നമ്മുടെ നാട്ടില്‍ കഴിച്ചു വരാറുള്ള കുത്ത് രാതീബ് നമുക്ക് അനുവദനീയമാണോ? അതിനു ഇസ്ലാമില്‍ തെളിവ് ഉണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ് അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുത്ത് റാത്തീബ് എന്നത് അനുവദനീയമാണ്. ചില പ്രത്യേക കീര്‍ത്തനങ്ങളും ദിക്റുകളും ദുആകളുമടങ്ങുന്ന പ്രത്യേക റാതീബ് ആണ് അത്. റാതിബ് എന്നാല്‍ പതിവായി ചൊല്ലുന്നത് എന്നാണ് അര്‍ത്ഥം. കൂത്താറാതീബില്‍ ദേഹത്ത് പരിക്കേല്‍പിക്കുകയും മേല്‍പറഞ്ഞ റാതിബിലൂടെ അത് ഭേദമാക്കുകയും ചെയ്യലാണ് നടക്കുന്നത്. ആവശ്യമില്ലാതെ ദേഹത്തില്‍ പരിക്കേല്‍പിക്കുക എന്നതാണ് നിഷിദ്ധമായിട്ടുള്ളത്. ചികില്‍സയുടെ ഭാഗമായി ശരീരഭാഗങ്ങള്‍ കീറിമുറിച്ച് ഓപ്പറേഷന്‍ ചെയ്യുന്നത് ആരും എതിര്‍ക്കാറില്ലല്ലോ. എന്നത് പോലെ, ആത്മീയമായ സംശയങ്ങള്‍ക്കുള്ള ചികില്‍സയാണ് കുത്ത്റാത്തീബിലൂടെ നടക്കുന്നത്. പ്രവാചകന്മാരുടെ മുഅ്ജിസതുകളും ഔലിയാക്കളുടെ കറാമതുകളും നിര്‍വ്വഹിച്ച ധര്‍മ്മവും അതായിരുന്നല്ലോ. മഹാന്മാരായ ഔലിയാക്കളുടെ കറാമതുകളാണ് കുത്ത് റാത്തീബ് നടത്തുന്നവരിലൂടെ പ്രകടമാവുന്നത്.
സ്വഹാബാക്കളുടെ മഹത്വങ്ങള്‍ പറയുന്നിടത്ത് ഇമാം അഹ്മദുബ്നുഹമ്പല്‍ (റ) ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്, ഇറാഖിലെ ഹീറ പട്ടണത്തിലേക്ക് ധര്‍മ്മയുദ്ധത്തിനായി ചെന്ന ഖാലിദ് (റ)വിനോട്, അവിടത്തുകാര്‍ വിഷം തന്ന് താങ്കളെ വകവരുത്തുന്നത് സൂക്ഷിക്കണമെന്ന് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ വിഷം കൊണ്ടുവരിക. അത് കൊണ്ടുവരപ്പെട്ടപ്പോള്‍ അദ്ദേഹം ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലി അത് കുടിച്ചു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അപകടകരമെന്ന് തോന്നുന്ന കാര്യങ്ങളും വിശ്വാസം സ്ഥിരപ്പെടുത്താനായി ചെയ്യാമെന്ന് ഇതില്‍നിന്ന് വ്യക്തമായല്ലോ.
അതേസമയം, ഇന്ന് കുത്ത്റാത്തീബ് എന്ന പേരില്‍ പലരും പലതും ചെയ്ത് കൂട്ടുന്നുണ്ട്. അതെല്ലാം ശരിയാണെന്ന് പറയാവുന്നതുമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.