വിഷയം: ‍ മന്ത്രിച്ചൂതൽ

ആയതുല്‍കുർസിയ്യ് കൊണ്ട് മന്ത്രിച്ചൂതൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

Mohammed liyakhath

Mar 3, 2021

CODE :Aqe10067

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധഖുര്‍ആന്‍ ശിഫയാണെന്ന് അല്ലാഹു തന്നെ പലവുരു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ട്. തിരുനബി(സ്വ) വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി മന്ത്രിച്ചൂതിയ സംഭവങ്ങള്‍ വിവരിച്ച അനവധി ഹദീസുകളുണ്ട്.

മഹതിയായ ആഇശാ ബീവി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) ഉറങ്ങുന്നതിനായി വിരിപ്പിലേക്കെത്തിയാല്‍ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഇഖ്’ലാസ് മുഅവ്വിദതൈനി സൂറത്തുകളോതി കൈകളിലൂതി ഇരുകൈകളും എത്തുന്ന ശരീരഭാഗങ്ങള്‍ മുഴുവൻ തടവാറുണ്ടായിരുന്നു. ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു (സ്വഹീഹുല്‍ബുഖാരി, അബൂദാവൂദ്, തുര്‍മുദി, നസാഈ)

അബൂസഈദില്‍ഖുദ്’രി(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം ജിബ്’രീല്‍ (അ) തിരുനബിസന്നിധിയില്‍ വന്നു ചോദിച്ചു: ഓ മുഹമ്മദ്(സ്വ), അങ്ങ് രോഗിയാണോ? നബി(സ്വ) പറഞ്ഞു: അതെ. ജിബ്രീല്‍(അ): അല്ലാഹുവിന്‍റെ നാമം കൊണ്ട് ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. അങ്ങയെ പ്രയാസപ്പെടുത്തുന്ന എല്ലാ വസ്തുക്കളില്‍ നിന്നും എല്ലാ നഫ്സുകളുടെ ശര്‍റില്‍ നിന്നും അസൂയാലുവിന്‍റെ കണ്ണില്‍ നിന്നും –കാവലിന് വേണ്ടി-. അല്ലാഹു നിങ്ങള്‍ക്ക് ശിഫാ നല്‍കട്ടെ, അല്ലാഹുവിന്‍റെ നാമം കൊണ്ട് ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു. (മുസ്’ലിം).

മേല്‍ഹദീസുകളുടെ വിശദീകരണത്തില്‍ ഹദീസ് വിശകലനപണ്ഡിതര്‍ ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹദീസുകളില്‍ മന്ത്രിച്ചൂതുന്നത് നിരോധിച്ചതായി വന്നത് കുഫ്റിലേക്കും ശിര്‍ക്കിലേക്കുമെത്തിക്കുന്ന മന്ത്രങ്ങളാണെന്ന് ഇമാം നവവി(റ) വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ കലാം കൊണ്ടും അവന്‍റെ അസ്മാഅ്-സ്വഫാത്ത് കൊണ്ടും മന്ത്രിക്കുക, അറബി ഭാഷയിലോ അര്‍ത്ഥമറിയുന്ന മറ്റു ഭാഷയിലോ ആവുക, അല്ലാഹുവാണ് മന്ത്രത്തിന് ഫലം തരുന്നതെന്ന് വിശ്വസിക്കുക എന്നീ മൂന്ന് നിബന്ധകള്‍ പാലിച്ച എല്ലാ മന്ത്രങ്ങളും അനുവദനീയമാണെന്ന് ഹാഫിള് ഇബ്നുഹജര്‍(റ) പറഞ്ഞിട്ടുണ്ട് (ഫത്ഹുല്‍മുന്‍ഇം ശര്‍ഹു സ്വഹീഹ് മുസ്ലിം 8: 540-545)

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ആയതുല്‍കുര്‍സിയ്യ് വിശുദ്ധഖുര്‍ആനിലെ പവിത്രമായ സൂക്തമാണെന്നതിന് പുറമെ, ശര്‍റുകളില്‍ നിന്ന് കാവലേകുന്ന ആയതാണെന്ന് തിരുനബി(സ്വ) പറഞ്ഞതുകൂടിയായതിനാല്‍ ആയതുല്‍കുര്‍സിയ്യ് ഓതി മന്ത്രിക്കുന്നതിന് ഒരു വിരോധവുമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter