ബദ്റ് യുദ്ധത്തെ പറ്റിയും ബദര്‍ ശുഹദാക്കളെ അനുസ്മരിക്കുന്നത്‌ എന്തിനാണെന്നും , അതിന്റെ തെളിവും ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

മുജീബ് എന്‍ സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഇസ്‌ലാമിന്റെ വികാസ ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മഹത്തായ പ്രഥമ പ്രതിരോധ സമരമായിരുന്നു ബദര്‍ യുദ്ധം. മക്കക്കും മദീനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബദര്‍ എന്ന സ്ഥലത്തുവെച്ചാണ് ഇത് നടന്നിരുന്നത് എന്നതിനാല്‍ അതേ പേരില്‍തന്നെ അറിയപ്പെട്ടു. ഹിജ്‌റവര്‍ഷം രണ്ട് റമദാന്‍മാസം പതിനേഴിനായിരുന്നു സംഭവം. യുദ്ധത്തിന്റെ കാരണങ്ങളും പശ്ചാത്തലവും മറ്റു വിശദീകരണങ്ങളും ഇവിടെ വായിക്കാം. സജ്ജനങ്ങളെയും മഹാന്മാരെയും അനുസ്മരിക്കുന്നതും അവരുടെ ചരിത്രവും മഹത്തവും മനസ്സിലാക്കുന്നതും പുണ്യ പ്രവൃത്തിയാണ്. അത് അവരോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും അടയാളമാണ്. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സ്നേഹിക്കുന്നതിന്‍റെ ഭാഗമാണ് അല്ലാഹുവും റസൂലും സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതും. ഇത് വ്യക്തമാക്കുന്ന ധാരാളം ഹദീസുകളും ചരിത്രങ്ങളുമുണ്ട്.  നബി(സ) തങ്ങള്‍ അവിടത്തേക്ക് ഏറെ പ്രിയപ്പെട്ട ഖദീജ (റ) യെ കുറിച്ച്  ഇടക്കിടെ പറയാറുണ്ടായിരുന്നുവെന്ന് ആഇശ (റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.  ബദ്റില്‍ പങ്കെടുത്തവരെ നബി(സ)യും സഹാബതും പ്രത്യേകം ബഹുമാനിച്ചിരുന്നു. ബദ്റില്‍ പങ്കെടുത്തവരുടെ മുഴുവന്‍ ദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുകയും അവരോട് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ അല്ലാഹു അനുമതി നല്‍കുകയും ചെയ്തുവെന്ന് ബുഖാരി റിപോര്‍ട്ട് ചെയ്യുന്ന ഹദീസുകളില്‍ കാണാം. മദീനയിലെ പെണ്‍കുട്ടികള്‍ ബദ്‍രീങ്ങളുടെ പേര് പറഞ്ഞ് ദഫ്ഫ് മുട്ടി പാടുന്നതിനിടയിലേക്ക് നബി(സ) കയറി വന്നപ്പോള്‍ അവര്‍ നബി(സ)യെ കുറിച്ച് പാടാന്‍ തുടങ്ങി. നബി(സ) അവരോട് നേരത്തെ പോലെ ബദ്‍രീങ്ങളെ തന്നെ പ്രകീര്‍ത്തിച്ചു പാടുവാന്‍ കല്‍പിച്ചു. ഈ സംഭവവും ബുഖാരി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തിന്‍റെ പേരുകള്‍ അനുസ്മരിച്ച് അവരെ തവസ്സുല്‍ ചെയ്തത് മൂലം പല ബുദ്ധിമുട്ടുകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷ നേടിയതായി പല മഹാന്മാരും അവരുടെ അനുഭവമായും അല്ലാതെയും ഉദ്ധരിച്ചിട്ടുണ്ട്.  തസ്വവ്വുഫില്‍ അംഗീകരിക്കപ്പെട്ട പല മഹാന്മാരും ബദ്‍രീങ്ങളുടെ നാമങ്ങള്‍ ചൊല്ലുന്നതും എഴുതി വെക്കുന്നതും അപകടങ്ങളില്‍ നിന്ന് കാവലാണെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അബുല്‍ ബറകാത് നാസ്വിറുദ്ദീന്‍ അബ്ദുല്ലാഹ് അസ്സുവൈദി തന്‍റെ അന്നഫ്ഹതുല്‍ മിസ്കിയ്യ ഫിര്‍റിഹ്‍ലതില്‍ മക്കിയ എന്ന ഗ്രന്ഥത്തില്‍ പ്രയാസങ്ങളില്‍ നിന്നു രക്ഷക്കായി ബദ്‍രീങ്ങളുടെ പേരുകള്‍ എഴുതിത്തുടങ്ങുന്നത് വിവരിക്കുന്നിടത്ത് അതിന്‍റെ മഹത്ത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്.  ഈ സമ്പ്രദായം ഇരു ഹറമുകളിലും ശാമിലും ഹലബിലും പ്രസിദ്ധമാണെന്ന് അദ്ദേഹം പറയുന്നു.  ശൈഖ് അബ്ദുല്ലഥീഫ് അല്‍മക്തബിയെ പോലെയുള്ള പലരും ഈ വിഷയത്തില്‍ ഗ്രന്ഥ രചന നടത്തിയതായും അദ്ദേഹം സ്മരിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു: "അവരുടെ നാമങ്ങള്‍ എഴുതിയത്  കൈ വശം വെക്കുന്നതില്‍ ഒട്ടേറെ ഉപകാരങ്ങളുണ്ട്.  ശത്രുക്കളില്‍ നിന്ന് രക്ഷ നേടിത്തരുന്നു.  ഔലിയാക്കളില്‍ ചിലര്‍ക്ക് ബദ്‍രീങ്ങളുടെ നാമങ്ങളുടെ ബര്‍കതു കൊണ്ടായിരുന്നു.  പല രോഗികളും ഈ നാമങ്ങള്‍ പറഞ്ഞ് തവസ്സുല്‍ ചെയ്ത് അല്ലാഹുവിനോടു ദുആ ചെയ്തപ്പോള്‍ അവരുടെ രോഗങ്ങള്‍ സുഖപ്പെട്ടു. ആരിഫീങ്ങളില്‍ പെട്ട ഒരാള്‍ പറഞ്ഞു - (ഒരു രോഗിയുടെയും തലയില്‍, ബദ്‍രീങ്ങളുടെ പേരു ചൊല്ലി ഞാന്‍ കൈവെച്ചിട്ട് രോഗം മാറാതിരുന്നിട്ടില്ല.  മരണം ആസന്നമായിട്ടുണ്ടെങ്കില്‍ അവനത് ആശ്വാസം നല്‍കുന്നു.) ഈ നാമങ്ങള്‍ പാരായണം ചെയ്തും എഴുതിയും എനിക്കനുഭവമുണ്ടെന്നും അതു പോലെ ദുആക്ക് പെട്ടെന്നു ഉത്തരം കിട്ടുന്നതൊന്നുമില്ലെന്നും മറ്റൊരു ആരിഫായ വ്യക്തിയും പറഞ്ഞു.  ജഅ്ഫറ് ബ്നു അബ്ദില്ലാ എന്നിവരോട് അവരുടെ പിതാവ് നബി(സ)യുടെ സ്വഹാബതിനെ സ്നേഹിക്കാനും പ്രധാനപ്പെട്ട കാര്യങ്ങളില്‍ അഹ്‍ലു ബദ്റിനെ തവസ്സുല്‍ ചെയ്തു ദുആ ചെയ്യാനും വസ്വിയ്യത് ചെയ്തിരുന്നു. അദ്ദേഹം പറയുന്നു. അവരെ പരാമര്‍ശിക്കുന്നിടത്ത് ദുആക്ക് ഉത്തരം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. റഹ്മതും ബറകതും മഗ്ഫിറതും റിദ്‍വാനും ഇത് പാരായണം ചെയ്യുന്നവനെ വലയം പ്രാപിക്കുന്നു. എല്ലാ ദിവസവും ഇവരെ പറയുകയും എന്നിട്ട് അല്ലാഹുവിനോട് തന്‍റെ ആവശ്യം ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അത് നിവര്‍ത്തിച്ചു കൊടുക്കും. പക്ഷേ, പ്രധാനപെട്ട കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിന് അവരുടെ ഓരോരുത്തരുടെ പേരിനോടൊപ്പവും തര്‍ദിയത് ചൊല്ലണം. അത് ദുആക്ക് ഉത്തരം കിട്ടാന്‍ ഏറ്റവും അഭികാമ്യമാണ്. " അനുബന്ധ വിഷയങ്ങളുടെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു.

തവസ്സുലും ബിദഈ വാദങ്ങളും

മരിച്ചവരോട് സഹായം തേടല്‍

മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍: മദ്ഹബുകള്‍ എന്തു പറയുന്നു?

മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter