പ്രവാചകൻ (സ) യെ വഫാതിനു ശേഷം സ്വപ്നത്തിലല്ലാതെ ഉണർവിൽ ( യഖ്‌ളയില്) കാണുമോ?
ചോദ്യകർത്താവ്
Ihsan
Jul 11, 2017
CODE :Aqe8732
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്‍റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225)
ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു. നബി(സ) പറയുന്നു: من رآني في المنام فسيراني في اليقظة “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266)
അതായത് തന്‍റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു
മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്‍റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്‍റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക് ഈ സൌഭാഗ്യം ലഭിക്കുന്നത് മരണാസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ് പല പ്രാവശ്യംഉണ്ടായേക്കാം. തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്‍റെയൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു തടസ്സം സൃഷ്ടിക്കും.
എന്നാല്‍ ഉണര്‍ച്ചയില്‍ കാണുമെന്ന വാദത്തെ ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) എതിര്‍ക്കുന്നുണ്ട്. അങ്ങനെ ഉണര്‍ച്ചയില്‍ തന്നെ നബി (സ്വ)യെ കാണുമെങ്കില്‍ തുടര്‍ന്നും സ്വഹാബികളുണ്ടായിക്കൊണ്ടിരിക്കുമല്ലോ എന്നാണ് അദ്ദേഹം സംശയമുന്നയിക്കുന്നത്. മാത്രമല്ല ബുഖാരിയില്‍ ഉദ്ധരിച്ച് ഹദീസ് മുസ്‍ലിം (റ) فكأنما راني في اليقظة എന്നവാക്ക് കൊണ്ടും ഉദ്ധരിച്ചിട്ടുണ്ട്, അഥവാ എന്നെ ഉണര്‍ച്ചയില്‍ കണ്ടത് പോലെത്തന്നെയാണ് എന്ന ര്‍ത്ഥം, അത് വെറും താരതമ്യം ചെയ്യല്‍ മാത്രമാണ്.
من رآني في المنام فسيراني في اليقظة എന്ന ഹദീസിനു ആറു അര്‍ത്ഥമാണ് ഇബ്നു ഹജര്‍ അസ്ഖലാനി (റ) സാധ്യത കല്‍പിക്കുന്നത്.
ഒന്ന്: എന്നെ കണ്ടത് പോലെയാണ് എന്ന താരതമ്യം. فكأنما رآني في اليقظة എന്ന ഹദീസ് അതിനു തെളിവാണ്.
രണ്ട്: സ്വപ്നത്തിന്‍റെ വ്യാഖ്യാനം പുലര്‍ന്നു കാണും.
മൂന്ന്: നബി തങ്ങളെ കാണാതെ മുസ്‍ലിമായ നബിയുടെ കാലത്തുള്ളവരെ കുറിച്ചാണ് ഹദീസ്.
നാല്: നബി തങ്ങള്‍ ഉപയോഗിച്ച കണ്ണാടിയില്‍ കാണും. (മൈമൂന (റ) അങ്ങനെ കണ്ടു എന്ന ഉദ്ധരണിയുടെ അടിസ്ഥാനത്തിലാണ് ഈ അര്‍ത്ഥം നല്‍കപ്പെട്ടത്). ഇത് വളരെ വിദൂരമായ സാധ്യതയാണെന്നും അസ്ഖലാനി (റ) പറയുന്നു.
അഞ്ച്: മറ്റുള്ളവര്‍ (ഉറക്കത്തില്‍ കാണാത്തവര്‍) കാണുന്നതിലുപരിയായി അന്ത്യ നാളില്‍ നബി (സ്വ) യെ കാണും.
ആറ്: ദുന്‍യാവില്‍ നബി തങ്ങളെ കണ്ണ് കൊണ്ട് കാണുകയും അഭിസംബോധനം ചെയ്യുകയും ചെയ്യും.
ചുരുക്കത്തില്‍ ഉണര്‍ച്ചയില്‍ കാണുമെന്നും ഇല്ലെന്നുമുള്ള രണ്ട് അഭിപ്രായമുണ്ടെന്ന് മനസ്സിലാക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.