ഹജ്ജിന് കഴിവുണ്ടായിരിക്കെ ഉംറക്ക് പോകാന്‍ പറ്റുമോ..(ഉംറ ചെയ്യാത്ത ആള്‍ ആണ്)
ചോദ്യകർത്താവ്
ANU
Feb 13, 2019
CODE :Oth9152
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇവിടെ കഴിവ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് വഴിയാലും തടിയാലും മുതലാലും ഹജ്ജിനോ ഉംറക്കോ അവ രണ്ടിനുമോ പോകാൻ പ്രാപ്തിയുണ്ടാകുകയെന്നതാണ്. ഹജ്ജിന്റേയും ഉംറയുടേയും തസ്രീഹ് ലഭിക്കൽ വഴിയാലുള്ള കഴിവിൽ പെട്ടതാണ്. അതിനാൽ ഇത് വരേ ഹജ്ജും ഉംറയും നിർവ്വഹിക്കാത്ത ഒരാൾക്ക് ഇപ്പോൾ ഹജ്ജ് നിർവ്വഹിക്കാൻ കഴിവുണ്ട്, അതോടൊപ്പം ഇത് ഹജ്ജിന്റെ സമയവുമാണ്. ഹജ്ജിന്റെ മുമ്പോ ശേഷമോ അയാൾക്ക് ഉംറ ചെയ്യാൻ സാധിക്കുകയും ചെയ്യും, എങ്കില്‍ അയാൾ ഹജ്ജും ഉംറയും ചെയ്യല്‍ നിര്‍ബ്ബന്ധമാണ്. കാരണം വഴിയാലും തടിയാലും മുതലാലുമുള്ള കഴിവ് ഹജ്ജ് മാസത്തില്‍ ഹജ്ജിനും ഉംറക്കും ഒന്നാണ്(തുഹ്ഫ).. എന്നാല്‍ ഹജ്ജിന്റെ മാസമല്ലാത്ത സമയത്ത് ഉംറ ചെയ്യാനുള്ള കഴിവുണ്ട് എങ്കില്‍ ഉംറ ചെയ്യണം. പിന്നീട് ഹജ്ജിന്റെ സമയമാകുമ്പോള്‍ ഹജ്ജിന് കഴിവുണ്ടെങ്കില്‍ ഹജ്ജ് ചെയ്താല്‍ മതി. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചുും ഉംറയുടെ തസ്രീഹും അത് നിർവ്വഹിക്കാനുള്ള സംവിധാനവും എളുപ്പവും ചെലവ് ചുരുങ്ങിയതുമാണ്. ഹജ്ജിന്റെ കാര്യത്തിൽ ഇവയെല്ലാം അല്‍പം പ്രയാസമുള്ളതും ചെലവ് കൂടിയതുമാണ്. അതിനാല്‍ നിര്‍ബ്ബന്ധമായ ഉംറക്ക് സൌകര്യപ്പെടുമെങ്കില്‍ ഹജ്ജ് ചെയ്തിട്ടില്ലായെന്ന പേരിൽ ശങ്കിച്ചു നിൽക്കാതെ ഉംറ നിര്‍വ്വഹിക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.