മലക്കൂത്ത് ലാഹൂത്ത് ജബറൂത്ത് നാസൂത്ത് ഒന്ന് വിശദീകരിക്കുമോ ?
ചോദ്യകർത്താവ്
Mishal
Jan 7, 2021
CODE :Aqe10035
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആദ്യാത്മികജ്ഞാനത്തില്‍ പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ അതിന്‍റെ മൌലികഗുണങ്ങള്‍ പരിഗണിച്ച് പല രീതികളിലായി പല തലങ്ങളായി വിഭചിക്കപ്പെടാറുണ്ട്. നാസൂത്ത്, മലകൂത്ത്, ജബറൂത്ത്, ലാഹൂത്ത്, ഹാഹൂത്ത് തുടങ്ങിയവ ഈ ഗണത്തില്‍ പെട്ട സാങ്കേതിക പദങ്ങളാണ്. ആദ്യാത്മികലോകത്തെ മഹാന്മാരായ പണ്ഡിതന്മാര്‍ ഈ പദങ്ങളുടെ വിശദീകരിക്കുന്നതിനായി പല തരത്തിലുള്ള പഠനങ്ങളും നടത്തിയതായി കാണാം. സാധാരണക്കാരന് മനസിലാവുന്ന രീതിയില്‍ ചെറിയ ഒരു വിശദീകരണം താഴെ നല്‍കാം.
മനുഷ്യനടങ്ങുന്ന ശാരീരകരൂപങ്ങളുടെ ലോകത്തെയാണ് ആലമുന്നാസൂത്ത് എന്ന് പറയുന്നത്.
നുഗൂഡമായ പ്രാകാശങ്ങളുടെയും ആത്മാവുള്ള വസ്തുക്കളുടെയും ലോകമാണ് ആലമുല്‍ മലകൂത്ത്. ഒന്നാനാകാശം മുതല്‍ ഏഴാനാകാശം വരെ ഇത് പരന്ന് കിടക്കുന്നു. ആലമുല്‍മിസാലും ആലമുര്‍റൂഹാനിയ്യയും ആലമുല്‍ഫലകും ഇതിലുള്‍പ്പെടുന്നു.
ഇലാഹിയ്യായ സിര്‍റുകളുടെ ലോകമാണ് ആലമുല്‍ ജബറൂത്ത്. ഏഴാനാകാശം മുതല്‍ കുര്‍സിയ്യ് വരെ ഇത് പരന്നുകിടക്കുന്നു. രൂപങ്ങള്‍ക്കതീതമായ ആത്മീയഉണ്മകളുടെ ലോകമായ ആലമുല്‍ അര്‍വാഹ്/ മലക്കുകളുടെ ലോകം എല്ലാം ഇതിലുള്‍പ്പെടുന്നു.
അല്ലാഹുവിന്‍റെ ഇസ്മുകളും വിശേഷണങ്ങളും അവയുടെ അത്ഭുതങ്ങളോടയും രഹസ്യങ്ങളോടയും വെളിപ്പെടുന്ന ലോകമാണ് ആലമുല്ലാഹൂത്ത്.
ഗ്രാഹ്യങ്ങള്‍ക്ക് പിടികിട്ടാത്ത ദൈവികമായ ദാത്തിന്‍റെ അന്തസത്തയാണ് ആലമുല്‍ഹാഹൂത്ത്.
പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങളിലെ ചെറിയൊരു ഭാഗമാണ് മുകളില്‍ നല്‍കിയിട്ടുള്ളത്. ഇല്‍മുത്തസ്വവ്വുഫിലെ സാങ്കേതികജ്ഞാനങ്ങളുമായി ബന്ധപ്പെട്ട ഈ പദങ്ങളെ അപഗ്രഥനം ചെയ്യാന്‍ ആ മേഖല കൂടുതല്‍ പരിചയപ്പെടേണ്ടതുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.