ടുണീഷ്യ

നോര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യമായ ടുണീഷ്യയില്‍ 99 ശതമാനം മുസ്ലിംകളാണ് അധിവസിക്കുന്നത്. ഔദ്യോഗിക നാമം: റിപ്പബ്ലിക് ഓഫ് ടുണീഷ്യ. 'തൂനിസ്' ആണ് തലസ്ഥാനം. 1,64,150 ച. കി. മി വിസ്തീര്‍ണ്ണമുള്ള രാജ്യത്ത് 10,673,800 പേര് വസിക്കുന്നുണ്ടെന്നാണ് കണക്ക്. തുണീഷ്യന്‍ ദീനാറാണ് നാണയം. പടിഞ്ഞാറ് അള്‍ജീരിയയും കിഴക്ക് ലിബിയയും മധ്യധരണിയാഴിയും വടക്ക് മധ്യധരണിയാഴിയും ആണ് അതിര്‍ത്തികള്‍. തെക്ക് ഭാഗത്ത് ലിബിയയുടെയും അള്‍ജീരിയയുടെയും ഭാഗങ്ങളാണ്. ഔദ്യോഗിക ഭാഷ അറബിയാണെങ്കിലും ഫ്രഞ്ചിനും ചില ഗോത്ര ഭാഷകള്‍ക്കും പ്രചാരമുണ്ട്.

ചരിത്രം

പൌരാണിക ഭരണ സിരാകേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ടുണീഷ്യയുമുണ്ടായിരുന്നു. ബൈസന്റൈന്‍ സാമ്രാജ്യവും റോമക്കാരും ഇവിടെ ഭരണം നടത്തി. എ.ഡി ഏഴാം നൂറ്റാണ്ടില്‍ അറബികളുടെ കൈയ്യിലായി. അറബികളുടെ ശേഷം 900 വര്‍ഷം ബെര്‍ബെറുകളുടെ കീഴിലായിരുന്ന രാജ്യം. ഇക്കാലത്ത് ആധുനിക കാലത്തുള്ളതു പോലോത്ത നിയമ വ്യവസ്ഥകളും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും രാജ്യത്തുണ്ടായിരുന്നു. കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള കായികകലകളും അന്ന് നടത്തപ്പെട്ടിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കികള്‍ നാട് ഭരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രഞ്ചുകാരും ഇവിടം കീഴ്പ്പെടുത്തിയെങ്കിലും ടുണീഷ്യക്കാരുടെ മതവിശ്വാസം തകര്‍ക്കാന്‍ ഫ്രാന്‍സിനായില്ല. 1956 മാര്‍ച്ച് 20- നു ഫ്രഞ്ചിനെ തുരത്തി ടുണീഷ്യ സ്വതന്ത്രമായി. 1957 – ല്‍ റിപ്പബ്ലിക്കായി. 1959 –ല്‍ പുതിയ ഭരണഘടന നിലവില്‍ വരികയും 1981 ല്‍ ആദ്യ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. 1982 – മുതലാണ് 'ടൂണിസ്' തലസ്ഥാനമായി പ്രഖ്യാപിക്കുന്നത്. പ്രകൃതി രമണീയമാണ് ടുണീഷ്യയിലെ മലമ്പ്രദേശങ്ങള്‍. ടൂണിസ് എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ രാത്രി ചിലവഴിക്കുക എന്നാണ്. ഗോതമ്പും ചോളവും മുന്തിരിയും ബാര്‍ലിയും യഥേഷ്ടം ഇവിടെ കൃഷി ചെയ്യപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഒലീവ് എണ്ണ ഉല്‍പാദിപ്പിക്കപ്പെടുന്ന രാജ്യമാണ് ടുണീഷ്യ.

മത രംഗം

 ഉഖ്‌ബത്‌ ബിന്‍ നാഫിഅ് എന്നറിയപ്പെടുന്ന മഹാനായ സഹാബിയ്യാണ് ഈ നാടുകളുടെ യഥാര്‍ത്ഥ വിമോചകനായി ഗണിക്കപ്പെടുന്നത്‌.  ഹിജ്റ 50-ല്‍ അദ്ദേഹം നിര്‍മിച്ച ടുണീഷ്യയിലെ പട്ടണമാണ് ഖൈറവാന്‍. തന്ത്രപ്രധാനമായ ഈ പട്ടണം നൂറ്റാണ്ടുകളോളം ആഫ്രിക്കയിലേക്കും മുസ്‌ലിം സ്പയിനിലേക്കുമുള്ള മുസ്‌ലിം സൈനിക നീക്കങ്ങളുടെ കേന്ദ്രവും അതേസമയം ഇസ്ലാമിക വൈജ്ഞാനിക പുരോഗതിയുടെ വിളനിലവുമായിരുന്നു. അല്‍-അസ്ഹര്‍ യൂണിവേഴ്സിറ്റി നിര്‍മിക്കുന്നതിനു 300- വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട ജാമിഅ് ഉഖ്ബത് ബിന്‍ നാഫിഅ് കേന്ദ്രീകരിച്ച് ഒട്ടേറെ ഇസ്‌ലാമിക പാഠശാലകളും ഗ്രന്ഥാലയങ്ങളും ഖൈരവാന്‍ പട്ടണത്തില്‍ ഉണ്ടായിരുന്നു. അബ്ബാസിയ്യ ഭരണ തലസ്ഥാനമായിരുന്ന ബാഗ്ദാദിലെ വൈജ്ഞാനിക കേന്ദ്രങ്ങളുമായി നിരന്തര സമ്പര്‍ക്കം വഴി ആ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ ഗ്രന്ഥങ്ങള്‍ അങ്ങോട്ടെത്തിക്കാനും ഖൈറവാന്‍ സാധിച്ചുവെന്നു ചരിത്രം പറയുന്നു.  ഉസ്മാനികളുടെ കാലത്തും തുര്‍ക്കിക്കാരുടെ കാലത്തും നഷ്ടപ്പെടാത്ത ഈ വിശ്വാസമാണ് 1956- ല്‍ ഫ്രഞ്ചുകാരെ തുരത്തിയത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റ് മുസ്ലിം ആവണമെന്ന നിബന്ധന ഭരഘടന മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയ രംഗം

1950 ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ടുണീഷ്യയില്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ ഹബീബ് ബൂര്‍ഗിബ ഏക പാര്‍ട്ടി സംവിധാനത്തിലൂടെ സ്വേച്ഛാധിപത്യ ഭരണം നടത്തിയപ്പോള്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും സ്വതന്ത്ര രാഷ്ട്രീയ, മത പ്രവര്‍ത്തനങ്ങള്‍ക് ക്കൂച്ചുവിലങ്ങ് വീഴുകയും ചെയ്തു. ടുണീഷ്യയുടെ 'മുസ്തഫ കമാല്‍' എന്നു ചിലര്‍ അദ്ദേഹത്തെ വിളിക്കുന്നത് മത നിരാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണ്ടിട്ടാണ്. പാശ്ചാത്യരുടെ പൊന്നോമനയായിരുന്ന ബൂര്‍ഗിബ മത ചിന്ഹങ്ങളെ വലിയ അസഹിഷ്ണുതയോടെയാണ് കണ്ടത്‌. താടിയും തലപ്പാവും ശിരോവസ്ത്രവും പൊതു സമൂഹത്തില്‍ അലര്‍ജിയായി മാറ്റപ്പെട്ടു. ബാങ്ക് വിളിക്കു പോലും നിയന്ത്രണങ്ങള്‍ വന്നു.

രോഗബാധിതനായ ബൂര്‍ഗിബയെ പുറത്താക്കി 1987-ല്‍ ടുണീഷ്യന്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുതിയ സൂര്യോദയം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വജനപക്ഷപാതത്തിന്‍റെയും അധികാര ദുര്‍വിനിയോഗത്തിന്‍റെയും രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെയും കരാളരാത്രികളാണെന്നു ടുണീഷ്യന്‍ ജനത മനസ്സിലാക്കാന്‍ അധികം വൈകേണ്ടിവന്നില്ല.

അറബ് വസന്തവും ടുണീഷ്യയയും

അറബ് രാജ്യങ്ങളിലെ ഏകാധിപതികളെ പുറത്താക്കി ജനാധിപത്യത്തിലേക്ക്‌ വഴി നടത്തിയ ജനകീയ വിപ്ലവങ്ങള്‍ക്ക് തുടക്കമായത്‌ ടുണീഷ്യയില്‍ നിന്നാണ്. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ 2011 ജനുവരി 14ന് ബിന്‍ അലിയും ഭാര്യയും നാടുവിട്ടതോടെ ടുണീഷ്യയിയില്‍ പുതിയ ഒരു ചരിത്രത്തിനു തുടക്കമായി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന റാഷിദ് ഗനൂശിയുടെ നേത്രത്വത്തിലുള്ള അന്നഹ്ദ പാര്‍ട്ടി മേധാവിത്വം നേടി.

രാഷ്ട്രീയ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ സമിതി കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുന്‍സിഫ്‌ മര്സൂഖിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. അന്നഹ്ദ പാര്‍ട്ടിയുടെ ഹമാദി ജാബാലിയായിരുന്നു പ്രധാനമന്ത്രി. ഇടതുപക്ഷ രാഷ്ട്രീയ നേതാവായിരുന്ന ശുക്റി ബല്‍ഈദിയുടെ കൊലപാതകത്തുടര്‍ന്നുണ്ടായിരുന്ന രാഷ്ട്രീയ അസ്ഥിരതയെ അദ്ദേഹം രാജിവെച്ചു. അന്നഹ്ദയുടെ തന്നെ അലി അല്‍-അറയ്യിദാണ് പുതിയ പ്രധാനമന്ത്രി.

-റശീദ് ഹുദവി വയനാട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter