ഫലസ്തീനിയന്‍ വേദനകള്‍ തുറന്ന് കാട്ടുന്ന ഫര്‍ഹ ഓസ്കാറിലേക്കെത്തുമ്പോള്‍
1984 ല്‍ ഇസ്രാഈല്‍ പട്ടാളം ഫലസ്തീന്‍ ജനതക്ക് നേരെ അഴിച്ച് വിട്ട നഖ്ബ ദുരന്തത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള, ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ 'ഫര്‍ഹ'. ജോര്‍ദാന്‍ സംവിധായക ദാരിന്‍ ജെ സല്ലാം സംവിധാനം ചെയ്ത ചിത്രം ജോര്‍ദ്ദാന്‍ സൃഷ്ടിയായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് വരെ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
സയണിസ്റ്റ് പട്ടാളം നാമാവശേഷമാക്കിയ ഫലസ്തീന്‍ ഗ്രാമങ്ങളുടെയൊപ്പം ജീവിതവും സ്വപ്‌നവും പൊലിഞ്ഞില്ലാതായ ഫര്‍ഹ എന്ന പെണ്‍കുട്ടിയിലൂടെയാണ് ദാരിന്‍ സല്ലാം നഖ്ബ ദുരന്തചിത്രം വരച്ചിടുന്നത്. സയണിസ്റ്റ് കഥാ-കവിതാ-ലേഖന രചനകളില്‍ വികലമായി മാത്രം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന നഖ്ബ ഈ ദൃശ്യാവിഷ്‌കാരത്തിലൂടെ കൂടുതല്‍ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരികയാണ്. സയണിസത്തിന്റെ കാലാകാലങ്ങളായുള്ള വ്യാജപ്രചരണങ്ങളെകൂടി വെല്ലുവിളിക്കുന്നുണ്ട് ഫര്‍ഹ എന്ന ഈ ജോര്‍ദാന്‍ ചലചിത്രം.
നഖ്ബ ദുരന്ത സമയത്ത് ഫര്‍ഹ എന്ന പെണ്‍കൂട്ടി അനുഭവിക്കുന്ന വേദനയുള്ള യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. 1984കളില്‍ നഖ്ബ ദുരന്ത മുഹൂര്‍ത്തത്തില്‍ സിറയയിലേക്ക് നാടുവിട്ടോടിയ റദിയ്യ എന്ന പെണ്‍കുട്ടി നേര്‍ജീവിതത്തില്‍ അനുഭവിച്ച സംഭവങ്ങളാണ് ദാരിന്‍ സെല്ലാം ഫര്‍ഹയിലൂടെ ആവിഷ്കരിക്കുന്നത്. സിറിയയിലെത്തിയ റദിയ്യ സംവിധായകന്‍ ദാരില്‍ സെല്ലാമിന്റെ ഉമ്മയുമായി സൗഹൃദത്തിലാകുന്നുണ്ട്. റദിയ്യയുടെയും പിതാവിന്റെയും ദയനീയമായ അനുഭവയാഥാര്‍ത്ഥ്യങ്ങളില്‍ ആകൃഷ്ടയായാണ് സംവിധായകയും തിരക്കഥാകൃത്തുമായ ദാരിന്‍ ചലചിത്രരൂപത്തിലേക്ക് കഥയെ കൊണ്ടുവരുന്നത്.
ആനന്ദം, സന്തോഷം എന്നര്‍ഥം വരുന്ന 'ഫര്‍ഹ' എന്ന പേര് മുഖ്യകഥാപാത്രത്തിന് മനപ്പൂര്‍വ്വമായാണ് താന്‍ നല്കിയതെന്ന് ടൈം മാഗസിനുമായി നടന്ന അഭിമുഖത്തില്‍ ദാരിന്‍ വ്യക്തമാക്കുന്നുണ്ട്. നഖ്ബക്ക് മുമ്പുള്ള ശാന്തി സുന്ദരമായ ഫലസ്തീനെ സൂചിപ്പിക്കാനാണത്രെ അദ്ദേഹം ഈ പേര്‍ പ്രധാനകഥാപാത്രത്തിനിടുന്നത്. ഒപ്പം ഫലസ്തീനിന്റെ നഖ്ബക്ക് മുമ്പുള്ള അന്തരീക്ഷത്തെ ആവിഷ്കരിച്ച് കൊണ്ട് ചിത്രത്തിന്റെ തുടക്കത്തില്‍ അരുവിക്കരയില്‍ കളിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളെയും, തന്റെ കൂട്ടുകാരി ഫരീദക്കൊപ്പം പുസ്തകം വായിച്ചും സ്വപ്‌നങ്ങള്‍ പങ്കുവെച്ചും സമയം ചിലവിടുന്ന ഫര്‍ഹയെയും ദാരിന്‍ ചലചിത്രത്തിന്റെ തുടക്കഭാഗത്ത് കൊണ്ട് വരുന്നുണ്ട്. സുന്ദരമായ ആഖ്യാനശൈലി കൊണ്ട് പുരോഗമിക്കുന്ന കഥ ഫര്‍ഹയിലൂടെയും അവളനുഭവിക്കുന്ന ക്ലേശാവസ്ഥയിലൂടെയും സഹതാപപൂര്‍വ്വം കടന്നുപോകുന്നതിലൂടെ ഫലസ്തീന്‍ ജനതയുടെ നിസ്സഹായതയെയും കണ്ണൂനീര്‍നനവുള്ള ജീവിതത്തെയും കൃത്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുന്നു.
ചിത്രം പുരോഗമിക്കുന്നത് ഒരു ഗ്രാമത്തിലാണ്. ഗ്രാമത്തിന് പ്രത്യേക പേര് സംവിധായകന്‍ നല്കിയിട്ടില്ല. തന്റെ പ്രായത്തിൽ ഉള്ള പെൺ കുട്ടികൾ കല്യാണത്തെ കുറിച്ച് ആകുലപ്പെടുമ്പോൾ ഫർഹ ചിന്തിക്കുന്നത് പട്ടണത്തിൽ പോയി പഠിക്കുന്നതിനെ കുറിച്ചാണ്. അവൾ പിതാവിനോട് സമ്മതം ചോദിക്കുന്നുണ്ട്. ആദ്യമൊക്കെ ഉപ്പ വിസമ്മതിച്ചെങ്കിലും ഫർഹയുടെ സഹപാഠിയുടെ കല്യാണ ദിവസം, തന്നെ സ്കൂളിൽ രജിസ്റ്റർ ചെയ്ത വാർത്തയാണ് ഫര്‍ഹ പിതാവില്‍നിന്ന് കേള്‍ക്കുന്നത്. ഈ സന്തോഷ വാർത്ത കൂട്ടുകാരി ഫരീദയുമായി പങ്കുവെക്കുന്നതിനിടയിലാണ് അവർ ബോംബൊച്ച കേൾക്കുന്നത്.
ഗ്രാമത്തിലെ ആളുകള്‍ മറ്റുസ്ഥലങ്ങളിലേക്ക് കുടിയൊഴിപ്പിക്കപ്പെടുകയാണ്. ഒപ്പം ഫര്‍ഹയെയും ബന്ധുക്കളെയും രക്ഷപ്പെടുത്തുന്നതിന് ഫര്‍ഹയുടെ പിതാവ് ശ്രമിക്കുന്നു. പക്ഷേ തന്റെ ഉപ്പയെ കാലുഷ്യങ്ങൾക്കിടയിൽ തനിയെ വിടാതെ ഫര്‍ഹ ഉപ്പക്കൊപ്പം അവിടെ തന്നെ തങ്ങുന്നു. മകളുടെ സുരക്ഷയോര്‍ത്ത് പിതാവ് അവളെ ഒരു സ്റ്റോറില്‍ പൂട്ടിയിടുന്നു. ദീര്‍ഘ നേരം അതിനുള്ളില്‍ അന്നപാനങ്ങളില്ലാതെ കഴിച്ച് കൂട്ടേണ്ടി വരുന്ന ഫര്‍ഹ ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്നു. വെള്ളം കിട്ടാതെ അച്ചാറ് പാത്രത്തില്‍ ചുണ്ടടുപ്പിക്കുന്ന, മൂത്രമൊഴിക്കാനൊരു സ്ഥലം കിട്ടാതെ വേദനയനുഭവിക്കുന്ന ഫര്‍ഹയെ ചിത്രത്തില്‍ നമുക്ക് കാണാം.
ദാരിന്‍ ഇത്തരം ഭാഗങ്ങള്‍ 'ഫര്‍ഹ' യില്‍ കൊണ്ട് വന്നത് കഥയുടെ സ്വാഭാവികതയെ വരച്ചുകാട്ടാന്‍ വേണ്ടിയാണ്. പുറത്ത് നടക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങളെല്ലാം ഞെട്ടലോടെ അവള്‍ കടയുടെ പഴുതിലൂടെ കാണുന്നുണ്ടായിരുന്നു. ഇസ്രാഈലി പട്ടാളത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്ന ഒരു ഫലസ്തീനിയെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയേയും ഫര്‍ഹ ആ ദ്വാരത്തിലൂടെ കാണുന്നുണ്ട്. കൂടാതെ ഒരു പിഞ്ചുകുഞ്ഞിന്റെ ദാരുണമായ അന്ത്യം ആ പതിനാലുകാരിക്ക് നേരില്‍ കാണേണ്ടിവരുന്നു. അവളുടെ കണ്ണുനീര്‍ നിറഞ്ഞ താരാട്ട് പാട്ടിനെ കവച്ച് വെച്ച് അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ആ പൈതലിന്റെ കരച്ചില്‍ ഫര്‍ഹയുടേതെന്ന പോലെ നമ്മുടെ ചെവിത്തടങ്ങളിലേക്കും തുളച്ചുകയറുന്നത് നമുക്ക് അനുഭവപ്പെടും. ഇത്തരത്തില്‍ നഖ്ബയുടെ കേട്ടാലറക്കുന്ന കിരാതമര്‍ദന മുറകളിലൂടെ നമ്മെ കൊണ്ട് പോകുകയാണ് ഫര്‍ഹയും അവള്‍ സജീവമാകുന്ന അന്തരീക്ഷവും. അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ദയനീയത ചിത്രത്തിലൂടെ ഉള്‍ഭയത്തോടെ സ്വയം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയം. ഫര്‍ഹയുടെ കണ്ണിലൂടെയും കാതിലൂടെയും നാമനുഭവിക്കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത യാതനകളുടെ നേര്‍ചിത്രങ്ങളാണ്.
സ്വാഭാവികമായും ഇസ്രാഈലിന്റെ പൊയ്മുഖം പിച്ചിച്ചീന്തുന്ന ഫര്‍ഹ ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെയും സയണിസ്റ്റ് അനുഭാവികളുടെയും കണ്ണുകളില്‍ ഇരുട്ട് പടര്‍ത്തുന്നുണ്ട്. സയണിസ്റ്റ് സംഹിതയുടെ അടിസ്ഥാനരഹിതമായ ആഖ്യാനങ്ങളെയും കെട്ടുകഥകളെയും ഫര്‍ഹ ചോദ്യം ചെയ്യുന്നത് സിനിമക്ക് നേരെയുള്ള ഇസ്രാഈല്‍ നീക്കങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ പുറത്ത് കൊണ്ട് വരുന്ന എല്ലാ അവസരങ്ങളെയും സര്‍വ്വ വിധേനയും തടയാന്‍ ശ്രമിക്കുകയാണവര്‍. സിനിമയുടെ സം പ്രേഷണത്തെ തുടർന്ന് ഇസ്രാഈലിന്റെ സാമ്പത്തിക മന്ത്രി അവിദോര്‍ ലിബര്‍മാന്‍ പ്രതികരിക്കുന്നതിങ്ങനെയാണ്, 'ഇസ്രാഈല്‍ പട്ടാളത്തിനെതിരെ അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും പടച്ച് വിടുന്ന ഒരു സിനിമയെ സംപ്രേഷണം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചത് തികച്ചും ഭ്രാന്തന്‍ .തീരുമാനമായേ കാണാനാവൂ.'
ഇതിനെല്ലാം മറുപടിയായി ദാരിന്‍ പറയുന്നത്, "ഇത്തരമൊരു ഉദ്യമം ചെയ്യാന്‍ ഞങ്ങളൊരുങ്ങുന്നത് സിനിമ ജീവിക്കുകയും നമ്മള്‍ മരിക്കുകയും ചെയ്യുന്നു എന്നത് കൊണ്ടാണ്", എന്നാണ്. ഫര്‍ഹ സയണിസ്റ്റ് കള്ളപ്രാചരണങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ്. ഇന്നലെകളുടെ യാഥാര്‍ത്ഥ്യാഖ്യാനങ്ങള്‍ കാപട്യങ്ങളെ അതിജീവിക്കുക തന്നെചെയ്യും എന്ന് ഫർഹയിലൂടെ ദാരിൻ ലോകത്തോട് വിളിച്ച് പറയുന്നു.
ഇതിനകം തന്നെ വിവിധ അവാർഡുകൾ ചിത്രം നേടിക്കഴിഞ്ഞു. Asia Pacific Screen Awards (2022), Asia Pacific Screen Award, Best Youth Feature Film തുടങ്ങിയവ അവയില്‍ ചിലതാണ്. ഓസ്കാര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചതോടെ, ഫലസ്തീനികളുടെ പ്രശ്നങ്ങളെ ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടാന്‍ ഇതും ഏറെ സഹായകമാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Leave A Comment