സെര്‍ബിയന്‍ വംശഹത്യ വീണ്ടും ഓര്‍ക്കപ്പെടുമ്പോള്‍

ബൊസ്നിയയിൽ ഇരുപത്തെട്ട് വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ സെബ്രിനിക്ക കൂട്ടക്കൊല ലോക വംശീയ ഉന്മൂലന ചരിത്രത്തിൽ പലകാരണങ്ങളാലും അതീവ പ്രാധാന്യമർഹിക്കുന്നുണ്ട്. തൂണീഷ്യയിലെ രാഷ്ട്രീയപ്രതിസന്ധി ഇപ്പോഴും അന്ത്യമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയാണ്. ജനീനിലെ മഹ്മൂദ് അബ്ബാസിന്റെ സന്ദർശനവും മതവിദ്വേഷങ്ങൾക്കെതിരെയുള്ള യു.എൻ പ്രമേയവും ഈ വാരത്തില്‍ ഏറെ ചർച്ചചെയ്യപ്പെടുകയുണ്ടായി. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തെ പ്രധാന സംഭവങ്ങൾ വായിക്കാം.


സെബ്രിനിക്കയുടെ ഓര്‍മ്മകള്‍


ഈ വർഷം ജുലൈ പതിനൊന്നാം തിയ്യതിയോടെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട എറ്റവും വലിയ നരഹത്യയായ സെബ്രനിക്ക കൂട്ടക്കൊല അരങ്ങേറിയിട്ട് ഇരുപത്തെട്ട് വർഷം തികഞ്ഞിരിക്കുകയാണ്. മുസ്‍ലിം ബോസ്നിക്കുകൾ ഭുരിപക്ഷമായിരുന്ന ബോസ്നിയ ഹെർസഗോവിനയിൽ സെർബിയയുടെ സഹായത്തോടെ സെർബ് റിബലുകൾ നടത്തിയ, 1992-ൽ തുടങ്ങി 1995-ൽ അവസാനിച്ച മൂന്ന് വർഷത്തോളം നീണ്ടുനിന്ന കൂട്ടക്കൊല യഥാർത്ഥത്തിൽ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞിരുന്നു. തുടർന്ന് നടന്ന പ്രതികരണങ്ങൾ പാശ്ചാത്യരാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും വെച്ചുപുലർത്തുന്ന പക്ഷപാതിത്വപരമായ മനുഷ്യാവകാശ സമീപനങ്ങളെ തുറന്നുകാട്ടുകയുണ്ടായി. കൂട്ടക്കൊല സമയത്ത് യുഎൻ നടപ്പിൽവരുത്തിയ ആയുധനിയന്ത്രണ നിയമമാകട്ടെ ബോസ്നിയക്കാരുടെ സ്വയംപ്രതിരോധ മാർഗങ്ങളെ എടുത്തുക്കളയുകയും ചെയ്തു.

ആയിരക്കണക്കിനു മൃതദേഹങ്ങളാണ് ബോസ്നിയയുടെ വിവിധയിടങ്ങളിലായി നാസിക്രൂരതകളെ ഓർമിപ്പിക്കും വിധം വിവിധ കോണ്‍സണ്ട്രേഷൻ ക്യാമ്പുകളിലും ഗ്യാസ്ചേംബറുകളിലും തെരുവുകളിലും കുന്നുകൂടിയത്. ബൊസ്നിയ  ഒട്ടാകെ നടത്തപ്പെട്ട ഈ കൂട്ടക്കൊലയെ ബോസ്നിയ കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കുന്നതിനു പകരം വെറും സെബ്രിനിക്ക കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കുന്നതിനെ പലരും എതിർത്തിട്ടുണ്ട്. മൂന്ന് വർഷത്തോളം നിണ്ടുനിന്ന കൂട്ടക്കൊലയുടെ പര്യവസാനം മാത്രമായിരുന്നു മൂവായിരത്തോളം പേരുടെ കൂട്ടക്കൊലക്ക് സാക്ഷിയായ സെബ്രിനിക്ക.

മതവിദ്വേഷത്തിനെതിരെ ഒറ്റക്കെട്ടായി

സ്വീഡനില്‍ ഖുർആൻ കത്തിച്ച സംഭവം മുസ്‍ലിം ലോകത്തു നിന്നുള്ള ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു. എല്ലാ മുസ്‍ലിം രാജ്യങ്ങളും ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞ സംഭവത്തിൽ ഇത്തരം മതവിദ്വേഷപ്രവർത്തനങ്ങൾ ഇനിയാവാർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാൻ ലോകരാജ്യങ്ങളോട് അന്താരാഷ്ട്ര മുസ്‍ലിം സംഘടനകളെല്ലാം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിൽ (യു.എൻ. എച്ച്.സി.ആർ) പാകിസ്ഥാന്റെയും ഇസ്‍ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെയും ശ്രമഫലമായി മതവിദ്വേഷം അവസാനിപ്പിക്കാനുളള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ അനുകുലിച്ച് ഇരുപത്തെട്ടു രാജ്യങ്ങളും എതിർത്ത് 12 രാജ്യങ്ങളും വോട്ട് ചെയ്തു. 7 രാജ്യങ്ങൾ വോട്ടിൽ നിന്ന് വിട്ടുനിന്നു. അനുകൂലിച്ചവരിൽ മുസ്‍ലിം രാജ്യങ്ങൾക്കു പുറമെ ഇന്ത്യയും ചൈനയും യുക്രൈനുമുൾപ്പെടും. തങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യ പോളിസിയോട് പ്രമേയം യോജിക്കുന്നില്ലെന്ന കാരണത്താൽ അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യുകയുണ്ടായി.

സമരങ്ങൾ വിട്ടൊഴിയാതെ തുണീഷ്യ


തുണീഷ്യയിലെ രാഷ്ട്രീയപ്രതിസന്ധി പലതവണകളിലായി ഈ പംക്തിയിലെ വിശേഷങ്ങളായി മാറിയിരുന്നു. ഈ വാരത്തിലും തുണീഷ്യൻ രാഷ്ട്രീയപ്രതിസന്ധി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വർഷാദ്യത്തോടെ ഖൈസ് സയീദ് ഭരണകൂടം തുടങ്ങിവെച്ച, രാഷ്ട്രീയ എതിരാളികളെ നിരന്തരം വേട്ടയാടി ജയിലിലടക്കുന്ന അടിച്ചമര്‍ത്തല്‍ സമീപനം, പലഘട്ടങ്ങളും കടന്ന് ഇപ്പോഴും മുന്നേറുകയാണ്. മുല്ലപ്പൂവിപ്ലവത്തോടെ തുണീഷ്യൻ രാഷ്ട്രീയത്തിലെ മുഖ്യശബ്ദമായി മാറിയ അന്നഹ്ദ പാർട്ടി നേതാവ് റാഷിദ് ഗനൂച്ചിയുടെ അറസ്സിലൂടെ ഖൈസ് സയീദ് വ്യാപക വിമർശനങ്ങൾ എറ്റുവാങ്ങിയിരുന്നു. തന്റെ എണ്പത്തിമൂന്നാം പിറന്നാൾ ജയിലിൽ വെച്ചാണ് അദ്ദേഹം ആഘോഷിച്ചത്. റാഷിദ് ഗനൂച്ചിക്ക് പുറമേ പല പ്രതിപക്ഷ നേതാക്കളും ജയിലിലടക്കപ്പെടുകയുണ്ടായി. 
ഇനി ഈ ആഴ്ച്ചയിലെ സംഭവവികാസങ്ങളിലേക്ക് വരാം. പലസമയങ്ങളിലായി ഖൈസ് സയീദ് ഭരണകൂടം ജയിലിലടച്ച രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും ബന്ധുക്കൾ ഭരണകൂടത്തിനെതിരെ തൂണീഷ്യൻ നഗരങ്ങളിൽ സമരങ്ങളിലേർപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെ അനീതിക്കും അടിച്ചമർത്തലിനും പുറമെ നീതിന്യായവ്യവസ്ഥയുടെ നിഷ്ക്രിയത്വവും സമരങ്ങളിലെ മുഖ്യവിഷയമായി മാറുകയുണ്ടായി. മൊത്തത്തില്‍ തൂണീഷ്യ രാഷ്ട്രീയമായി തിളച്ച് മറിയുക തന്നെയാണെന്ന് പറയാം.

മഹ്മൂദ് അബ്ബാസിന്റെ ജനീൻ സന്ദർശനം

ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേലി ജനീന്‍ റൈഡ് ഏറെ കുപ്രസിദ്ധിയാർജിച്ചിരുന്നു. കുട്ടികളടക്കം പന്ത്രണ്ട് ഫലസ്തീനികളുടെ മരണത്തിനിടയായ റൈഡിനെ തുടർന്ന് ആയിരക്കണക്കിനു പേരാണ് ജനീനിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായത്. സംഭവത്തെ തുടർന്ന് ഇസ്രായേലിനെ പ്രതിരോധിക്കുന്നതിൽ ഫലസ്തീൻ അതോറിറ്റി കാണിച്ച അനാസ്ഥയെയും നിഷ്ക്രിയത്വത്തെയും വിമർശിച്ച് ഒരുപാട് ഫലസ്തീനികൾ രംഗത്തിറങ്ങിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പന്ത്രണ്ട് വർഷങ്ങൾക്കുശേഷം ജനീൻ സന്ദർശിക്കുന്നത്. പ്രതീക്ഷിച്ചത് പോലെത്തന്നെ ജനീൻ കേന്ദ്രീകരിച്ചുള്ള യുവപോരാളികളുടെ സംഘമായ ജനീൻ ബ്രിഗേഡിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും ജനീൻ പോരാളികൾക്കു അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊടിതോരണങ്ങൾ കെട്ടിയുമാണ് ജനീൻ നിവാസികൾ സന്ദർശനത്തെ വരവേറ്റത്. അധിനിവേശവിരുദ്ധ പ്രതിരോധപ്രവർത്തനങ്ങളിൽ കൈകൊള്ളുന്ന നിലവിലെ സമീപനങ്ങളിൽ ഫലസ്തീൻ അതോറിറ്റി മാറ്റം വരുത്തൽ അത്യാന്താപേക്ഷിതമാണെന്ന സന്ദേശമാണ് ജനീൻ നൽകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter