എങ്ങനെ യാണ് ഇസ്ലാം മത വിശ്വാസികളായ ചില ആളുകൾ മറ്റു ഏക ദൈവ വിശ്വാസികൾ സ്വർഗീയസ്ഥ രായേക്കാം എന്നു വിശ്വസിക്കുന്നത്. അതിനു അവർ കണ്ടെത്തുന്ന ന്യായം ഏക ദൈവ വിശ്വാസവും ദൈവം കാരുണ്യ വാനുമാണ് എന്നാണ്. അതു പോലെ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന മുസ്ലിംകളല്ലാത്തവര്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൂടേ. ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ ഇതിനെ എങ്ങനെ ഖണ്ഡിക്കാം.
ചോദ്യകർത്താവ്
Mohammed badr
Dec 29, 2018
CODE :Aqe9026
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇസ്ലാം മതം പരിചയപ്പെടുത്തുന്ന അല്ലാഹു ഇതര മതക്കാരും മതമില്ലാത്തവരും ഇസ്ലാമിനെ അംഗീകരിക്കാതെ ഏകദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതവരും വിഭാവനം ചെയ്യുന്ന ദൈവമല്ല. അവന്‍ ആരാണെന്നും മനുഷ്യരോടുള്ള അവന്റെ വിധിവിക്കുകള്‍ എന്താണെന്നും വ്യക്തമാക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ഇറക്കിയതും മുഹമ്മദ് നബി (സ്വ)യെ നിയോഗിച്ചതും. ഇത് രണ്ടും വ്യക്തമാക്കുന്ന ഏകനായ ദൈവം അല്ലാഹുവാണ്. ഈ അല്ലാഹുവെ മനസ്സിലാക്കേണ്ടതും അംഗീകരി്ക്കേണ്ടതും വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് പോലെയും മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത് പോലെയുമാണ്. ഇവ രണ്ടും അല്ലാഹു ലോകത്തിന് സമര്‍പ്പിച്ചതോടെ മുന്‍ഗാമികള്‍ക്ക് അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളുടേയും പ്രവാചകരുടേയും അധ്യാപനങ്ങളുടെ പ്രസക്തി ഇല്ലാതായി. കാരണം അവ മോശമായത് കൊണ്ടല്ല. മറിച്ച് അവരുടെ കാലശേഷം വന്ന സമൂഹങ്ങള്‍ ഇഷ്ടാനുസരണം അതിലെ നിയമങ്ങള്‍ മാറ്റിമറിച്ചു വികൃതമാക്കിയതിനാല്‍ അവ അനുവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായി. അതിനാല്‍ അവ നിയമപരമായി ദുര്‍ബ്ബലപ്പെടുത്തപ്പെടുകയും അതിന് പകരമായി മുഹമ്മദ് നബി (സ്വ)യെ വിശുദ്ധ ഖുര്‍ആനുമായി സര്‍വ്വ ലോകരിലേക്കും അയക്കുകയും ചെയ്തു. ഇനി ഈ സന്ദേശം ഉള്‍ക്കൊള്ളുകയും അത് പരിചയപ്പെടുത്തുന്ന അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കേ ആ അല്ലാഹു സൃഷ്ടിച്ചൊരുക്കി വെച്ച സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ. ഇക്കാര്യം പല തവണ അല്ലാഹുവും റസൂൽ (സ്വ)യും വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ചോദ്യോത്തര പംക്തിയായത് കൊണ്ട് ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം പറയാം.
അല്ലാഹു തആലാ വിശുദ്ധ ഖുര്‍ആനിലൂടെ നമ്മെ അറിയിക്കുന്നു: “അല്ലാഹുവിന്റെ റസൂലിന്റെ രിസാലത്ത് എത്തിയതിന് ശേഷം വേദം നല്‍പ്പെട്ടവരായാലും ബഹുദൈവരാധകരായാലും അല്ലാഹുവിനെ നിഷേധിച്ചാല്‍ അവര്‍ ചെന്നെത്തുക നരകത്തീയിലായിരിക്കും. അവിടെ അവര്‍ ശാശ്വതരായിരിക്കും, അവരാണ് നികൃഷ്ട ജീവികൾ” (സൂറത്തുല്‍ ബയ്യിനഃ). അല്ലാഹു തആലാ വീണ്ടും പറയുന്നു: “ഇസ്ലാമല്ലാത്ത മറ്റൊരു ദീൻ തേടി നടന്ന് അതനുസരിച്ച് ജീവിച്ചവനിൽ നിന്ന് അവൻ ചെയ്ത യാതൊരു സൽകർമ്മവും സ്വീകരിക്കപ്പെടുകയില്ല. അവൻ നാളെ ആഖിറത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം നിഷേധിക്കപ്പെട്ട പരാജയികളിൽ പെട്ടവനായിരിക്കും” (സൂറത്തു ആലു ഇംറാൻ)
അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: “ഈ ഉമ്മത്തില്‍ നിന്ന് ആരെങ്കിലും എന്നെ കേട്ടിട്ട് എന്നെ നിയോഗിച്ചതെന്തിനാണോ അതില്‍ വിശ്വസിക്കാതെ ആര് മരിച്ചാലും അവര്‍ നരകാവകാശികളായിരിക്കും” (സ്വഹീഹ് മുസ്ലിം). ആഇശാ ബീവി (റ) ഒരിക്കല്‍ നബി (സ്വ) യോട് ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ജാഹിലിയ്യാ കാലത്ത് ഇബ്നു ജദ്ആന്‍ എന്ന വ്യക്തി കുടുംബ ബന്ധം ചേര്‍ക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്ത ആളായിരുന്നു. ഇതൊക്കെ അദ്ദേഹത്തിന് നാളെ ആഖിറത്തില്‍ ഉപകാരപ്പെടുമോ’. നബി (സ്വ) അരുള്‍ ചെയ്തു: “ഇതൊന്നും അദ്ദേഹത്തിന് ഉപകാരപ്പെടില്ല. കാരണം (അല്ലാഹുവില്‍ വിശ്വസിച്ചിട്ട്) എന്റെ റബ്ബേ അന്ത്യനാളില്‍ എന്റെ ദോഷങ്ങള്‍ പൊറുത്തു തരേണമേയെന്ന് അദ്ദേഹം ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലായിരുന്നു.” (സ്വഹീഹ് മുസ്ലിം).
ചുരുക്കത്തിൽ തന്നെ സൃഷ്ടിക്കുകയും ജീവിക്കാന്‍ എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവില്‍ വിശ്വസിക്കാതെ അവന്‍ അയച്ച സന്ദേശത്തെ അംഗീകരിക്കാതെ അവന്‍ അയച്ച തിരു ദൂതരേ കേള്‍ക്കാതെ അവനെ ധിക്കരിച്ചു കൊണ്ടും തന്നിഷ്ടപ്രകാരവും ജീവിച്ച് മറ്റുളളവക്ക് കുറേ നന്മകള്‍ ചെയ്താല്‍ അവരുടെ കയ്യില്‍ വല്ല സ്വര്‍ഗ്ഗവുമുണ്ടെങ്കില്‍ അതില്‍ അയാൾക്ക് കടക്കാം എന്നല്ലാതെ അല്ലാഹുവിന്റെ സ്വര്‍ഗം പുല്‍കാന്‍ അവര്‍ക്ക് കഴിയുകയില്ലായെന്നതാണ് അല്ലാഹുവിന്റെ നിലപാട്. അത് പഠിപ്പിക്കാനും അവനെ അനുസരിച്ച് ജീവിച്ച് സ്വർഗ്ഗസ്ഥരാകാൻ പ്രേരിപ്പിക്കാനുമാണ് പ്രവാചക സ്രേഷ്ഠരേ നിയോഗിച്ചതും. ഇത് അംഗീകരിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാകില്ല. ഇസ്ലാമിന്റേ ഈ നിലപാട് ഇവ്വിധം അല്ലാഹുവും റസൂൽ (സ്വ) സഗൌരവം വ്യക്തമാക്കിയതിന് ശേഷവും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കാനോ അല്ലാഹുവിന്റേയും അല്ലാഹുവിന്റെ റസൂലിന്റേയും വചനങ്ങളേയും താക്കീതുകളേയും സമൂഹ മധ്യത്തിൽ പുച്ഛിച്ചു തള്ളാനോ പരിഹസിക്കാനോ ഒരു സത്യ വിശ്വാസി മുതിരില്ല. ഇനി ആരെങ്കിലും എന്തെങ്കിലും താൽപര്യത്തിന്റേയോ തെറ്റിദ്ധാരണയുടേയോ പേരിൽ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടേ..)അത് അവരും അല്ലാഹുവുമായുള്ള ബന്ധത്തിൽ വലിയ വിള്ളൽ സംഭവിച്ചതിന്റേയും അല്ലാഹുവിന്റെ കിതാബിനേയും തിരു സുന്നത്തിനേയും മനസ്സിന്റെ ചവറ്റു കൊട്ടയിലേക്ക് മെല്ലെ തള്ളി വിട്ട് അല്ലാഹു അല്ലാത്തവരേയും അവരുടെ ആശയങ്ങളേയും മനസ്സിൽ പ്രതിഷ്ഠിച്ചതിന്റേയും അല്ലാഹു അവന്റെ ഫള്ല് കൊണ്ട് മാത്രം കനിഞ്ഞേകിയ ഹിദായത്ത് അവൻ തന്നെ ഊരിയെടുത്ത് കൊണ്ടിരിക്കുന്നതിന്റേയും ആത്മാവിൽ ഈമാനിന്റെ പ്രഭ മങ്ങിക്കൊണ്ടിരിക്കുന്നതിന്റേയും സർവ്വോപരി പിശാചിന് പൂർണ്ണമായി കീഴ്പ്പെടുന്നതിന്റേയും സൂചനയായേ വിലയിരുത്തപ്പെടുകയുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.