വിഷയം: തീജാനീ ത്വരീഖത്ത്
തീജാനീ ത്വരീഖത്തിനെക്കുറിച്ച് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Sanu Hassan
Sep 26, 2019
CODE :Aqe9453
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
അബുൽ അബ്ബാസ് അഹ്മദ് അത്തിജ്ജാനീ (ഖ.സി) എന്നവരുടെ ത്വരീഖത്താണ് തിജ്ജാനീ ത്വരീഖത്ത്. (തീജാനീ എന്നും തിജ്ജാനീ എന്നും ഈ ത്വരീഖത്തിന്റെ നാമമായി രേഖപ്പെടുത്തപ്പെട്ടതായി കാണുന്നു). ആദ്യം ഇദ്രീസിയ്യാ ത്വരീഖത്തിന്റെ സ്ഥാപകരായ ശൈഖ് അഹ്മദ് ബിൻ ഇദ്രീസ് (ഖ.സി) എന്നവരുടെ ഖലീഫയായിരുന്നു ശൈഖ് അഹ്മദ് തിജ്ജാനീ (ഖ.സി). പിന്നീട് സ്വന്തമായി ത്വരീഖത്ത് സ്ഥാപിക്കും വിധം മഹാനവർകളുടെ ആത്മീയമായ പദവികൾ ഉയരുകയും തന്റെ ശിഷ്യരെ ആ പാതയിലൂടെ നയിക്കുകയും ചെയ്തു. തന്റെ കാലഘട്ടത്തിലെ ഔലിയാക്കളിൽ പ്രമുഖനും ആരീഫീങ്ങളുടെ ഇമാമും ഖുത്വുബുമായി അറിയപ്പെട്ട ശൈഖ് അവർകളിൽ നിന്ന് ധാരാളം കറാമത്തുകൾ ഉണ്ടായിട്ടുണ്ട്. മൊറോക്കോയിലും സുഡാനിലും ആഫ്രിക്കയുടെ ഇതര ഭാഗങ്ങളിലും മറ്റു ത്വരീഖത്തുകളേക്കാൾ കൂടുതലായി ഈ ത്വരീഖത്തിന് പ്രചാരം ലഭിച്ചിട്ടുണ്ട് (ജാമിഉ കറാമാത്തിൽ ഔലിയാ, ജവാഹിറുൽ മആനീ, രിമാഹു ഹിസ്ബിർറഹീം). നമ്മുടെ നാട്ടിൽ അടക്കം പ്രസിദ്ധമായ സ്വലാത്തുൽ ഫാതിഹ് ശൈഖ് അഹ്മദ് തീജാനിക്ക് നബി (സ്വ)യിൽ നിന്ന് ലഭിച്ചതാണ് (ജവാഹിറുൽ മആനീ.
എന്നാൽ കേരളത്തിൽ ആരിലൂടെയൊക്കെയാണ് ഈ ത്വരീഖത്ത് പ്രചാത്തിലെത്തിയത് എന്നും ആരൊക്കെയാണ് നിലവിൽ അതിന്റെ യഥാർത്ഥ വക്താക്കളെന്നും വിശദമായ പഠനം ആവശ്യമാണ്. അവരുടെ പ്രവർത്തന രീതി മനസ്സിലാക്കി അവരുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ മുസ്ലീകൾക്ക് ആത്മീയ നേതൃത്വം നൽകുന്ന ആധികാരിക മത സംഘടന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. കാരണം നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള എല്ലാ ത്വരീഖത്തുകളും ഖദീരീ, ചിശ്തി, നഖ്ശബന്തീ തുടങ്ങിയ പ്രബലമായ ത്വരീഖത്തുകളുടെ അഡ്രസിലാണ് പ്രവർത്തിക്കുന്നതെങ്കിലും അവയിൽ പലതും വ്യാജമാണെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. അഥവാ അവയിൽ പലതും ആ ത്വരീഖത്തുകളുടെ മേൽ വിലാസത്തിൽ വ്യാജ വിശ്വാസ-അനുഷ്ഠാനങ്ങൾ വെച്ചു പുലർത്തുന്നവയും അവയുടെ പ്രചാരകർ അതിന് യോഗ്യതയില്ലാത്തവരും ആണെന്നും സമൂഹം പിന്നീട് തിരിച്ചറിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ തിജ്ജാനീ ത്വരീഖത്തിന്റെ കേരളത്തിലെ ശാഖകളെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ അതിന്റെ പ്രചാരകരുടെ ആ ത്വരീഖത്തിലേക്ക് നയിക്കാനും തർബിയത്ത് നടത്താനുമുള്ള യോഗ്യതയെക്കുറിച്ചോ സമസ്തയുടേതായ ഔദ്യോഗിക ഭാഷ്യം ഒന്നും ഉള്ളതായി അറിയില്ല. അതിനാൽ ഈ ത്വരീഖത്തിന്റെ കേരളത്തിലെ പ്രവർത്തനത്തെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിനെക്കുറിച്ച് സമസ്ത മുശാവറയിലേക്ക് നേരിട്ട് എഴുതി ചോദിക്കുകയാണ് ഉത്തമം. അപ്പോൾ സമസ്ത ആ വിഷയം അപഗ്രഥിച്ച് ആധികാരികമായി മറുപടി നൽകും إن شاء الله. അല്ലാഹു തആലാ പരിശുദ്ധ ഖുർആനിൽ പറുയന്നു: “നിങ്ങൾക്ക് വ്യക്തമായി അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ള പണ്ഡിത്മാരോട് ചോദിച്ച് മനസ്സിലാക്കുക, വ്യക്തത വരുത്തുക” (സൂറത്തുന്നഹ്ൽ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.