ബോല അഹമദ് ടിനുബു നൈജീരിയയുടെ നേതൃത്വം എറ്റെടുക്കുമ്പോൾ
"ഇത് എന്റെ ഊഴമാണ്" (its my turn) എന്ന മുദ്രാവാക്യം അത്യുച്ചത്തിൽ മുഴക്കി സമാധാനപരമായ ജീവിതം വാഗ്ദാനം ചെയ്തു കൊണ്ട് ഭരണകക്ഷിയായ ആൾ പ്രൊഗ്രസീവ് കോണ്ഗ്രസ്സിന്റെ സ്ഥാനാർത്ഥി ബോല അഹമ്മദ് ടിനുബു നൈജീരിയയുടെ പ്രസിഡന്റ് പഥത്തിൽ തന്റെ കന്നി ഊഴം ഉറപ്പാക്കിയിരിക്കുകയാണ്. നൈജീരിയൻ രാഷ്ട്രീയത്തിലെ പരിചയസമ്പന്നമായ മുഖമാണ് ബോല ടിനുബു. നൈജീരിയൻ രാഷ്ട്രീയ സമവാക്യങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ തലച്ചോറായി പ്രവർത്തിച്ചിരുന്ന ടിനുബു നൈജീരിയൻ രാഷ്ട്രീയത്തിലെ ഗോഡ്ഫാദറെന്നോണെന്ന് പറയാം. നിരവധി പ്രസിഡന്റുമാരുടെ അധികാരാരോഹണത്തിനു പിന്നിൽ കരുക്കൾ നീക്കിയിട്ടുള്ള രാഷ്ട്രീയകാരൻ ആണ് അദ്ദേഹം.
പോളിംഗ് ശതമാനത്തിലെ വൻ ഇടിവും വോട്ടെണ്ണലിലെ കൃതിമവും വോട്ടർമാരെ ഭീഷണിപ്പെടുത്തലുമാരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ഫല ബഹിഷ്കരണവും തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽപ്പിച്ചെങ്കിലും, രാജ്യം നേരിടുന്ന സുരക്ഷാ-സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധനം ചെയ്തുകൊണ്ട് രാജ്യത്തെ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനു തന്റെ രാഷ്ട്രീയ അനുഭവവും ഭരണപരമായ മിടുക്കും സഹായിക്കുമെന്ന പൂർണ വിശ്വാസമാണ് ടിനുബുവും ജനങ്ങളും വെച്ചു പുലർത്തുന്നത്. എന്നാൽ ഭരണകാര്യങ്ങളിലെ സൈനിക ഇടപെടലുകള്‍, തീവ്രമായികൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍, തുടങ്ങി അനവധി പ്രതിസന്ധികളാണ് ടിനുബുവിന് നേരിടാനുള്ളത്.
ബോല ടിനുബുവും മുഖ്യ പ്രതിപക്ഷ സ്ഥാനാർഥി അതികു അബൂബക്കറും ലേബർ പാർട്ടിയുടെ പീറ്റർ ഓബിയും തമ്മിൽ കടുത്ത ത്രികോണ മത്സരം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബോല ടിനുബുവിന് ലഭിച്ച വോട്ട് ശതമാനമാണ് രാജ്യത്തിന്റെ ചരിത്രത്തിലെ, പ്രസിഡന്റിന് ലഭിച്ച ഏറ്റവും കുറഞ്ഞ ശതമാനം.
സുരക്ഷ, സാമ്പത്തിക ക്ഷേമം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വാഗ്ദാനങ്ങളുമായി 2015 ൽ പ്രസിഡന്റായി അധികാരത്തിലേറിയ മുഹമ്മദ് ബുഹാരിക്ക് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി ടിനുബു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങളും അജണ്ടകളും വെറും ജലരേഖകളായി മാറുമോ എന്നതാണ് പൊതുജനത്തിന്റെ ആശങ്ക.
സാമൂഹിക വിഭജനം അവസാനിപ്പിക്കുക, ഡിജിറ്റൽ ലോകത്തിലേക്കുള്ള പരിവർത്തനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യ വളർച്ച, രാജ്യത്തുടനീളം സുരക്ഷ പുനഃസ്ഥാപിക്കുക, ഫെഡറൽ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണ വാഴ്ച്ച, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ടിനുബുവിന്റെ അജണ്ടയിലുള്ളത്.
സുരക്ഷാ പ്രതിസന്ധികളാണ് നൈജീരിയയുടെ ഏറ്റവും വലിയ തലവേദന. നിരവധി സംഘങ്ങളുടെയും വിഘടനവാദ പ്രസ്ഥാനങ്ങളുടെയും തീവ്രവാദികളുടെയും കൊള്ളക്കാരുടെയും വ്യാപനം സമീപ വർഷങ്ങളിലായി വൻ തോതിലാണ് നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ 774 പ്രാദേശിക സർക്കാർ പ്രവിശ്യകളിൽ 550 ലും ഇത്തരം സംഘങ്ങളുടെ സ്വാധീനം നിലനിൽക്കുന്നുണ്ട്. നൈജീരിയൻ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ ഉത്പാദന മേഖലകളിലെ മോഷണവും സംഘർഷങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടുലുകളും നിരന്തരം കലഹങ്ങളും കലാപങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക രംഗത്താവട്ടെ നൈജീരിയ ഗുരുതരമായ പ്രതിസന്ധികളെയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും അമിത കടബാധ്യതകളും ജീവിത ചെലവ് കുത്തനെ ഉയർത്താനിടയാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ വലിയൊരു ശതമാനത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാനും ഇത് കാരണമായി. മൊത്തം ജനസംഖ്യയുടെ 63% വും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ദേശീയ വരുമാനത്തിനായി എണ്ണയെ അമിതമായി ആശ്രയിക്കുന്നതു വഴി സമ്പദ്‌വ്യവസ്ഥയെ മറ്റുമേഖലകളിലേക്ക് കാര്യമായി വികസിപ്പിക്കാനും നൈജീരിയക്ക് സാധിച്ചിട്ടില്ല.
മത വിഭാഗീയതകളും സംഘർഷങ്ങളുമാണ് നൈജീരിയ നേരിടുന്ന മറ്റൊരു പ്രതിസന്ധി എന്നുള്ളത്. അറുന്നൂറോളം വരുന്ന വ്യത്യസ്ത വംശീയ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന രാജ്യമാണ് നൈജീരിയ. ഭൂരിപക്ഷ വിഭാഗമായ മുസ്‍ലിംകൾ വടക്ക് ഭാഗത്തും ക്രിസ്ത്യാനികൾ നൈജീരിയയുടെ തെക്കൻ ഭാഗത്തുമാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. തീവ്രവാദവും മറ്റു സംഘർഷങ്ങളുമാണ് മതസാഹോദര്യത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഘടകങ്ങൾ.
എന്നാൽ തന്റെ രാഷ്ട്രീയ പരിചയ സമ്പത്ത് കൊണ്ടും ഭരണ മികവ് കൊണ്ടും പ്രതിസന്ധികളെ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബോല അഹ്മദ് ടിനുബു പൊതു ജനത്തിന് നൽകുന്നത്. മെയ് 29 ന് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുന്നതോടെ, ലോകം ഉറ്റുനോക്കുന്നത് ഈ പരിഹാരങ്ങളിലേക്കും നൈജീരിയയുടെ ഭാവിയിലേക്കുമായിരിക്കാം. നമുക്ക് കാത്തിരുന്ന് കാണാം.
Leave A Comment