മഹ്‌റമില്ലാതെ ( ആണ്‍തുണയില്ലാതെ) 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിന് ഹജ്ജിനു അനവധി നൽകുന്ന പുതിയ സൗകര്യം ഇസ്‌ലാമിക നിയമ പ്രകാരം ഒന്ന് വിശദീകരിക്കാമോ ?
ചോദ്യകർത്താവ്
Mishal
Feb 3, 2019
CODE :Fiq9118
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഭർത്താവോ, മഹ്റമോ, മൂന്നോ അതിലധികമോ വിശ്വാസ യോഗ്യരായ സ്ത്രീകളോ കൂടെ പോകാൻ ഉണ്ടെങ്കിലേ സ്ത്രീക്ക് ഹജ്ജും ഉംറയും നിർബ്ബന്ധമാകുകയുള്ളൂ. എന്നാൽ യാത്ര പോയി തിരിച്ചുവരുന്നത് വരേയുള്ള എല്ലാ കാര്യങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കിൽ (ഫർളായ ഹജജോ ഉംറയോ നിർവ്വഹക്കൽ നിർബ്ബന്ധമില്ലെങ്കിലും) മേൽ പറയപ്പെട്ടവരൊന്നുമില്ലാതെത്തന്നെ ഫർള് നിർവ്വഹിക്കാൻ വേണ്ടി ഒരു സ്ത്രീ പോകുകയാണെങ്കിൽ അതിന് വിരോധമില്ല. അഥവാ അനുവദനീയമാണ്. പക്ഷേ (ഒരിക്കൽ നിർവ്വഹിച്ച് ഫർള് വീടിയവരോ നേർച്ചയാക്കൽ കൊണ്ട് ഫർള് ആയി മാറുകയോ ചെയ്യാത്ത) സുന്നത്തായ ഹജ്ജിനോ ഉംറക്കോ ആണ് ഒരു സ്ത്രീ പോകുന്നതെങ്കിൽ ഭർത്താവോ മഹ്റമോ കൂടെയുണ്ടാൽ നിർബ്ബന്ധമാണ്. സ്ത്രീകളുടെ കൂടെയോ അന്യ പുരുഷന്മാരുടെ കൂടെയോ ഒറ്റക്കോ പോകൽ ഹറാമാണ്. അത് മക്കയിൽ നിന്ന് തൻഈമിൽ പോയി ഇഹ്റാം ചെയ്യലാണെങ്കിൽ പോലും ഹറാമാണ്. ഇക്കാര്യത്തിൽ ചെറുപ്പക്കാരികളെന്നോ വൃദ്ധകളെന്നോ മക്കയിലുള്ളവരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല (തുഹ്ഫ). ഇനി ഭർത്താവോ മഹ്റമോ കൂടെ പോകാൻ ഇല്ലാത്തവരും ഫർളായ ഹജ്ജും ഉംറയും നിർവ്വഹിച്ചവരുമായ സ്ത്രീകൾക്ക് വീണ്ടും ഹജ്ജും ഉംറയും നിർവ്വഹിക്കണമെന്ന് കലശലായ മോഹമുണ്ടെങ്കിൽ അവർക്ക് അത് നേർച്ചയാക്കാവുന്നതാണ്. അപ്പോൾ അത് നിർവ്വഹിക്കാൽ അവർക്ക് ഫർളായി മാറും. ഫർളായി മാറിയാൽ ഭർത്താവോ മഹ്റമോ ഇല്ലെങ്കിൽ സ്ത്രീകളുടെ കൂടെ പോകാം, അതു പോലെ (പോയി തിരിച്ചുവരുന്നത് വരേയുള്ള എല്ലാ കാര്യങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കിൽ) ഒറ്റക്കും പോകാം. ഇങ്ങനെ നേർച്ചയാക്കുമ്പോൾ കൂടെ പോകാൻ ഭർത്താവോ മഹ്റമോ ഇല്ലാത്തതിനാൽ നേർച്ചായക്കുന്നുവെന്നല്ല കരുതേണ്ടത്, മറിച്ച് സാധാരണ പോലെ ഫർളിന്റെ പ്രതിഫലം ലഭിക്കാൻ എന്ന ലക്ഷ്യത്തോടെയാകണം നേർച്ചയാക്കേണ്ടത് (ശർവാനി)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.