വിഷയം: കണ്കുളിർമ
നബിയുടെ കണ്കുളിർമ എന്നറിയപ്പടുന്ന കർമം ഏതാണ് ഉസ്താദേ?
ചോദ്യകർത്താവ്
Hanna fahmi k
Oct 11, 2022
CODE :Abo11534
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
തിരു നബി അരുളുന്നു: "സുഗന്ധവും സ്ത്രീകളും ഐഹിക ജീവിതത്തിൽ എനിക്ക് ഇഷ്ടപ്പെട്ട വസ്തുക്കളാണ്. എന്നാൽ, എൻറെ കണ്ണു കുളിർക്കുന്നത് നിസ്കാരത്തിലുമാണ്"(നസാഈ). ഒരുപാട് അർത്ഥതലങ്ങളിലേക്ക് ഈ ഒരു ഹദീസ് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. തിരുനബിക്ക് സുഗന്ധം ഏറെ ഇഷ്ടമായിരുന്നു എന്നാണ് ഹദീസിന്റെ ആദ്യ ഭാഗം സൂചിപ്പിക്കുന്നത്. ബുദ്ധി വർദ്ധിക്കാൻ സുഗന്ധോപയോഗം ഏറെ സഹായകമാണ്. സുഗന്ധം പരക്കുന്ന പരിസരത്തെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. രണ്ടാം ഭാഗം സ്ത്രീകളുടെ മഹത്വത്തെയാണ് വിളിച്ചോതുന്നത്. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞാൽ കുഴിച്ചുമൂടിയിരുന്ന സമുദായത്തോട് എനിക്ക് സ്ത്രീ സമൂഹം ഇഷ്ടമാണെന്ന് പറയുന്ന പ്രവാചക തിരുവചനം അർത്ഥവത്തായ വചനങ്ങൾ തന്നെ. എന്നാൽ ഇതിലപ്പുറം, തിരു നബിയുടെ കണ്ണുകൾ കുളിർക്കുന്നതും മനസ്സുകൾ നിറയുന്നതും നിസ്കാരത്തിൽ ആണെന്ന് ഹദീസിന്റെ മൂന്നാം ഭാഗം വിശദീകരിക്കുന്നു. സ്രഷ്ടാവായ അല്ലാഹുവിൻറെ മുമ്പിൽ അല്ലാഹു വലിയവനാണ് എന്ന് ഉച്ചരിച്ചു കൈ കെട്ടി തുടങ്ങുന്ന നിസ്കാര കർമ്മങ്ങളിൽ ഈമാൻ തുളുമ്പുന്ന ഹൃദയങ്ങൾക്ക് ആശ്വാസം കിട്ടാതിരിക്കില്ല.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ