മമ്പുറം തങ്ങൾ മരിച്ച ഭാര്യയെ ജീവിപ്പിച്ചു എന്ന് കേൾക്കുന്നത് ശരിയാണോ?
ചോദ്യകർത്താവ്
Ihsan
Jul 11, 2017
CODE :Aqe8730
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മരിച്ചവരെ ജീവിപ്പിക്കുകയെന്നത് അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും മുഅ്ജിസത്, കറാമത് എന്ന നിലയില്‍ സംഭവിക്കാവുന്നതാണ്. ഈസാ നബി (അ) ഇബ്റാഹീം നബി (അ) തുടങ്ങിയ പല നബിമാര്‍ക്കും ഇത് മുഅ്ജിസതായി ഉണ്ടായിട്ടുണ്ട്. പല ഔലിയാക്കള്‍ക്കും കറാമതായും അത് സംഭവിച്ചതായി ചരിത്രത്തില്‍ കാണാം.
ഇബ്നു ഹജര്‍ (റ) വിനോട് അമ്പിയാക്കളുടെ മുഅ്ജിസതില്‍ പെട്ട മരിച്ചവരെ ജീവിപ്പിക്കുക തുടങ്ങിയവ കറാമതായി സംഭവിക്കുമോ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ഔലിയാക്കളുടെ കറാമത് അമ്പിയാക്കളെ യഥാവിധി പിന്തുടര്‍ന്നത് മൂലം ഉണ്ടാവുന്നതാണ്. അമ്പിയാക്കളുടെ പാതയില്‍ അവരുടെ ചര്യയില്‍ നിന്ന് വ്യതിചലിക്കാതെ പിന്തുടര്‍ന്നവരുടെ ഹൃദയം അള്ളാഹു പ്രകാശിപ്പിക്കും അതു മൂലം അവര്‍ക്ക് മരിച്ചവരെ ജീവിപ്പിക്കുക തുടങ്ങി അമ്പിയാക്കളുടെ മുഅജിസതുകള്‍ അവരുടെ ബര്‍കത് കാരണം മുഅ്ജിസതായി സംഭവിക്കാം എന്ന് ഇബ്നു സ്വാലാഹ് (റ) ഇമാം നവവി (റ) എന്നിവര്‍ അത് സംഭവിക്കില്ലെന്ന് അഭിപ്രായപ്പെട്ട അബു ഇസ്ഹാഖ് അല്‍ മര്‍വസി (റ) തിരുത്തി പറഞ്ഞതായി കാണാം.
തുടര്‍ന്ന് ഇബ്നു ഹജര്‍ (റ) ചില ഔലിയാക്കള്‍ക്ക് സംഭവിച്ച ഇത്തരം കറാമതുകളും വിശദീകരിക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട കുതിരയെ ജീവിപ്പിച്ച് തന്‍റെ വീട് വരെ പോയതും ജീലാനി (റ) കോഴിയെ ജീവിപ്പിച്ചതും അദ്ദേഹം ഉദ്ധരിക്കുന്നതില്‍ പെടും. (ഫതാവല്‍ ഹദീസിയ്യ 1/229).
ഇബ്നു തൈമിയ്യ തന്‍റെ النبوات എന്ന കിതാബില്‍ പറയുന്നു وقد يكون إحياء الموتى على يد اتباع الأنبياء؛ كما قد وقع لطائفة من هذه الأمة، ومن أتباع عيسى മരിച്ചവരെ ജീവിപ്പിക്കുകയെന്നത് അമ്പിയാക്കളെ പിന്തുടര്‍ന്നവര്‍ മുഖേന ഉണ്ടാവുന്നതാണ്. ഈസാനബിയുടെ ഉമ്മതിലെയും നമ്മുടെ ഉമ്മതിലെയും ചിലരില്‍ നിന്ന് അങ്ങനെ സംഭവിച്ചിട്ടുണ്ട്. നാം പ്രസ്തുത നബിമാരെ പിന്തുടര്‍ന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതിനാല്‍ അത് അവരുടെ പ്രവാചകത്വത്തിനു തെളിവ് കൂടിയാണ്.
അല്‍ ബിദായതു വ ന്നിഹായയില്‍ ഇബ്നു കസീര്‍ (റ) മരിച്ചവരെ ജീവിപ്പിച്ച ധാരാളം ചരിത്രങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ മരിച്ചവരെ ജീവിപ്പിക്കുകയെന്നത് സംഭവിക്കുകയം തുടര്‍ന്നും സംഭവിക്കാവുന്നതുമായ ഒരു കാര്യമാണെന്ന് മനസ്സിലായല്ലോ. അതിനാല്‍ മമ്പുറം തങ്ങള്‍ പോലോത്ത ഏതെങ്കിലും വലിയ്യില്‍ നിന്ന് അത്തരം കറാമതുകള്‍ ഉണ്ടായതായി വിശ്വസ്തരായ ആളുകള്‍ പറഞ്ഞാല്‍ അത് സ്വീകരിക്കാവുന്നതാണ്. മമ്പുറം തങ്ങളെ കുറിച്ചുള്ള ചില ചരിത്രങ്ങളില്‍ മഹാന്‍ ഭാര്യയെ ജീവിപ്പിച്ചതായി കാണുന്നുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.