നിസ്കാരത്തിന് തയ്യാറെടുക്കുമ്പോള്‍ ശഹാദത് കലിമ ചൊല്ലിയലേ നിസ്കാരം ശരിയാവു എന്ന്‍ തോന്നുന്നു. ഇസ്‌ലാമിനു പുറത്താണെന്ന് മനസ്സില്‍ തോന്നിയാല്‍ ഇസ്‌ലാമില്‍ നിന്ന്‍ പുറത്തു പോവുമോ? വസവാസ് ഇല്ലാതിരിക്കാന്‍ എന്താണ് വഴി?

ചോദ്യകർത്താവ്

ameen

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിന് തയ്യാറെടുക്കുമ്പോള്‍ കലിമ ചൊല്ലണമെന്ന ധാരണ ശരിയല്ല, അങ്ങനെ ചെയ്യേണ്ടതില്ല. മത്തില്‍നിന്ന് പുറത്താണെന്ന് കേവലം തോന്നിയത് കൊണ്ട് മാത്രം പുറത്തുപോവില്ല. അതും ഒരു തരം വസവാസ് ആണ്. ഇത്തരം ചിന്തകള്‍ വരുമ്പോള്‍ അത് അപകടം പിടിച്ച ചിന്തയാണല്ലോ എന്ന ബോധം തന്നെ ഈമാനിന്‍റെ ലക്ഷണമാണെന്ന് ഹാദീസില്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു: നബി (സ) യുടെ അടുക്കല്‍ ഒരു കൂട്ടം സ്വഹാബികള്‍ വന്നു പറഞ്ഞു: ഞങ്ങള്‍ സംസാരിക്കാന്‍ ഭയപ്പെടുന്ന പലതും ഞങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അങ്ങനെ (അത്തരം ചിന്തകളെകുറിച്ചുള ഭയം) നിങ്ങള്‍ക്ക് അനുഭവപ്പെട്ടോ? അവര്‍ പറഞ്ഞു: അതെ. നബി (സ) പ്രതിവചിച്ചു: അത് (ആ ബോധം) ഈമാനിന്‍റെ വ്യക്തമായ തെളിവാണ്”. (മുസ്‌ലിം – കിതാബുല്‍ ഈമാന്‍ ) നബി (സ) പറയുന്നു, അല്ലാഹു എന്‍റെ സമുദായത്തിന് അവരുടെ മനസ്സ സൃഷ്ടിക്കുന്ന സംശയവും (വസവാസ്) മനസ്സിന്‍റെ സംസാരവും അവരത് കൊണ്ട് സംസാരിക്കുകയോ പ്രവര്‍ത്തികുകയോ ചെയ്യാത്തിടത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കുന്നു (ബുഖാരി, മുസ്‌ലിം). ഇമാം നവവി പറയുന്നു “മനസ്സിന്‍റെ സംസാരങ്ങളും തോന്നലുകളും വ്യക്തി അതില്‍ സ്ഥിരപ്പെടുകയോ സ്ഥിരമാകുകയോ ചെയ്യാത്തിടത്തോളം അതില്‍ വിട്ടുവീഴ്ചയുണ്ടെന്നതാണ് പണ്ഡിതന്മാരുടെ ഏകോപിത അഭിപ്രായം. കാരണംഅത് മനപ്പൂര്‍വമല്ല.  മനപ്പൂര്‍വമാല്ലാതെ ആര്‍ക്കെങ്കിലും അവിശ്വാസ തോന്നലുകളുണ്ടായാല്‍ അപ്പോള്‍ തന്നെ ആ ചിന്തയെ തിരിച്ചുവിടുകയും ചെയ്‌താല്‍ അവന്‍ അവിശ്വാസിയല്ല (അദ്കാര്‍ ) വിശ്വാസികളെ വഴിതെറ്റിക്കാന്‍ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കും. അതിന് പല മാര്‍ഗങ്ങളും സ്വീകരിക്കും. അതില്‍ പെട്ടതാണ് ഇത്തരത്തില്‍ മനസ്സില്‍ സംശയം ജനിപ്പിക്കുകയെന്നത്. വിശ്വാസത്തിലും കര്‍മ്മകാര്യങ്ങളിലും ഇത് സംഭവിക്കാം. അങ്ങനെ വരുമ്പോള്‍ അത് അവഗണിച്ചു തള്ളുകയും അത്തരം കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ  കൊടുക്കാതിരിക്കുകയും ചെയ്യുക. അതോടൊപ്പം അല്ലാഹുവിനോട് പിശാചില്‍ നിന്നും കാവല്‍ ചോദിക്കുകയും അല്ലാഹുവിലും അവന്‍റെ ദൂതരിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും ചെയുക. അബൂ ഹുറൈറ (റ) പറയുന്നു: നബി (സ) തങ്ങള്‍ പറഞ്ഞു: “നിങ്ങളില്‍ ഒരാളുടെയടുക്കല്‍ പിശാച് വന്നിട്ട് പറയും: ഇത് സൃഷ്ടിച്ചത് ആരാണ്? ഇത് സൃഷ്ടിച്ചതു ആരാണ്? അങ്ങനെ അവന്‍ പറയും:  നിന്‍റെ നാഥനെ സൃഷ്ടിച്ചതരാണ്?. (അവന്‍റെ ചിന്ത)  അവിടെ എത്തിയാല്‍ അവന്‍ അല്ലാഹുവിനോട് കാവല്‍ തേടുകയും ആ ചിന്തയില്‍ നിന്ന് വിരമിക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി, മുസ്‌ലിം) ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: “നിങ്ങളില്‍ ഒരാളുടെയടുക്കല്‍ പിശാച് വന്നിട്ട് ചോദിക്കും: നിന്നെ സൃഷ്ടിച്ചതു ആരാണ്? അവന്‍ പറയും: അല്ലാഹു;   അപ്പോള്‍ അവന്‍ ചോദിക്കും :  അല്ലാഹുവിനെ സൃഷ്ടിച്ചതരാണ്?. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അങ്ങനെ സംഭവിച്ചാല്‍ അവന്‍ പറയട്ടെ (അല്ലാഹുവിലും അവന്‍റെ ദൂതരിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു) തീര്‍ച്ചയായും അത് (അങ്ങനെ പറയുന്നത്) അവനില്‍ (അത്തരം ചിന്തകളെ) നീക്കികളയും. (ഇമാം അഹ്മദ്‌) ) ഇത്തരം ചിന്തകളുണ്ടാവുമ്പോള്‍ സൂറത്തുല്‍ ഇഖ്‌ലാസ് ഓതുകയും ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുകയും പിശാചില്‍ നിന്ന് കാവല്‍ ചോദിക്കുകയും ചെയ്യണമെന്നു നിര്‍ദ്ദേശിക്കുന്ന ഹദീസുകളും കാണാം. ദൈവിക സ്മരണ(ദിക്റ്) യിലേക്ക് മുന്നിട്ടിറങ്ങുകയും അത് വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നത് ഇത്തരം വസവാസുകള്‍ തടയുന്നതിനുള്ള ഏറ്റവും നല്ല ചികത്സയാണെന്നു ഇമാം നവാവി തന്റെ ‘അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. അതേ സമയം, മേല്‍പറഞ്ഞതൊക്കെയും പിശാചിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന കേവല ചിന്തകളെക്കുറിച്ചും വസവാസിനെക്കുറിച്ചാണെന്നും, എന്നാല്‍ കുഫ്റോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചെയ്യണോ വേണ്ടേ എന്ന് സംശയിക്കല്‍ പോലും ഏറെ അപകടകരവും അത് മതത്തില്‍ നിന്ന് പുറത്തുപോവാന്‍ കാരണമാകുമെന്നതും കൂടി ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. വിശ്വാസത്തില്‍ ഉറച്ച് ജീവിക്കാനും വിശ്വാസത്തോടെ തന്നെ മരണപ്പെടാനും നാഥന്‍ സൌഭാഗ്യം നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter