കർമ്മ ശാസ്ത്രത്തിലെന്ന പോലെ വിശ്വാസ കാര്യങ്ങളിലും മദ്ഹബുകളുണ്ടോ? ഇതിൽ എത്ര മദ്ഹബുകളുണ്ട്? എന്താണ് വ്യത്യാസങ്ങൾ? നമ്മുടെ മദ്ഹബ് ഏതാണ്? ഒന്ന് ചുരുക്കി വിവരിക്കാമോ?
ചോദ്യകർത്താവ്
ബഷീർ
Apr 14, 2019
CODE :Aqe9236
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വിശ്വാസ കാര്യങ്ങളിൽ മുസ്ലിം ഉമ്മത്ത് പൊതുവേ അവലംബിക്കുന്നത് ഒന്നുകിൽ അശ്അരി അല്ലെങ്കിൽ മാതുരീതി മദ്ഹബുകളാണ്. വിശ്വാസ കാര്യങ്ങളിൽ സാധാരണക്കാർ സ്വയം ചിന്തിച്ച് ആശയക്കുഴപ്പത്തിലാകാതെ തഖ്ലീദ് ചെയ്യൽ നിർബ്ബന്ധമാണ് (ജംഉൽ ജവാമിഅ്). ഇസ്ലാമിക വിശ്വാസത്തെ യുക്തി കൊണ്ടും തത്വ ചിന്ത കൊണ്ടും ദുർവ്യാഖ്യാനം കൊണ്ടും വികലമാക്കി വിവിധ പിഴച്ച വാദക്കാർ മുസ്ലിം സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കിയപ്പോൾ അവരെ ശക്തിയുക്തം നേരിട്ട് പരാജയപ്പെടുത്തി വിശുദ്ധ ഖുർആനും തിരു ഹദീസും അനുസരിച്ചുള്ള ശരിയായ വിശ്വാസ സംഹിത പ്രമാണ ബന്ധിതമായി തെളിയിച്ച് സമൂഹത്തെ നേർമാർഗത്തിൽ നിലനിർത്തിയെന്നതാണ് ഈ രണ്ട് മദ്ഹബുകളേയും പിൽക്കാല സമൂഹം അംഗീകരിക്കാൻ കാരണമായത്. ഇമാം അബുൽ ഹസൻ അൽ അശ്അരി (റ)ക്കും ഇമാം അബൂ മൻസ്വൂർ അൽ മാതുരീതിക്കും ശേഷം വന്ന ബഹു ഭൂരിപക്ഷം കർമ്മ ശാസ്ത്ര പണ്ഡിതന്മാരും ഹദീസ് പണ്ഡിതന്മാരുമായ ഇമാമുമാരെല്ലാം വിശ്വാസ കാര്യത്തിൽ ഈ രണ്ടാലൊരു മദ്ഹബിനെ അംഗീകരിച്ചവരായിരുന്നു. ഇമാമുമാരായ ബൈഹഖീ (റ), ബാഖില്ലാനീ (റ), ഖുശൈരി (റ), ജുവൈനീ (റ), ഗസാലീ (റ), റാസീ (റ), നവവീ (റ), സുയൂത്വീ (റ), ഇസ്സു ബിൻ അബ്ദിസ്സലാം (റ), തഖിയ്യുദ്ദീനുസ്സുബുകി (റ), ഇബ്നു അസാകിർ (റ), ഇബ്നു ഹജർ അൽ അസ്ഖലാനി (റ)തുടങ്ങിയ കിടയറ്റ പണ്ഡിത മഹത്തുക്കൾ അശ്അരീ മദ്ഹബുകാരായിരുന്നു. ഈ രണ്ട് മദ്ഹബുകളെക്കുറിച്ചും അവയക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെക്കറിച്ചും ഹ്രസ്വമായി മനസ്സിലാക്കാൻ ഇസ്ലാം ഓൺവെബ്ബിന്റെ തന്നെ ആർട്ടിക്കിളുകളായ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.