ്‌ പൂര്‍ണനാമം. മക്കയിലെ ഖുറൈശ്‌ എന്ന അറബ്‌ ഗോത്രത്തില്‍ ഇബ്രാഹീം നബിയുടെയും ഇസ്‌മായീല്‍ നബിയുടെയും സന്താന പരമ്പരയിലാണ്‌ മുഹമ്മദ്‌ നബി(സ) ജനിച്ചത്‌. നാല്‍പതാം വയസ്സില്‍ ദൈവിക വെളിപാടുണ്ടായി. ശേഷം പതിമൂന്ന്‌ വര്‍ഷം മക്കയിലെ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. പക്ഷേ, വളരെ കുറച്ച്‌ പേര്‍ മാത്രമേ വിശ്വസിച്ചുള്ളൂ. അന്തരീക്ഷം പ്രതികൂലമായപ്പോള്‍ നാടുവിടേണ്ടി വന്നു. അങ്ങനെ മദീനയിലെത്തി അവിടത്തെ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചു. അവരില്‍ ഭൂരിപക്ഷവും ഇസ്‌ലാം സ്വീകരിച്ചു. പലായനത്തിന്റെ എട്ടാം വര്‍ഷം മക്കയിലേക്ക്‌ തിരിച്ചു വന്നു. മക്കയെ ഇസ്‌ലാമിനധീനമാക്കി വീണ്ടും മദീനയിലേക്ക്‌ തിരിച്ചു പോയി. 63 ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ഇതിനിടയില്‍ അറബ്‌ ലോകം മുഴുവന്‍ ഇസ്‌ലാമിന്‌ കീഴടങ്ങിയിരുന്നു. അന്ത്യനാളിലുള്ള വിശ്വാസം ഈ ലോകത്തിനു ആദ്യമെന്ന പോലെ ഒരു അവസാനമുണ്ടെന്നും അതിന്‌ ശേഷം മറ്റൊരു ജീവിതം വരാനുണ്ടെന്നും ഒരു മുസ്‌ലിം വിശ്വസിക്കണം. ഈ ലോകത്തിന്റെ അന്ത്യം അടുത്താല്‍ അല്ലാഹു ഒരു മാലാഖയോട്‌ കാഹളത്തില്‍ ഊതാന്‍ കല്‍പിക്കും. അതോടെ മുഴുവന്‍ മനുഷ്യരും മരണപ്പെടും. ശേഷം വീണ്ടും ഊതാന്‍ കല്‍പിക്കും, അതോടെ ആദി മനുഷ്യന്‍ മുതല്‍ അന്ത്യനാള്‍ വരെ ജീവിച്ച മുഴുവന്‍ മനുഷ്യരും പുനര്‍ ജീവിപ്പിക്കപ്പെടും. അങ്ങനെ അവര്‍ ഇഹലോകത്ത്‌ വെച്ച്‌ ചെയ്‌ത നന്മ തിന്മകളുടെ കണക്കെടുപ്പിനായി ഒരു സ്ഥലത്ത്‌ ഒരുമിച്ചു കൂട്ടപ്പെടും. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിച്ച്‌ സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്‌തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും എല്ലാവിധ അനുഗ്രഹങ്ങള്‍ നല്‍കപ്പെടുകയും ചെയ്യും. അല്ലാഹുവിലും പ്രവാചകരിലും അവിശ്വസിച്ച്‌ ദുഷ്‌ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ നരകത്തില്‍ പ്രവേശിക്കപ്പെടുകയും അവിടെ വെച്ച്‌ എല്ലാ വിധ ശിക്ഷകളും അനുഭവിക്കേണ്ടി വരികയും ചെയ്യും. ദൈവിക വിധിയിലുളള വിശ്വാസം എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ വിധിയോടെയാണെന്നുളള വിശ്വാസമാണ്‌ ദൈവീക വിധിയിലുളള വിശ്വാസം. ഈ പ്രപഞ്ചവും അതിലുളളതെല്ലാം സൃഷ്‌ടിച്ച അല്ലാഹു ഇന്ന സമയത്ത്‌ ഇന്നത്‌ സംഭവിക്കണമെന്ന്‌ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്‌. അതനുസരിച്ചാണ്‌ ഓരോ കാര്യങ്ങളും സംഭവിക്കുന്നത്‌. അത്‌ പോലെ മനുഷ്യന്‌ ലഭിക്കുന്ന അനുഗ്രഹങ്ങളും ജീവിതത്തിലുണ്ടാവുന്ന പരീക്ഷണങ്ങളും അല്ലാഹുവില്‍ നിന്നുളളതാണ്‌ എന്ന്‌ നാം വിശ്വസിക്കണം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും പരീക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ ക്ഷമിക്കുകയും പ്രതീക്ഷ വെച്ച്‌ പുലര്‍ത്തുകയും വേണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter