വിഷയം: പാപം, സ്വർഗം, ആദം, ഇബ്ലീസ്
1-ചില അദ്കാറുകൾ വ്യഭിചാരത്തെ പോലും മായ്ച്ചു കളയും എന്നല്ലേ .അപ്പൊൾ പിന്നെ വ്യഭിചരിച്ചു അത്തരം അദ്കാറുകൾ ചൊല്ലിയാൽ പോരെ ? 2-നിസ്‌കാരത്തിൽ അല്ലാഹുവിനെ ചിന്തിച്ചാൽ നിസ്‌കരിക്കാൻ കഴിയില്ല എന്ന് ശാസ്ത്രം പറയുന്നുണ്ടോ ?ഉണ്ടെങ്കിൽ അല്ലാഹുവിനെ ഓർക്കാതെ മറ്റു ചിന്തകളിൽ മുഴുകി നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ ? 3-ആദം നബിയെ പുറത്താക്കാൻ കാരണം ഇബ്ലീസ് ആണെന്ന് കേട്ടു .എങ്കിൽ സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇബ്ലീസ് എങനെ അകത്തുളള ആദമിനെ(അ) പിഴപ്പിക്കാനായി സ്വർഗത്തിൽ എത്തി ? 4-ഖുർആൻ തുറന്നാൽ ഇബ്ലീസ് വരൂല എന്നുണ്ടോ ?ഉണ്ടങ്കിൽ തുറന്നാൽ ഇബ്ലീസ് വന്ന് മടുപ്പ് വരുത്തുന്നത് എങനെ?
ചോദ്യകർത്താവ്
shahul
Oct 10, 2022
CODE :Aqe11530
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ.
1- ചില അദ്കാറുകൾ വ്യഭിചാര പാപത്തെപ്പോലും മായ്ച്ചു കളയും എന്നല്ലേ . എന്നാൽ വ്യഭിചരിച്ചു അത്തരം അദ്കാറുകൾ ചൊല്ലിയാൽ പോരെ എന്ന ചോദ്യം "മോൻ പേടിക്കാതെ മുന്നോട്ട് നടക്ക്, വഴി മധ്യേ എവിടെങ്കിലും കുഴിയിൽ വീണാൽ ഞാൻ നിന്നെ കൈ പിടിച്ചു ഉയർത്തിക്കൊള്ളും" എന്ന് മകനോട് പിതാവ് പറയുമ്പോൾ "ഞാൻ മനപ്പൂർവം കുഴിയിൽ ചാടട്ടേ, എന്നെ കൈ പിടിച്ചു ഉയർത്താൻ പിതാവേ അങ്ങ് ഉണ്ടല്ലോ" എന്നു തിരിച്ചു മകൻ ചോദിക്കും പോലെയാണ്. ഇവിടെ , ഒരർത്ഥത്തിൽ മകന് നടക്കാനുള്ള ധൈര്യമാണ് പിതാവ് പകർന്നു കൊടുക്കുന്നത്. എന്നല്ലാതെ കുഴിയിൽ ചാടാനുള്ള സമ്മതമല്ല . ഇതുപോലെ തന്നെയാണ് പാപമാകുന്ന ഗർത്തത്തിന്റെയും അവസ്ഥ. അതിൽ ചാടാനുള്ള സമ്മതമല്ല പരിശുദ്ധ ദീൻ നൽകിയിട്ടുള്ളത്. വീണാൽ നിരാശപ്പെടേണ്ടതില്ല, പശ്ചാത്തപിച്ചും അദ്കാറുകൾ ചൊല്ലിയും റബ്ബിലേക്ക് അടുക്കാനുള്ള ആത്മ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇതുപോലോത്ത ഒരുപാട് വാഗ്ദാന ആയത്തുകളും ഹദീസുകളും നമുക്ക് കാണാൻ സാധിക്കും. "നിശ്ചയം നന്മകൾ തിന്മകളെ മായ്ച്ചു കളയും"(ഹൂദ്, 114) എന്ന ആയതുപോലെ . പ്രസ്തുത ആയത്ത് ഓതി കഴിഞ്ഞാൽ, ഇനി ഞാൻ ആദ്യം തിന്മ ചെയ്യട്ടെ, അനന്തരം നന്മ ചെയ്തു തിന്മയെ മായ്ച്ചുകളയാമല്ലോ എന്നൊന്നും ആരും ചിന്തിക്കരുത്.
2- നിസ്കാരം എന്നതു തന്നെ ദൈവ സ്മരണയാണ്. അല്ലാഹു പറയുന്നത് കാണുക: " എന്നെ സ്മരിക്കാനായി നിസ്കാരം നിലനിർത്തുവിൻ" (ത്വാഹ, 14) . അപ്പോൾ , അല്ലാഹുവിനെ ചിന്തിച്ചു കൊണ്ട് ചെയ്യേണ്ട കർമ്മമാണ് യഥാർത്ഥത്തിൽ നിസ്കാരം എന്ന് വന്നു. അതിനൊട്ടും ശാസ്ത്രം വിരുദ്ധമല്ല. ശാസ്ത്രം അത് ചർച്ച ചെയ്യുകയുമില്ല. ശാസ്ത്രതിന്റെ ചർച്ചാവിഷയം ഭൗതിക ജീവിതമാണ്. അഭൗതിക കാര്യങ്ങളിൽ ശാസ്ത്രത്തിന് ഇടവുമില്ല.
3 - നബി ആദമിനു സുജൂദ് ചെയ്യാൻ കൽപ്പിച്ചപ്പോൾ അഹങ്കരിച്ചു പിന്മാറിയതിന്റെ പേരിൽ ഇബിലീസിന് സ്വർഗത്തിൽ നിന്ന് പുറത്തു പോകേണ്ടി വന്നു(അഅ്റാഫ്,12,13 ) . ശപിതനായ ശൈഥാൻ, നബി ആദമിനെയും ഭാര്യ ഹവ്വാഅ് ബിവിയെയും ദുഷ്പ്രേരണ ചെലുത്തി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി പോകാൻ കാരണക്കാരനായി. (അഅ്റാഫ്, 20-24). ഇത് രണ്ടും അർത്ഥശങ്കക്കിടയില്ലാതെ ഖുർആൻ വിശദീകരിച്ച കാര്യങ്ങളാണ്. എന്നാൽ, സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശൈഥാൻ എങ്ങനെ സ്വർഗ്ഗത്തിലുള്ള നബി ആദമിനെയും ഭാര്യ ഹവ്വാഅ് ബിവിയെയും വഴി തിരിച്ചു വിട്ടു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചകൾ നടന്നിട്ടുണ്ട്. പുറത്തുനിന്നു ദുഷ്പേരണ നൽകിയതാണെന്നും അതല്ല പാമ്പിൻറെ ഉള്ളിൽ കയറി സമ്മതം കൂടാതെ സ്വർഗ്ഗത്തിൽ കയറി നബി ആദമിൻറെയും ബിവി ഹവ്വായുടെയും അടുത്ത് വന്ന് വസ്വാസ് നടത്തിയതാണെന്നും ഓരോ മനുഷ്യർക്കിടയിൽ ദുർബോധനം നടത്താനുള്ള ശക്തി ഉപയോഗിച്ച് കൊണ്ടാണ് ഇത് നടത്തിയതെന്നും വ്യത്യസ്ത അഭിപ്രായങ്ങളായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്(തഫ്സീറുൽ ഖുർഥുബി). "എങ്ങനെ " എന്നത് പടച്ച റബ്ബ് നമുക്ക് വ്യക്തമാക്കി തന്നിട്ടില്ലെങ്കിലും ശൈഥാൻ കാരണത്താലാണ് നബി ആദമിന് സ്വർഗ്ഗത്തിൽ നിന്ന് പുറത്തു വരേണ്ടി വന്നത് എന്ന് വ്യക്തമാക്കി തന്നിട്ടുണ്ട്. ചില കാര്യങ്ങൾ അവ്യക്തമായി കിടക്കുന്നതിലും ഉണ്ട് ഖൈറ് . പുറത്തുനിന്നു തന്നെ, അകത്തുള്ള നബി ആദമിനു ദുർബോധനം നൽകിയെന്ന് വിശ്വസിക്കുന്നതിൽ ഇക്കാലഘട്ടത്തിൽ വലിയ പ്രയാസമൊന്നുമില്ല. അകത്തെ മുറിയിൽ വച്ച് കിലോമീറ്ററുകൾ അകലെയുള്ള സുഹൃത്തിന് ഞാൻ മെസ്സേജ് അയച്ചു എന്ന് പറഞ്ഞാൽ ആരും എന്നെ ഇന്ന് കളവാക്കില്ല. ഭൗതിക ചിന്തകൾക്കും സൗകര്യങ്ങൾക്കും അപ്പുറമാണ് സ്വർഗ്ഗ ജീവിതവും സ്വർഗീയ സൗകര്യങ്ങളും എന്ന് മനസ്സിലാക്കിയാൽ കാര്യങ്ങളെ എളുപ്പം ഗ്രഹിക്കാനാകും തീർച്ച.
4 - മനുഷ്യനെ വഴിതെറ്റിക്കുന്നത് ശൈഥാൻ മാത്രമല്ല. മനുഷ്യ ദേഹവും(നഫ്സ്) മനുഷ്യൻറെ ശത്രുവാണ്(മിൻഹാജ്). "മനസ്സിനെ സ്വേച്ഛകളിൽ നിന്നു ഉപരോധിച്ചു നിർത്തുന്നവർക്ക് സ്വർഗം ഉണ്ട്"(നാസിആത്, 40, 41). ആകയാൽ , അഊസും ബിസ്മിയും ചൊല്ലി ഓതുമ്പോഴേക്കും ബാഹ്യ ശത്രുവായ ശൈഥാനിന്റെ ഉപദ്രവം ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും മനുഷ്യദേഹോപദ്രവം ഒഴിഞ്ഞു പോയിട്ടില്ല. സൽകർമങ്ങൾ ചെയ്യാൻ മനുഷ്യ ദേഹത്തിനു ഭാരവുമാണ്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ