ചൈനീസ് മുസ്‌ലിംകളുടെ വര്‍ത്തമാനം

ചൈനീസ് മുസ്‌ലിംകളെയും അവിടുത്തെ ഇസ്‌ലാമിക ചലനങ്ങളെയും കുറിച്ച് വിവരങ്ങള്‍ ഏറെ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇതര പ്രവിശ്യകളിലെ മുസ്‌ലിംകളില്‍ നിന്നും വ്യത്യസ്തമായി ചില സാംസ്‌കാരിക ജീവിത കാഴ്ചപ്പാടില്‍ അവര്‍ വേറിട്ടു നിക്കുന്നുവെന്നത് പ്രത്യേകതയാണ്. ചൈനയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം പിടിക്കുന്നത്. ഇറാന്‍ മിഷിനറിയാണ്. ചൈനീസ് മുസ്‌ലിംകളുടെ സംഭാഷണത്തിലും നിത്യപ്രവര്‍ത്തനങ്ങളിലുമുള്ള പേര്‍ഷ്യന്‍ ഭാഷയുടെ സ്വാധീനം അതിന് പ്രത്യക്ഷ തെളിവ് നല്‍കുന്നു.

ചൈനീസ് മുസ്‌ലിം അംഗസംഖ്യ തിട്ടമല്ലെങ്കിലും ഗവണ്‍മെന്റ് കണക്കനുസരിച്ച് 18 മില്യണ്‍ ഉണ്ടെന്നാണ്. യഥാര്‍ത്ഥത്തില്‍ നാല്‍പത്, എഴുപത് മില്യണ്‍ മുസ്‌ലിംകള്‍ ഉണ്ടാവാമെന്ന് കരുതപ്പെടുന്നു. മുപ്പത്തിനാലായിരത്തോളം മസ്ജിദുകള്‍ ചൈനയില്‍ നിലകൊള്ളുന്നു. അവയില്‍ ചിലതിന് ആയിത്തി ഇരുനൂറ് വര്‍ഷത്തിലേറെ പഴക്കം കണക്കാക്കപ്പെടുന്നു.

പ്രധാനമായും രണ്ട് വിഭാഗങ്ങളായി മുസ്‌ലിംകളെ വേര്‍ത്തിരിക്കപ്പെടുന്നു. ഒന്ന്, അയോഗോസ്(അയോഗര്‍) വിഭാഗം. അറബിക്, പേര്‍ഷ്യന്‍ എന്നിവയാണ് ഇവരുടെ ഭാഷ. 'സിന്‍ കിയാങ്' സംസ്ഥാനത്താണ് ഇവരെ ഏറെയും കാണപ്പെടുന്നത്. 'ഹൂയി' (ചൈനീസ് ഭാഷ) വിഭാഗമാണ് രണ്ടാമത്തേത്. അറബിക്, പേര്‍ഷ്യന്‍ തന്നെയാണ് ഭാഷ. ഈ വിഭാഗം ചൈനയിലാകെ വ്യാപിച്ചുകിടക്കുന്നു. ഇസ്‌ലാം ഇതര മതങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ചൈനയില്‍ വളരുന്നത്. അതിന്റെ അടിസ്ഥാനപരവും താത്വികവുമായ സിദ്ധാന്തങ്ങള്‍ക്ക് ഒരു മാറ്റവും വരാത്ത വിധത്തില്‍ അത് ചൈനീസ് സംസ്‌കാരവുമായി ചേര്‍ന്നു നിന്നിരിക്കുന്നു. 'ടാങ്' ഭരണകാലത്ത് കടന്നു വന്ന മാനാവി മതം, ക്രിസ്ത്യാനിസം, ജൂതായിസം, സോറോട്രിയിനിസം തുടങ്ങിയ മതങ്ങളെല്ലാം തന്നെ ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം തകര്‍ന്നു പോയി. ചൈനയുടെ പാരമ്പര്യ സംസ്‌കാരവുമായി അവയ്ക്ക് പൊരുത്തപ്പെട്ട് പോകാന്‍ കഴിഞ്ഞില്ലെന്നതാണ് കാരണം. കണ്‍ഫ്യൂഷസിന്റെ മാനുഷിക കരുണയുടെ അഞ്ച് അടിസ്ഥാന കാര്യങ്ങളടക്കം പലതും ചൈനീസ് സമൂഹത്തില്‍ നിന്നും വിദ്യ നേടിയ മുസ്‌ലിം പണ്ഡിതന്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ബന്ധുക്കളിലെ അഞ്ചു തലമുറയില്‍ പെട്ടവരെ വിവാഹം കഴിക്കില്ലെന്ന കീഴ്‌വഴക്കമുണ്ട്. ഇങ്ങനെ പലതു കൊണ്ടും ലോക മുസ്‌ലിംകളില്‍ നിന്നും അവിടുത്തെ മുസ്‌ലിംകള്‍ വേറിട്ടു നില്‍ക്കുന്നു. ചൈനീസ് കരവിരുതില്‍ നിര്‍മിച്ച പള്ളി പരിസരത്തായി മൃഗത്തിന്റെ പ്രതിമ കാണാന്‍ കഴിയും. ചൈനീസ് സംസ്‌കാരത്തില്‍ പിശാചിനെ ആട്ടിയകറ്റാനും സൗഭാഗ്യം ലഭിക്കാനുമുള്ള ഒരുപാധിയായി ഇത് കരുതിപ്പോരുന്നു. ആരോഗ്യം, ആയുസ്സ്, സൗഭാഗ്യം എന്നിവ പ്രതീകമായി അടയാളപ്പെടുത്തുന്ന ചൈനീസ് കൊത്തുപണികള്‍ ഉല്ലേഖനം ചെയ്ത മാര്‍ബിളുകളിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.

ബീജിംഗിലെ മുസ്‌ലിംകള്‍

ബീജിംഗില്‍ ഇസ്‌ലാം എന്ന് എത്തിയെന്ന് വ്യക്തമല്ല. ഒരു അഭിപ്രായ പ്രകാരം ലിയാവ് ഭരണകൂടത്തിന്റെ കാലത്ത് 'നിയോജിയേ' പള്ളിയുടെ നിര്‍മാണം നടന്നതിനാല്‍ അക്കാലയളവിലാവണം ഇസ്‌ലാമിന്റെ പ്രവേശനമെന്ന് കരുതുന്നു. പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ശൈഖ് ഗവാമുദ്ദീന്‍ ചൈനയിലെത്തി. ഗവണ്‍മെന്റ് ശൈഖിന്റെ മക്കള്‍ക്കു വലിയ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും അവര്‍ അത് തിരസ്‌കരിച്ചു. അവര്‍ പള്ളികളില്‍ ഇമാമത്ത് നില്‍ക്കുകയും ചൈനയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. തങ്ങളുടെ ദഅ്‌വ പ്രവര്‍ത്തന ങ്ങള്‍ക്കു ഏറ്റവും അനുയോജ്യമായ സ്ഥലം ബീജിംഗാണെന്നു മക്കളായ സഅ്ദുദ്ദീനും നസ്‌റുദ്ദീനും മനസ്സിലാക്കി. അങ്ങനെ അവര്‍ പള്ളികള്‍ പണിയാന്‍ ഭരണകൂടത്തോട് അപേക്ഷിച്ചു. ഭരണകൂട അനുമതിയോടെ സഅ്ദുദ്ദീന്‍ 'സോങ്‌ഗോ'യില്‍ ഒരു പള്ളിയും നസ്‌റുദ്ദീന്‍ തെക്കന്‍ നഗര പ്രാന്തപ്രദേശത്ത് ഇന്ന് നിലകൊള്ളുന്ന 'നിയോജിയ' പള്ളിയും പണിതു. മിസ്. ചിയോചിയാന്‍ 1259 സിയി ല്‍ എഴുതിയ ഒരു പുസ്തകത്തില്‍ 2593-ഓളം മുസ്‌ലിം കുടുംബങ്ങള്‍ ബീജിങ്ങില്‍ താമസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ കുടുംബത്തിലും ഏകദേശം നാലു പേരെന്ന നിലക്ക് നോക്കിയാല്‍ ബീജിങ്ങില്‍ 10372-ഓളം മുസ്‌ലിംകള്‍ താമസിച്ചിരുന്നുവെന്ന് അനുമാനിക്കാം. യാന്‍ കാലഘട്ടത്തിലേതെന്നു കരുതുന്ന കല്ലു കൊണ്ടു നിര്‍മിച്ച പഴയ രണ്ട് പള്ളികള്‍ കണ്ടെത്തിയിട്ടുണ്ട് 1280-ല്‍ അന്തരിച്ച മദീന സ്വദേശിയായ മുഹമ്മദ് ബിന്‍ അഹ്മദും 1283 ല്‍ അന്തരിച്ച ബച്ചറായ സ്വദേശിയായ ഗവാമുദ്ദീനും ഇവിടെ ജീവിച്ച ഇസ്‌ലാമിക പണ്ഡിതരില്‍ പ്രമുഖരാണ്.

1979-ല്‍ ബീജിങ്ങില്‍ ആദ്യമായി പ്രാദേശിക മുസ്‌ലിംകളുടെ ഒരു സമ്മേളനം ചേരുകയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആസൂത്രണങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. ബീജിങ്ങില്‍ താമസിക്കുന്ന 200000-ഓളം മുസ്‌ലിംകള്‍ ഇതില്‍ അംഗങ്ങളാണ്. ഈ സംഘടന മുസ്‌ലിംകളുടെ നിയമപരമായ അവകാശം പിന്തുടരുന്നു. സാംസ്‌കാരിക വിപ്ലവത്തിനിടെ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് മുസ്‌ലിംകള്‍ക്കുണ്ടായ നഷ്ടങ്ങളെ ഗവണ്‍മെന്റിന്റെ തന്നെ സഹായത്തോടെ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയത് ഈ സംഘടനക്ക് മുസ്‌ലിം പൊതു സമൂഹത്തില്‍ നിന്നും കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ കാരണമായി.

ബീജിങ്ങിലിപ്പോള്‍ അറുപത്തിയെട്ടോളം പള്ളികളും, മുസ്‌ലിംകളുടെ ദൈനംദിന പ്രശ്‌നങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു കൊണ്ടിരിക്കുന്ന നൂറ്റി ഇരുപതോളം മത പണ്ഡിതരുമുണ്ട്. ഇസ്‌ലാമിന്റെ  ഗംഭീര വളര്‍ച്ചയും മുസ്‌ലിംകളുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമെല്ലാം കാണിക്കുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ നവജാഗരണത്തെയാണ്. ചൈനയിലെ മുസ്‌ലിം സ്ത്രീയുടെ സാന്നിധ്യം പ്രത്യേകം അടയാളപ്പെടുത്തേണ്ടതുണ്ട്. 1980-കളോടെ സ്ത്രീകള്‍ക്കു വേണ്ടി മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവുകയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലെ മുസ്‌ലിംകള്‍ക്കിടയില്‍ അത് വ്യാപകമാവുകയും ചെയ്തു. വിദ്യാഭ്യാസ കോഴ്‌സുകളും അറബിയും ചൈനീസടക്കമുള്ള ഭാഷകളും പഠിപ്പിക്കുന്നതിനായി സ്‌കൂളുകളും അവര്‍ക്കു പ്രത്യേകമായുണ്ട്. മാരിയ ജാസ് ചോക്കും സൂയി ജിങ്ചാനും കൂടിയെഴുതിയ ''ദി വുമണ്‍സ് മാസ്‌ക്‌സ് ഇന്‍ ചൈനീസ് ഇസ്‌ലാം'' എന്ന പുസ്തകം ചൈനയിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മിങ്ങിന്റെയും ചാങ്ങിന്റെയും ഭരണ കാലഘട്ടം ചൈനയുടെ ചരിത്രത്തിലെ സ്വേച്ഛാധിപത്യ കാലഘട്ടമായിരുന്നു ഈ കാലഘട്ടത്തില്‍, സാംസ്‌കാരിക ന്യൂനപക്ഷം അധഃപതിക്കുകയും ഇസ്‌ലാമിക സംസ്‌കാരം പൊതു സംസ്‌കാരവുമായി കൂടിക്കലരുകയും ചെയ്തു. മുസ്‌ലിം പണ്ഡിതരുടെയും ഇസ്‌ലാമിക നാഗരികതയുടെയും 'ഹൂയി' മുസ്‌ലിംകളുടെയും പ്രതിസന്ധിയുടെ ഈ കാലയളവില്‍, അതിജീവനത്തിലൂടെ ചൈനയിലെ പള്ളികളിലൂടെയുള്ള വിദ്യാഭ്യാസ പദ്ധതിക്ക് കളമൊരുങ്ങി. ചൈനയിലെ ഇസ്‌ലാമിന്റെ ചരിത്രത്തില്‍ മുഖ്യ നേട്ടങ്ങളിലൊന്ന് പള്ളികളിലൂടെയുള്ള വിദ്യാഭ്യാസ പദ്ധതിയാണെന്നു പറയാനന്‍ കഴിയും.

'ലാന്‍ജൂ' നഗരത്തിലെ മിക്ക പള്ളികളിലും വിദ്യാഭ്യാസ പദ്ധതി നടത്തിപ്പോരുന്നു. 40-50 വയസ്സ് പ്രായമുള്ള ഉമ്മമാര്‍ക്കു വേണ്ടി മൂന്നു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ 16-20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മൂന്നു വര്‍ഷത്തെ കോഴ്‌സുണ്ട്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പ്രത്യേക കോഴ്‌സ് പഠിപ്പിക്കുന്നു. മുഖ്യ വിഷയമായ ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമെ, ചൈനീസ് ഭാഷയിലും കംപ്യൂട്ടര്‍ പഠനത്തിലും പരിജ്ഞാനം നല്‍കുന്നു. 'ഷെയ് ഗോണ്‍സിലെ വുമെന്‍സ് സ്‌കൂളിലെ അറബി-ചൈനീസ് ലാംഗ്വേജിന്റെ ഹെഡായ മിസ്സിസ്സ് 'യാങ്ങ് ചാന്‍' ഇതേക്കുറിച്ചു പറയുന്നു: ''ഒരു പുരുഷന്‍ വിദ്യാഭ്യാസം നേടല്‍ വൈയക്തികം മാത്രമാണ്. എന്നാല്‍ ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാല്‍ അത് സമൂഹത്തിനു തന്നെ ഗുണകരമാവും. കാരണം അവള്‍ കുടുംബ നായികയാണ്. കുടുംബങ്ങളില്‍ നിന്നാണല്ലോ സമൂഹം രൂപപ്പെടുന്നത്.'' ചൈനയുടെ തുറന്ന നയത്തില്‍ പരിഷ്‌കാരത്തോടൊപ്പം സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ മാറ്റം അവിടെ നടക്കുന്നുണ്ട്. പൊതു സംസ്‌കാരത്തെപ്പോലെ ഇസ്‌ലാമിക സംസ്‌കാരവും ഇതരരില്‍ സ്വാധീനം ചെലുത്തുന്നു. ഇസ്‌ലാമിക ചുറ്റുപാടിന്റെ നല്ല നാളുകള്‍ ചൈനയുടെ സമീപ ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാനാവുമെന്ന കാര്യം തീര്‍ച്ച.

വിവ. ശഫീഖ് വഴിപ്പാറ

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter