ഖുർആന്‍ നെഞ്ചേറ്റുക, ജീവിതം ചിട്ടപ്പെടുത്തുക

ഈ ഉപദേശം ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എനിക്ക് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കും നിങ്ങൾക്കും ഇത് നടപ്പാക്കാൻ ഭാഗ്യമുണ്ടാവട്ടെ !ആമീൻ ഈ ഉപദേശം നിങ്ങളോട് അല്ലാഹു കാൺകെ ഞാൻ പറയുന്നതിൽ ലജ്ജിക്കുന്നു. കാരണം എന്നെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാണല്ലോ അല്ലാഹു. മാത്രമല്ല നിങ്ങൾ എന്നെക്കാളും ഉത്തമരാണെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

അല്ലാഹു പറയുന്നു:
അല്ലാഹുവിനോട് വൈമുഖ്യം കാണിച്ച് തെറ്റുകൾ ചെയ്തു കൂട്ടുന്നവർ  ഖുർആനിൽ നിന്ന് അകറ്റപ്പെടും. (ദാരിയാത്-9)
ഖുര്‍ആന്‍ പഠിക്കാനും ഓതാനും പ്രവര്‍ത്തിക്കാനുമുള്ളതാണ്. കഴിയുന്നത്ര അത് മനപ്പാഠമാക്കാന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു, ആയതിനാല്‍ ഇനിയും അല്പമെങ്കിലും മനപാഠമില്ലാത്തവര്‍ അത് തുടങ്ങിക്കൊള്ളട്ടെ, അല്‍പം പഠിച്ചവര്‍ കൂടുതല്‍ കൂടുതല്‍ പഠിക്കാനും. ആവർത്തനം ചെയ്യാത്തവർ അത് ശീലിക്കട്ടെ, സ്ഥിരമായി ഓതുന്ന പതിവില്ലാത്തവര്‍ അത് ശീലിക്കേണ്ടിയിരിക്കുന്നു. 
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പലപ്പോഴും നമുക്ക്  ആലസ്യം തോന്നാറുണ്ട്. അത് ഇല്ലാതാവുന്ന തലത്തിലേക്ക് നാം ഉയരേണ്ടിയിരിക്കുന്നു. രാപ്പകൽ മുഴുവന്‍ പാരായണം ചെയ്താലും മടിയോ ക്ഷീണമോ അനുഭവപ്പെടാത്തവിധം രസകരമാണത്രെ അത്.
അതോടൊപ്പം, ബുദ്ദിവികാസത്തിനും അത് കാരണമാവും.
അബ്ദുൽ മലിക് ബ്നു ഉമൈർ (റ) പറയുന്നു:  ജനങ്ങളിൽ കൂടുതൽ കാലം ബുദ്ധിസ്ഥിരത ഉള്ളവർ  ഖുർആൻ കൂടുതൽ പാരായണം ചെയ്യുന്നവർ ആയിരിക്കും. ഖുർത്വുബി (റ) പറയുന്നു: ഖുർആൻ പാരായണം ചെയ്യുന്നവരുടെ ബുദ്ധിക്ക് ശതാബ്ദി കഴിഞ്ഞാലും കോട്ടം തട്ടില്ല. 
ജീവിതാശൈര്യത്തിനും അത് കാരണമാത്രെ. ഇബ്റാഹീമുൽ മഖ്ദിസി തന്റെ ശിഷ്യനെ ഉപദേശിച്ചു: നീ ഖുർആൻ ധാരാളമായി പാരായണം ചെയ്തു കൊള്ളുക. ഓതുന്നതിന്റെ തോതനുസരിച്ച് നിന്റെ ആവശ്യങ്ങൾ നിനക്ക് നിര്‍വ്വഹിക്കപ്പെടും. അല്ലാഹു പറയുന്നു: അനുഗ്രഹപൂർണ്ണമായ (ബര്‍കത് നിറഞ്ഞ) ഒരു ഗ്രന്ഥം നാം നിന്നിലേക്ക് അവതരിപ്പിച്ചു. (അന്‍ആം 155) 
പല ഖുർആൻ പണ്ഡിതരും ഇങ്ങനെ പറയുന്നു: ഞങ്ങൾ ഖുർആനിൽ സമയം ചെലവഴിച്ചപ്പോൾ ദുൻയാവിൽ ഞങ്ങളെ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പൊതിഞ്ഞു.
എത്രമാത്രം സമയമാണ് നാമൊക്കെ ഉറങ്ങാന്‍ ചെലവഴിക്കുന്നത്. ഇനിയെങ്കിലും അതിന് പരിധി നിശ്ചയിക്കേണ്ടിയിരിക്കുന്നു. ലോകം ഉറങ്ങുമ്പോള്‍ കിടക്ക വിട്ട് എണീറ്റ് അല്ലാഹുവിന്റെ മുന്നിൽ സാഷ്ടാംഗം നമിക്കാനുള്ള മനശ്ശക്തിയുള്ളവര്‍ എത്ര ഭാഗ്യവാന്മാരാണ്. നമ്മെ നമുക്ക് തന്നെ നിയന്ത്രിക്കാം, ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വരുത്താം.
ദിവസവും ഖുർആനിൽ നിന്ന് ഒരു ഭാഗം പാരായണം ചെയ്യണമെന്ന് നമുക്ക് ഉറച്ച തീരുമാനമെടുക്കാം. കൂടാതെ, സ്വലാത്, തസ്ബീഹ്, തഹ്‍ലീല്‍, ഇസ്തിഗ്ഫാര്‍ തുടങ്ങി ഏതാനും ദിക്റുകളും നമുക്ക് ദിനചര്യയുടെ ഭാഗമാക്കാം. ദുആക്ക് പ്രത്യേകം സമയം കണ്ടെത്താം, സ്വന്തത്തിന് വേണ്ടിയും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും മുഴുവന്‍ മനുഷ്യരുടെയും നന്മക്കും വേണ്ടി ദിവസവും നമുക്ക് ദുആ ചെയ്യാം.
അങ്ങനെയൊക്കെയാവുമ്പോഴാണ്, ജീവിതം അര്‍ത്ഥവത്താകുന്നത്. കേവല യാന്ത്രികതയില്‍നിന്ന് മാറി, അര്‍ത്ഥവും വ്യാപ്തിയുമുള്ള യഥാര്‍ത്ഥ മനുഷ്യജീവിതമാവുന്നത്, അഥവാ, വിശ്വാസിയുടെ ജീവിതമാവുന്നത്.
അല്ലാഹുവേ, നീ ഞങ്ങളെ തുണക്കണേ, ആമീന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter