വിഷയം: മര്‍വയില്‍ വെച്ച് മുടി കളയല്‍
ഉംറയില്‍ നിന്ന് വിരമിക്കാന്‍ മര്‍വയില്‍ വെച്ച് മുടി നീക്കം ചെയ്യല്‍ എല്ലായിപ്പോഴും സാധ്യമായി കൊള്ളണം എന്നില്ലല്ലോ. പ്രത്യേകിച്ച് ഇപ്പോള്‍ കൊറോണ സമയത്ത് മർവയിൽ കൂടുതൽ സമയം നിൽക്കാനോ മുടി മുറിക്കാനോ അനുവദിക്കുന്നില്ല. അത് കൊണ്ട് പുറത്തു പോയതിന് ശേഷം മുടി മുറിച്ചാൽ ശരിയാകില്ലേ?
ചോദ്യകർത്താവ്
Abdullah
May 24, 2021
CODE :Oth10102
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സഅ്’യ് പൂര്‍ത്തിയാക്കിയ ശേഷം ഉംറയില്‍ നിന്ന് വിരമിക്കുന്നതിന് വേണ്ടിയാണ് മുടി നീക്കം ചെയ്യുന്നത്. ഇത് സഅ്’യ് പൂര്‍ത്തിയാക്കിയ ശേഷം മര്‍വ കുന്നിന്‍റെ മുകളില്‍ വെച്ച് തന്നെ ചെയ്യണമെന്നില്ല. അവിടെ വെച്ചോ പുറത്തിറങ്ങിയ ശേഷം മസ്ജിദുല്‍ ഹറാമിന്‍റെ മുറ്റത്ത് വെച്ചോ ബാര്‍ബര്‍ ഷോപ്പില്‍ വെച്ചോ റൂമിലേക്ക് മടങ്ങിയ ശേഷം റൂമില്‍ വെച്ചോ ഒക്കെ ചെയ്യാവുന്നതാണ്. പക്ഷെ, മുടി നീക്കി തഹല്ലുലായ ശേഷമേ ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങള്‍ ചെയ്യല്‍ അനുവദനീയമാകൂ എന്ന് മാത്രം.
മര്‍വയില്‍ നിന്ന് മുടി നീക്കം ചെയ്യുമ്പോള്‍, അവിടെ മുടി ഉപേക്ഷിക്കല്‍ കാരണം വൃത്തികേടാവുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുക, സ്ത്രീകള്‍ മുടി മുറിക്കുമ്പോള്‍ അന്യപുരുഷന്മാര്‍ കാണുക തുടങ്ങിയ കാരണങ്ങളെല്ലാം പരിഗണിച്ച് അവിടെ വെച്ച് മുടി നീക്കം ചെയ്യുന്നത് വിലക്കേര്‍പ്പെടുത്തിയ ബോഡുകള്‍ മര്‍വയില്‍ കാണാം. തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൌകര്യമൊരുക്കുന്നതിന്‍റെ ഭാഗമായുള്ള ഇത്തരം നിര്‍ദേശങ്ങള്‍ നാം പാലിക്കലാണല്ലോ നല്ലത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.