കുട്ടികളുടെ ഉംറ വിശദീകരിക്കാമോ?
ചോദ്യകർത്താവ്
റിയാസ്. കെ. കുഴിമണ്ണ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുട്ടികള്‍ ഉംറ ചെയ്താല്‍ അത് സ്വഹീഹാകും. അതിന്‍റെ പ്രതിഫലം അവരുടെ രക്ഷിതാക്കള്‍ക്ക് ലഭിക്കുകയും ചെയ്യും. പക്ഷേ, അത് അവരുടെ നിര്‍ബന്ധ ബാധ്യതയില്‍ നിന്നു ഒഴിവാക്കുകയില്ല. അഥവാ ഉംറ ചെയ്ത കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം ഉംറ ചെയ്യാനുള്ള കഴിവുണ്ടായാല്‍ വീണ്ടും ഒരു ഉംറ നിര്‍വ്വഹിക്കേണ്ടി വരും. ഉംറയുടെ ഇഹ്റാം വകതിരിവില്ലാത്ത കുട്ടിക്കു വേണ്ടി വലിയ്യ് (രക്ഷിതാവ്) നിര്‍വ്വഹിക്കണം. വകതിരിവെത്തിയവനു അവന്‍ തന്നെയാണ് നിര്‍വ്വഹിക്കേണ്ടത്. അതിനു ശേഷം കുട്ടി മുഹ്റിമായിരിക്കും. ത്വവാഫ്, സഅ്‍യ് എന്നിവ സ്വയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത കുട്ടിയാണെങ്കില്‍ അവര്‍ക്കു വേണ്ടി രക്ഷിതാവ് നിര്‍വ്വഹിക്കണം. ത്വവാഫിന്‍റെ നിബന്ധനകളില്‍ പെട്ട ശുദ്ധിയും ഔറത് മറക്കലും കുട്ടിയിലുണ്ടെന്ന് ശ്രദ്ധിക്കണം. വകതിരിവെത്താത്ത കുട്ടിക്കു വുദൂ എടുത്തു കൊടുക്കുകയും വുദൂവിന്‍റെ നിയ്യത്തു അവനു വേണ്ടി വെക്കുകയും വേണം. ആദ്യം രക്ഷിതാവ് സ്വയം നിര്‍ബന്ധമായത് ചെയ്യുക. പിന്നീടു കുട്ടിക്കു വേണ്ടി ചെയ്യുക. പിന്നെ തഹല്ലുലാവാനായി കുട്ടിയുടെ തലയില്‍ നിന്നു മുടി നീക്കം ചെയ്യുക.ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.