അദ്കാറുകളും സ്വലാത്തും ചൊല്ലാറുണ്ട്. പക്ഷെ അതിന്റെ പുണ്യം മനസ്സിലാക്കിയിട്ടും അത് ജീവിതത്തിൽ അനുഭവമായി വരാത്തതും തോന്നാത്തതും എന്തുകൊണ്ടാണ്. ഉദാഹരണമായി വെള്ളിയാഴ്ച്ച ദിവസം നബിയുടെ മേൽ നൂറ് സ്വലാത് ചൊല്ലിയാൽ 100 ആവശ്യങ്ങൾ അല്ലാഹു പരിഹരിക്കും. അതിൽ 70 എണ്ണം പരലോകത്ത് വെച്ചായിരിക്കും എന്നാണല്ലോ ഹദീസ്. അതുപോലെ ഒരു പാട് അദ്കാറുകളുടെയും മറ്റും ഗുണങ്ങൾ അനുഭവത്തിൽ വരാത്തത് എന്ത് കൊണ്ടാണ്?
ചോദ്യകർത്താവ്
Mishal
Mar 18, 2019
CODE :Aqe9210
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാം കുറേ ദുആ ചെയ്യുന്നു അല്ലെങ്കിൽ ദിക്റ് ചൊല്ലുന്നു എന്നതല്ല പ്രധാനം, പ്രത്യുത എങ്ങനെ നാം അവ നിർവ്വഹിക്കുന്നുവെന്നതാണ്.
നാം ഉരുവിടുന്ന നമ്മുടെ ചുണ്ടുകളിലേക്കോ നമ്മുടെ രൂപത്തിലേക്കോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അല്ല അല്ലാഹു തആലാ നോക്കുന്നത്. ആ കർമ്മം നിർവ്വഹിക്കുമ്പോൾ അത് നമ്മുടെ മനസ്സിൽ തട്ടുന്നുണ്ടോ, മനസ്സ് അവ അറിയുന്നുണ്ടോയെന്നതാണ്. അല്ലാഹുവിന്റെ തിരു നോട്ടം ഖൽബിലേക്കാണ്. ഇക്കാര്യം നബി (സ്വ) നിരവധി തവണ നമ്മെ ഉദ്ബോധിപ്പിച്ചതാണ്(സ്വഹീഹ് മുസ്ലിം). ഏത് ദുആയും ദിക്റും നാം മനസ്സറിഞ്ഞ് ചൊല്ലണം. അതിന്, എന്താണ് നാം ചൊല്ലുന്നത് എന്ന് നമുക്ക് അറിയണം. അതിന്റെ അർത്ഥവും ആശയവും ബോധ്യപ്പെടണം, എങ്കിലേ എന്താണ്, എന്തിനാണ് നാം അല്ലാഹുവിനോട് ഇവ ഉരുവിടുന്നത് എന്ന ബോധം നമ്മുടെ മനസ്സിൽ ഉദയം ചെയ്യുകയുള്ളൂ. അപ്പോഴേ മറ്റു ചിന്തകളെല്ലാം മനസ്സിൽ നിന്നൊഴിവായി നമ്മുടെ മനസ്സ് മുഴുവൻ ഈ ദീക്റിലും അല്ലാഹുവിന്റെ സ്മരണയിലും മുഴുകുകയുള്ളൂ. അത്തരം ഒരു സാഹചര്യത്തിലേ അല്ലാഹുവിനെ തനിപ്പിക്കുകയെന്ന ഇഖ്ലാസ്വ് കൈവരികയുള്ളൂ. ഇങ്ങനെയല്ലാതെ എത്ര പ്രാവശ്യം ദിക്റ് ചൊല്ലിയാലും അത് ഖൽബ് അറിയണമെന്നില്ല. നാം ചൊല്ലുന്നത് യഥാവിധി ഖൽബ് അറിയുന്നില്ലെങ്കിൽ അത് നമ്മുടെ കർമ്മങ്ങളിലും ജീവിതത്തിലും അവ പ്രതിഫലിക്കുകയുമില്ല. ഇതാണ് സംഭവിക്കുന്നത്.
അതു പോലെ അല്ലാഹു തആലാ പറയുന്നു: അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടതും ദിക്റ് ചൊല്ലേണ്ടതും അരാധിക്കേണ്ടതും അവന്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ടും അവന്റെ പൊരുത്തവും അളവറ്റ പ്രതിഫലവും പ്രതീക്ഷിച്ചു കൊണ്ടുമാകാണം (സൂറത്തുൽ അഅ്റാഫ്). അതിന് അല്ലാഹുവിലും അന്ത്യ നാളിലുമുള്ള ശരിയായ വിശ്വാസം പ്രധാനമാണ്. അല്ലാഹു നമ്മുടെ മുന്നിലുണ്ട് എന്ന ബോധ്യത്തോടെ അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ച് നാം ദിക്റുകൾ ഉരുവിടണം. അല്ലാഹു തആലാ നമുക്ക് ചെയ്തു തന്ന അളവറ്റ അനുഗ്രഹങ്ങൾക്ക് വേണ്ട വിധം നന്ദി പ്രകടിപ്പിക്കാൻ കഴിയാത്ത നാം നാളെ ആഖിറത്തിൽ അല്ലാഹുവിന്റ അതി കഠിനമായ ശിക്ഷക്ക് ഇരയാകുമോയെന്ന ഭയം നമ്മെ പിടി കൂടണം, അതോടൊപ്പം കരുണാ വാരിധിയായ അല്ലാഹു ഉദ്ദേശിച്ചാൽ നമ്മുടെ എത്ര വലിയ പാപവും അവന് പൊറുത്തു തരാവുന്നതേയുള്ളൂവെന്ന ആത്മവിശ്വാസവും അനിവാര്യമാണ്. അപ്പോഴേ ഇഖ്ലാസ്വ് കൈവരികയുള്ളൂ. ആ അവസ്ഥയിൽ നമ്മെ അല്ലാഹുവിലേക്ക് ചേർക്കുന്ന കണ്ണികളാകണം നാം ഉരുവിടുന്ന ഓരോ ദിക്റുകളും. എങ്കിൽ അവയുടെ പ്രഭാവം നമ്മെട ജീവിതത്തിൽ നിഴലിക്കും, അവ നമ്മുടെ ഈമാൻ വർദ്ധിപ്പിക്കുകയും നമ്മുടെ ഹൃദയം ശുദ്ധീകരിക്കുകയും ചെയ്യും, അതിന്റെ പ്രതിഫലം ദുനിയാവിലും ആഖിറത്തിലും നമ്മുടെ വിജയത്തിന് നിദാനമാകുകയും ചെയ്യും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.