വിഷയം: ‍ യോഗ ഇസ്ലാമില്‍

യോഗ ചെയ്യുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കുമോ? യോഗയുടെ അടിസ്ഥാനം എന്താണ്? നിരവധി രോഗങ്ങൾക്കൊക്കെ യോഗ പ്രതിവിധിയാണ് എന്ന് കേൾക്കുന്നു. അത് ചെയ്യൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

mishal

Mar 7, 2021

CODE :Fiq10070

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

എന്താണ് യോഗ എന്ന് കൃത്യമായി മനസ്സിലാക്കിയാലേ അതുമായി ബന്ധപ്പെട്ട മതവിധി നമുക്ക് പഠിക്കാനാവൂ.

ചേര്‍ച്ച എന്ന അര്‍ത്ഥം വരുന്ന സംസ്കൃതപദമായ ‘യുജ്’ എന്നതില്‍ നിന്നാണ് യോഗ എന്ന പദത്തിന്‍റെ ഉത്ഭവം. പ്രകൃതിയുടെ ഉണ്‍മയില്‍ വ്യക്തിയുടെ ഉണ്‍മ ലയിച്ചു ചേരുക എന്നതാണ് ഇതുകൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്.

ബി.സി രണ്ടാം നൂറ്റാണ്ടിലെ പതഞ്ജലിയെയാണ് യോഗയുടെ ആചാര്യനായി അംഗീകരിക്കപ്പെടുന്നത്. യോഗസൂത്രം എന്ന പേരിലുള്ള അദ്ദേഹത്തിന്‍റെ  ഗ്രന്ഥമാണ് യോഗയുടെ പ്രാമാണിക അവലംബം.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങളായാണ് യോഗസൂത്രത്തില്‍‌ യോഗയെ വിശദീകരിച്ചിട്ടുള്ളത്. യോഗയുടെ പ്രധാനഘടകങ്ങളായ ഈ 8 കാര്യങ്ങളെന്താണെന്ന് നോക്കാം.

യമം :  യമം എന്നാൽ നിരോധം, വെടിയൽ എന്നാണുദ്ദേശ്യം. അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത് അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയമം : ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര്‍വിചാരങ്ങളും ദുഷ്പ്രവർത്തികളും ഇല്ലാതെ മനസ്സിനെ നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.

ആസനം : 'സ്ഥിരസുഖം ആസനം' സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ്‌ ആസനം എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത്. പ്രപഞ്ചത്തിലെ വിവിധ ചരാചരങ്ങളെ നിരീക്ഷിച്ച പൂർവികർ ഇവരുടെ ഇരിപ്പിൽ തന്നെ പല ഗുണഗണങ്ങൾ കണ്ടെത്തുകയും അത് മനുഷ്യരിൽ പരീക്ഷിച്ച് ഫലം അനുഭവിച്ചറിയുകയും ചെയ്തു. ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ഇതിന് അത്യന്താപേക്ഷിതമാണ്.

പ്രാണായാമം : യോഗാഭ്യാസത്തിന്‍റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിയ്ക്കാനായാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.

പ്രത്യാഹാരം : തിരിച്ചുകൊണ്ടുവരൽ എന്നാണ് പ്രത്യാഹാരപദത്തിന് അർഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ സ്വവിഷയങ്ങളിൽ വ്യാപരിക്കുവാൻ അനുവദിക്കാതെ പിടിച്ചുനിർത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാരാ മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം. ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം അനുഭവവേദ്യമാകയില്ല.

ധാരണ : പ്രത്യാഹാരംവഴി വിഷയങ്ങളിൽനിന്നു പിൻതിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ.

ധ്യാനം : ധാരണയ്ക്കു വിഷയമായ ബിന്ദുവിൽ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം. അപരിവർത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവൻ പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാൽ അർഥാനുസന്ധാനത്തോടുകൂടി ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ജീവധർമങ്ങളൊന്നുമില്ലാത്ത പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.

സമാധി : യോഗയുടെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയിൽ അനുഭവപ്പെടുന്നത്. മുൻപറഞ്ഞ ഏഴു സാധനകൾ അനുഷ്ഠിക്കുമ്പോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും. എന്നാൽ സമാധിയിൽ ധ്യാതാവും ധ്യാനവും ധ്യേയത്തിൽ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗയുടെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയിൽ സാധകൻ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ് (വിക്കിപീഡിയ).

മേല്‍പറയപ്പെട്ട എട്ട് ഘടകങ്ങളിലെ മൂന്നാമത് പറഞ്ഞ ആസനവും ധ്യാനവുമാണ് ഇന്ന് യോഗയായി പലരും ചെയ്തുപോരുന്ന വ്യായാമപ്രവര്‍ത്തനങ്ങള്‍. ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. ചില ചികിത്സാരീതികളില്‍‌ പോലും ഈ യോഗ ഒരു മുറയായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.          

ഇനി നമുക്ക് യോഗയുടെ മതവിധി നോക്കാം. ആദിമനുഷ്യന്‍ ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ) വരെയുള്ള നബിമാരിലൂടെ സംവേദനം ചെയ്ത് മനുഷ്യകുലത്തിന് അല്ലാഹു നല്‍കിയ മതമാണല്ലോ ഇസ്ലാം. ആദം നബി(അ) മുതല്‍ അന്ത്യനാള്‍ വരെയുള്ള മാനവരാശിയോട് അല്ലാഹുവിന്‍റെ കല്‍പന മനുഷ്യന്‍റെ ശരീരവും മനസും ഇന്ദ്രിയങ്ങളും റൂഹും സര്‍വ്വസ്വവും അല്ലാഹുവിന്‍റെ തൃ്പ്തിക്കായി മാത്രം സമര്‍പ്പിച്ച് അവനില്‍ അലിഞ്ഞു ചേരാനാണ്.  വിശ്വാസപരവും കര്‍മപരവുമായ ശരീഅത്തിന്‍റെ അധ്യാപനങ്ങളിലൂടെ സഞ്ചരിച്ച് അധ്യാത്മികസരണിയായ ത്വരീഖതിലൂടെ ഹഖീഖത് സ്വായത്തമാക്കി മഅരിഫത് നുകരുന്നതോടെയാണ് ഒരു വിശ്വാസി അല്ലാഹുവില്‍ ലയിച്ചുചേരുന്നത്. അപ്പോള്‍ ശരീഅതിലൂടെയും ത്വരീഖതിലൂടെയും ഹഖീഖതിലൂടെയും കടന്നു വന്ന് മഅ്’രിഫത് രുചിക്കലാണ് വിശ്വാസിയുടെ യോഗ.

അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ അവരുടെ ഉമ്മത്തുകളിലേക്ക് കൈമാറിയ തൌഹീദിന്‍റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് കാലാന്തരത്തില്‍ മനുഷ്യകുലം വഴി മാറി സഞ്ചരിച്ചു. വിവിധമതങ്ങളും സിദ്ധാന്തങ്ങളും രൂപപ്പെട്ടത് ആദിയും സത്യവുമായ മതമൂല്യങ്ങളില്‍ ഭേതഗതി ചെയ്തുകൊണ്ടാണ്. അങ്ങനെയാണ് ഏകനായ ഇലാഹിനെ പോലും അവിശ്വസിച്ചവര്‍ ആത്യന്തികമോക്ഷം ലഭിക്കണമെന്ന ലക്ഷ്യം വെച്ച് ബാഹ്യചേഷ്ടകളിലൊതുങ്ങി യോഗയില്‍ അഭയം പ്രാപിച്ചത്.

യോഗയുടെ 8 ഘടകങ്ങള്‍ നാം പറഞ്ഞുവല്ലോ. ഓരോ ഘട്ടങ്ങളിലെയും പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വിശുദ്ധമതമായ ഇസ്ലാം പഠിപ്പിക്കുന്ന മാനവിക മൂല്യങ്ങളോട് സമാനസ്വഭാവം പുലര്‍ത്തുന്നതായി തോന്നുന്നുവെങ്കിലും അവയില്‍ ചേര്‍ത്തുകൂട്ടിയ തൌഹീദിന് വിരുദ്ധമായ ആരാധനാമുറകളും അന്ധവിശ്വാസങ്ങളും തെറ്റായ മന്ത്രോച്ചാരണങ്ങളും ബഹുദൈവ വണക്കവുമെല്ലാമാണ് മുസ്ലിമിനെ യോഗയില്‍ വിശ്വസിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

പടിപടിയായി അനുഷ്ടിക്കേണ്ട അഷ്ടാംഗയോഗത്തെ കുറിച്ച് നാല് അധ്യായങ്ങളായി പതഞ്ജലി വിശദീകരിക്കുന്നതും ഇസ്ലാമിന്‍റെ അസ്ഥിത്വമായ ശരീഅത്, ത്വരീഖത്, ഹഖീഖത്, മഅ്’രിഫത് എന്നീ നാല് അധ്യായങ്ങളുടെ സംഗ്രഹമായ തസ്വവ്വുഫിലൂടെ കടന്നുപോകുന്ന യഥാര്‍ത്ഥ അടമികളുടെ സരണിയിലെ  7 കടമ്പ(അഖബ)കളെ ഇമാം ഗസാലി(റ) അവരുടെ മിന്‍ഹാജുല്‍ ആബിദീനില്‍ വിശദീകരിക്കുന്നതും  തമ്മിലുള്ള സമാനതകളും വൈരുധ്യങ്ങളും ഇവിടെ നിന്നാണ് ഉരുത്തിരിയുന്നത്.

അഥവാ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, എന്നീ ഏഴ് ഘട്ടങ്ങളിലൂടെ കടന്നു ചെന്ന് സന്യാസി സമാധിയിലെത്തുന്നതിലൂടെ  ധ്യാതാവും ധ്യാനവും ധ്യേയത്തിൽ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്റെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യുമെന്നും ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തിലൂടെ സാധകൻ പരമാനന്ദം അനുഭവിക്കുമെന്നുമാണ് പതഞ്ജലി പറയുന്നത്.

മുസ്ലിമായ അടിമ ശരീഅതും ത്വരീഖതും ഹഖീഖതും മഅ്’രിഫതും നേടുന്നതിന് വേണ്ടി അഖബതുല്‍ഇല്‍മും അഖബതുത്തൌബയും അഖബതുല്‍അവാഇഖും അഖബതുല്‍ അവാരിളും അഖബതുല്‍ബവാഇസും അഖബതുല്‍ഖവാദിഹും കടന്നുപോയി അഖബതുല്‍ഹംദിവശ്ശുക്റിലൂടെ അല്ലാഹുവില്‍ വിലയം (ഫനാഅ്) പ്രാപിക്കുമെന്നാണ് ഇമാം ഗസാലി(റ) വിവരിച്ചിട്ടുള്ളത്.

ചുരുക്കത്തില്‍, യോഗയും മുസ്ലിമിന്‍റെ വിശ്വാസവും അടിസ്ഥാനപരമായ വിശ്വാസമൂല്യങ്ങളില്‍ ഇരുദ്രുവങ്ങളായി നില്‍ക്കുന്നതിനാല്‍ ഇസ്ലാമും യോഗയും സത്യവിശ്വാസിയില്‍ ഒന്നിക്കില്ല.    ശാരിരികമായോ മാനസികമായോ ഉള്ള ആരോഗ്യസംരക്ഷണത്തിനു വേണ്ടി തെറ്റായ വിശ്വാസങ്ങളൊന്നുമില്ലാതെയുള്ള കായികാഭ്യാസങ്ങളും വ്യായാമമുറകളും ചെയ്യുന്നതിന് വിശ്വാസിക്ക് മതപരമായി തടസ്സമൊന്നുമില്ല. സാധാരണയായി ഈ വ്യായാമകര്‍മങ്ങള്‌ക്ക് യോഗ എന്ന് പേര് വിളിച്ചാലും മേല്‍വിശ്വാസങ്ങളും ലക്ഷ്യങ്ങളും ഇതിലടങ്ങാത്തതിനാല്‍ ഇതിന് യോഗയെന്ന് സാങ്കേതികമായി പറയാനാകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter