ഒരു സുഹൃത്തിനു വേണ്ടിയുള്ള ചോദ്യമാണ്. പത്ത് ഇരുപത് വര്ഷം തോന്നുമ്പോൾ മാത്രം നമസ്കരിക്കാറുള്ള പ്രത്യേകിച്ച് ജുമുഅ മാത്രം ഒരുപാട് നമസ്കാരം ഉപേക്ഷിച്ച ഒരാൾ എങ്ങിനെയാണ് ആ നമസ്കാരങ്ങളൊക്കെ നമസ്കരിച്ചു വീട്ടേണ്ടത്. നമസ്കാരത്തിലെ ചുരുങ്ങിയ രൂപം പറഞ്ഞു തരാമോ ? നമസ്കാരം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അയാളിൽ നിന്ന് മറ്റു ആരാധന കർമങ്ങൾ ഒന്നും സ്വീകരിക്കില്ല എന്ന് പറയുന്നത് ശരിയാണോ ? ഉദാ ഖുർആൻ പാരായണം അദ്കാർ..... ? ഇത്ര നമസ്കാരം നമസ്കരിച്ചു വീട്ടുന്നതു വരെ എങ്ങിനെയുള്ള ജീവിതമാണ് അയാൾ നയിക്കേണ്ടത് ? മറ്റു ആരാധനാ കർമങ്ങൾ ഒന്നും ചെയ്യാതെ നമസ്കാരത്തിൽ മാത്രം ശ്രദ്ധ ചെലുത്തുകയാണോ വേണ്ടത് ?

ചോദ്യകർത്താവ്

Mishal

Jan 12, 2019

CODE :Fiq9061

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കാരണം കൂടാതെയാണ് ഫര്ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങള‍് എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്. അതിന് മുമ്പ് സുന്നത്ത് നിസ്കാരം (തറാവീഹോ, ളുഹായോ തഹജ്ജുദോ ഏതായാലും) നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാകുമെങ്കിലും അങ്ങനെ സുന്നത്ത് നിസ്കരിക്കല്‍ ഹറാമാണ്. മാത്രമല്ല നിലവില്‍ അദാആയ നിസ്കാരം ഖളാഅ് ആകില്ലെങ്കില്‍ ആ അദാആയ നിസ്കാരത്തിന് മുമ്പ് ഖളാഅ് വീട്ടാനുള്ളത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ അദാആയ നിസ്കാരം ഖളാആകുമെന്ന് ഭയപ്പെട്ടാല്‍ അദാഅ് ആദ്യം നിസ്കരിക്കണം. പള്ളിയില്‍ ജമാഅത്ത് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും അതില്‍ പങ്കെടുത്ത് അദാആയത് നിസ്കരിക്കാതെ ഖളാആയത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. ഖളാഅ് ആയ നിസ്കാരം എത്രയാണ് എന്ന് അറിയില്ലെങ്കിൽ പരമാവധി ഓർത്തെടുത്ത് ഇനിയൊന്നും ബാക്കിയുണ്ടാകില്ല (അഥവാ എല്ലാം ഖളാഅ് വീട്ടിക്കഴിഞ്ഞു) എന്ന് ഉറപ്പാകുന്നത് വരേ ഈ രീതിയില്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണം.  എന്നാല്‍ നിവൃത്തിയില്ലാതെ ഉറങ്ങിപ്പോയി, മറന്നു പോയി തുടങ്ങിയ കാരണം കൊണ്ടാണ് ഫര്‍ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ ഖളാഅ് വീട്ടല് നിര്‍ബ്ബന്ധമാണെങ്കിലും അത് പെട്ടെന്ന് തന്നെ മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടാകല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, നിഹായ).

ഫര്‍ള് നിസ്കരിക്കുന്ന ഇമാമിന് പിന്നില്‍ സുന്നത്ത് നിസ്കരിക്കുന്നവനും സുന്നത്ത് നിസ്കരിക്കുന്നവന് പിന്നില്‍ ഫര്‍ള് നിസ്കരിക്കുന്നവനും ഖളാഅ് വീട്ടുന്നവന് പിന്നില്‍ അദാആയി നിസ്കരിക്കുന്നവനും അദാആയി നിസ്കരിക്കുന്നവന് പിന്നില്‍ ഖളാഅ് ആയി നിസകരിക്കുന്നവനും തുടര്‍ന്ന് നിസ്കരിക്കാം എന്നതിനാല്‍ തറാവീഹ് നിസ്കരിക്കുന്ന ഇമാമിനെ തുടര്‍ന്ന് മഅ്മൂമിന് ഖളാഅ് ആയ തന്റെ  നിസക്കാരം ഖളാഅ് വീട്ടാം, നാല് റക്അത്തുള്ള നിസ്കാരമാണെങ്കില്‍ ഇമാം സലാം വീട്ടിയതിന് ശേഷം എഴുന്നേറ്റ് നിന്ന് ബാക്കി പൂര്‍ത്തിയാക്കിയാല്‍ മതി. കാരണം കൂടാതെ ഫര്‍ള് നിസ്കാരം ഖളാഅ് ആക്കിയവന്‍ ഈ രീതിയിലോ തനിച്ചോ ഖളാഅ് വീട്ടാതെ തറാവീഹ് നിസ്കരിക്കലോ വെറുതെയിരിക്കലോ ഒക്കെ ഹറാമാണ്.

അതു പോലെ കഴിയുമെങ്കിൽ നിസ്കാരത്തിന്റെ റുക്നുകൾ മാത്രം ചെയ്യാതെ സുന്നത്തുകളൊക്കെ പാലിച്ചു കൊണ്ട് തന്നെ ഖളാഅ് വീട്ടലാണ് ഉത്തമം. നിവൃത്തിയില്ലാത്ത ഘട്ടത്തിലേ ഫർള് മാത്രം നിർവ്വഹിച്ച് നിസ്കരിക്കുന്ന രീതി ശറഅ് ഇഷ്ടപ്പെടുന്നുള്ളൂ (ശർവാനി, ശർബീനി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter