സ്വര്‍ഗ്ഗത്തില്‍ പദവികള്‍ ഖുര്‍ആന്‍ ഓതുന്നതിനനുസരിച്ച് ഉയരുന്നതാണ് എന്ന് ഹദീസുള്ളതായി കേട്ടു. അത് ഖുര്‍ആന്‍ മനപ്പാഠമുള്ളവര്‍ക്ക് മാത്രമോ, അതോ ഖുര്‍ആന്‍ ഓതല്‍ പതിവാക്കിയവര്‍ക്കോ, എന്താണ് പ്രമാണം പറയുന്നത്.
ചോദ്യകർത്താവ്
ബശീര്‍ പറമ്പില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അബൂ ദാവൂദ്, നസാഈ, അഹ്‍മദ് തുടങ്ങിയവര്‍ റിപോര്‍ട്ടു ചെയ്യുന്നു.
يقال لقارئ القرآن اقرأ وارتق ورتل كما كنت ترتل في الدنيا، فإن منزلتك عند آخر آية تقرؤها(ഖുര്‍ആന്‍ ഓതുന്നവനു (സ്വര്‍ഗത്തില്‍) പറയപ്പെടും - ഓതുക, ഉയരുക, ദുന്‍യാവില്‍ നീ സുന്ദരമായി പാരായണം ചെയ്തത് പോലെ പാരായണം ചെയ്യുക. നീ അവസാനം ഓതുന്ന ആയതിനടുത്താണ് (സ്വര്‍ഗത്തില്‍) നിന്‍റെ ഗേഹം.)
ഇബ്നു മാജ സമാനമായ മറ്റൊരു ഹദീസും റിപോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഈ ഹദീസില്‍ മനഃപാഠം ഓതുന്നവര്‍ക്കേ ഇതിന്‍റെ പ്രതിഫലം ലഭിക്കൂ എന്നു നേരിട്ടു സൂചനയില്ല. അതിനാല്‍ ഇത് സ്വീകാര്യമായ രീതിയില്‍ ഖുര്‍ആന്‍ ഓതുന്ന ഏവര്‍ക്കുമുള്ള പ്രതിഫലമാണ്. പക്ഷേ, സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ തക്കവണ്ണം ഖുര്‍ആന്‍ ഓതിയവനേ ഇത് ലഭ്യമാകൂ. സത്യവിശ്വാസികള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അവരുടെ ഹൃദയം ഭയവിഹ്വലമാവുകയും അവരുടെ ഈമാന്‍ വര്‍ദ്ധിക്കുകയും ചെയ്യും. അതിനാല്‍ ഇവിടെ ഉദ്ദേശിച്ച ഖുര്‍ആന്‍ ഓത്ത് അത്തരത്തിലുള്ളതാണ്. ഹൃദയത്തില്‍ തട്ടാത്ത, ഈമാന്‍ വര്‍ദ്ധനവിനു ഹേതുവാകാത്ത ഓത്ത് ഇതില്‍ ഉള്‍പ്പെടുകയില്ല. മുനാഫിഖുകളും ഖുര്‍ആന്‍ ഓതാറുണ്ട്. പക്ഷേ, അതിനു ബാഹ്യമായ അനുഭൂതിയേ അവര്‍ക്ക് ഉണ്ടാവുകയുള്ളൂ. അതുപോലെ ലോകമാന്യത്തിനു ഖുര്‍ആന്‍ ഓതുന്നവര്‍ക്കും ഇസ്ലാമിനെ നശിപ്പിക്കാനും എതിര്‍ക്കാനും വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ഓരോ ആയതിനനുസരിച്ച് കുറ്റം വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇവിടെ ഹാഫിളും അല്ലാത്തവരും സമന്മാരാണ്.
അല്ലാഹു തൃപ്തിപ്പെട്ട രീതിയില്‍ ഖുര്‍ആന്‍ ഓതാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ.