നൂരിശാ ത്വരീഖത്ത് ഒന്ന് വിശദീകരിക്കാമോ? അത് എതിർക്കപ്പെടാനുള്ള കാരണങ്ങൾ ? സമസ്തയുടെ നിലപാട് ?

ചോദ്യകർത്താവ്

Mishal

Jan 3, 2019

CODE :Aqe9039

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

തബർറുകിന്റെ ശൈഖ് (ദിക്റുകൾ ചൊല്ലാൻ വേണ്ടി ജനങ്ങൾക്ക് കൈമാറി ആത്മീയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തി) എന്ന നിലയിലാണ് നൂരിഷാ തങ്ങൾ ആദ്യ കാലങ്ങളിൽ കേരളത്തിൽ അറിയപ്പെട്ടത്. അതനുസരിച്ച് അത്തരം ദിക്റുകൾ പതിവാക്കുന്ന പലരും അന്ന് ഉണ്ടായിരുന്നു. എന്നാൽ  1972ൽ കേരളത്തിൽ നിന്ന് കുറച്ചാളുകൾ ഹൈദരാബാദിലേക്ക് പോയി നൂരിഷാ തങ്ങൾക്കു കീഴിൽ ചില്ലയിരുന്ന് തിരിച്ചു വന്നിട്ട് ‘നൂരിഷാ തങ്ങൾ ശൈഖ് മുറബ്ബിയും ഇവരൊക്കെ അദ്ദേഹത്തിന്റെ മുരീദും ചിലരൊക്കെ ഖലീഫമാരും ആണെന്ന്’ പ്രഖ്യാപിച്ചത് കേരളീയ സമൂഹത്തെ ഞെട്ടിച്ചു. കാരണം ഒരാൾ തർബിയത്തിന്റെ ശൈഖ് ആകണമെങ്കിൽ അറിവിലും സൂക്ഷ്മയിലും ഏറെ മുന്നേറുകയും മുറബ്ബിയായ ശൈഖിന് ആവശ്യമായ ധാരാളം നിബന്ധനകൾ അദ്ദേഹത്തിൽ ഒത്തു വരികയും വേണം. അങ്ങനെ സംഭവിക്കുകയെന്നത് അപൂർവ്വങ്ങളിൽ അപൂർവ്വാണ് എന്നും ആ ഗ്രേഡിലുള്ള ഒരാൾ നൂറ്റാണ്ടുകളായി അറിയപ്പെട്ടിട്ടില്ലായെന്നുമാണ് ഈ രംഗത്തെ മഹാ പണ്ഡിതന്മാരുടെ സമർത്ഥനം. ആ സ്ഥിതിക്ക് നൂരിഷാ തങ്ങളും അനുയായികളും വാദിച്ചത് പല സാധാരണക്കാരും മറ്റും തെറ്റിദ്ധരിക്കാനും വഴി തെറ്റാനും കാരണമായി.

തുടർന്ന് പല സ്ഥലങ്ങളിൽ നിന്നും (അവിടെ പ്രചരിച്ചു കൊണ്ടിരുന്ന നൂരിഷാ ചടങ്ങുകളുടെ അവസ്ഥകൾ വിശദീകരിച്ച്) നൂരിഷ ത്വരീഖത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് കത്ത് ലഭിച്ചപ്പോൾ ചോദ്യത്തിലുന്നയിച്ച വിഷയങ്ങളും നൂരിഷ തങ്ങളും അനുയായികളും പ്രസിദ്ധീകരിച്ച അഹമ്മിയ്യത്തേ ത്വരീഖഃ, അസ്റാർ ലാഇലാഹ ഇല്ലല്ലാഹ, തഫ്സീറു സൂറത്തിൽ ഫാതിഹ മജ്‌ലിസേ ഖുലഫാ, സിൽസില നൂരിയ്യ: നിയമങ്ങളും ചട്ടങ്ങളും തുടങ്ങിയ പുസ്തകങ്ങളും മറ്റും വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും നൂരിഷാ ത്വരീഖത്തിനെ പറ്റി പൂർവ്വികരുടെ ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കി നൂരിഷാ തങ്ങളോട് തന്നെ നേരിട്ട് സംവദിക്കാൻ സമസ്ത തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിക്കാൻ അഞ്ച് പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിട്ട് മറുപടിയൊന്നും നൽകാത്തതിനാലും  1974 ഡിസംബറിൽ ചേർന്ന സമസ്ത മുശാവറ ഈ ത്വരീഖത്തിനെക്കുറിച്ച് നെല്ലും പതിരും വേർത്തിരിക്കുന്ന തീരുമാനമെടുത്തു. ‘ഈ പ്രസ്ഥാനവുമായി അകന്നു നിൽക്കാൻ പൊതു ജനങ്ങളോട് ഈ യോഗം ഉപദേശിക്കുന്നു’ എന്നായിരുന്നു തീരുമാനം. അത് പിന്നീട് കേരളത്തിൽ പല സ്ഥലങ്ങളിലും വ്യക്തമായി വിശദീകരിക്കപ്പെടുകയും ചെയ്തു.

അല്ലാഹുവിന്റെ ദാത്തിലും സ്വിഫാത്തിലും ഒരു സാധാരണ പണ്ഡിതന്റെ വിവരം പോലും അദ്ദേഹത്തിനില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ അസ്റാറു ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പുസ്തകം. ഇബ്നുു തൈമിയ്യയെപ്പോലെ അല്ലാഹുവിന് ശരീരം ഉണ്ട് എന്ന വാദവും ഇലാഹ് എന്നതിന്റെ അർത്ഥം ആരാധനക്കർഹൻ എന്നല്ല ആവശ്യങ്ങൾ നിറവേറ്റുന്നവൻ എന്നാണ് തുടങ്ങിയ കണ്ടുപിടുത്തങ്ങളും അവയിൽ ചിലത് മാത്രമാണ്. അതു പോലെ കേരളത്തിലെ മുജാഹിദുകൾ ഉന്നയിക്കുന്ന പല ആരോപണങ്ങളും അൽപം മയപ്പെടുത്തി (ശിർക്ക് എന്നത് ഫിസ്ഖ് എന്നാക്കി മാറ്റി) അംഗീകരിക്കുന്ന നിലപാടാണ് അവരുടെ ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും മുഴച്ച് നിൽക്കുന്നത്. നൂരിഷാ തങ്ങളേയും അദ്ദേഹത്തിന്റെ മരണ ശേഷം മകൻ ആരിഫുദ്ദീൻ സാഹിബിനേയും മുറബ്ബിയായ ശൈഖും ഖുത്ബുൽ മശാഇഖുമായി എഴുന്നള്ളിച്ച് ഈ ജൽപനത്തെ സാധൂകരിക്കാൻ തസ്വവ്വുഫിന്റെ പണ്ഡിതന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും ഇവർ തള്ളിപ്പറയുകയും അവരേക്കാളൊക്കെ വിവരം ഇവർക്കും ഇവരുടെ മുരീദുമാർക്കുമുണ്ടെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. അതു പോലെ നിബന്ധനയൊത്ത മുരീദുമാർ പോലും ഇവർക്കില്ലായെന്നതാണ് വസ്തുത. കാരണം ഇൽമ് കാര്യമായി ഇല്ലെന്ന് മാത്രമല്ല ശരീഅത്തിന്റെ നിയമങ്ങൾ കർശനമായി പാലിക്കുക കൂടി ചെയ്യാത്ത സാധാരണ ജനങ്ങളെ യഥേഷ്ഠം മുരീദുമാരായി സ്വീകരിക്കുന്ന നിലപാടാണ് തുടക്കം മുതലേ ഇവർ സ്വീകരിച്ചിട്ടുള്ളത്.

ഇതൊക്കെ വിശദമായി മനസ്സിലാക്കിയിട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഈ വിഷയം അപകടാവസ്ഥിയിലേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ പൊതു സമൂഹത്തിന് ദിശാ ബോധം നൽകിയത്. ആ മഹത്തായ തീരുമാനം ഒരിക്കൽ കൂടി ഇവിടെ ആവർത്തിക്കുന്നു. ‘ഈ പ്രസ്ഥാനവുമായി അകന്നു നിൽക്കാൻ പൊതു ജനങ്ങളോട് ഈ യോഗം ഉപദേശിക്കുന്നു’

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter