പ്രവാചകരുടെ അന്ത്യനിമിഷങ്ങളില്‍ ഉമർ (റ) പറഞ്ഞു: ആരെങ്കിലും നബി(ﷺ‎) മരണപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്‍റെ കഥ കഴിക്കും. അപ്പോള്‍ അബൂബക്കർ (റ) പറഞ്ഞു: ആരെങ്കിലും മുഹമ്മദ് നബിയെ ആരാധിക്കുന്നുണ്ടെങ്കില്‍ മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്, അവന്‍ മരിക്കുകയില്ല. ഇത് ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നു. ഇതിന്‍റെ ശരിയായ ആശയമെന്താണ്?

ചോദ്യകർത്താവ്

Muhammad Hy

Mar 26, 2020

CODE :Aqe9652

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ) വിയോഗമെന്നത് അവിടുത്തെ അനുചരന്മാരായ സ്വഹാബത്തിന് ഒറ്റയടിക്ക് ഉള്‍കൊള്ളാവുന്നതിലുമപ്പുറമുള്ളതായിരുന്നു. നമ്മുടെ ഉറ്റവരും ഉടയവരും മരണപ്പെട്ടുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പലപ്പോഴും അതുള്‍ക്കൊള്ളാകാതെ മനപ്രയാസമുണ്ടാകല്‍ നമുക്കും സര്‍വ്വസാധാരണയാണല്ലോ. അപ്പോള്‍ സ്വന്തം ശരീരത്തേക്കാള്‍ പുണ്യറസൂലിനെ സ്നേഹിക്കുകയും ജീവിതം മുഴുവന്‍ നബിക്കായി സമര്‍പ്പിക്കുകും ചെയ്ത സ്വഹാബത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ.

നബിയുടെ വിയോഗവിവരം മദീനയില്‍ പ്രചരിച്ചപ്പോള്‍ സ്വഹാബികളിലൊന്നടങ്കം ഞെട്ടലുളവാക്കിയിട്ടുണ്ട്. പലരുടെയും മനോനില തെറ്റിയിട്ടുണ്ട്. നില്‍ക്കാനും നടക്കാനും സംസാരിക്കാനും കഴിയാതായ അവസ്ഥ സ്വഹാബികള്‍ക്കുണ്ടായിട്ടുണ്ട്. നബിയുടെ വിയോഗശേഷം മദീനയില്‍ ജീവിക്കുന്നത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെയായ സ്വഹാബികളുണ്ട്. നബിയുടെ വിയോഗവിവരം തെറ്റാണെന്ന് പ്രഖ്യാപിച്ചവരുണ്ട്.

മദീനാനിവാസികളൊന്നടങ്കം അന്താളിച്ചു നില്‍ക്കുമ്പോഴാണ് മഹാനായ ഉമര്‍(റ) അവര്‍ക്കിടയില്‍ ഇങ്ങനെ വിളിച്ചുപറഞ്ഞത്: നിശ്ചയം മുനാഫിഖുകളായ ചിലര്‍ റസൂലുല്ലാഹ് മരണപ്പെട്ടുവെന്ന് വാദിക്കുന്നുണ്ട്. അല്ലാഹുവിനെ തന്നെയാണ് സത്യം. റസൂലുല്ലാഹ് വഫാതായിട്ടില്ല. പക്ഷേ, മൂസാ നബി 40 ദിവസം ജനങ്ങളില്‍ നിന്ന് മറയുകയും മൂസാനബി വഫാതായെന്ന് പറയപ്പെട്ട ശേഷം തിരിച്ചുവരികയും ചെയ്ത പോലെ തിരുനബിയും റബ്ബിലേക്ക് പോയതാണ്. റസൂലുല്ലാഹ് തിരിച്ചുവരികതന്നെ ചെയ്യും.  റസൂലുല്ല മരണപ്പെട്ടുവെന്ന് വാദിക്കുന്നവരുടെ കൈകളും കാലുകളും ഞാന്‍ മുറിക്കും.

ഉമര്‍(റ) ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അബൂബകര്‍ സ്വിദ്ദീഖ്(റ) കടന്നുവരുന്നത്. മഹാനര്‍ നേരെ ആഇശാ ബീവി(റ)യുടെ വീട്ടിനകത്തു കയറി പുതപ്പിട്ടുമൂടി കിടക്കുന്ന തിരുനബിയുടെ മുഖത്തുനിന്ന് പുതപ്പു മാറ്റി ചുംബനം നല്‍കി. ശേഷം അബൂബകര്‍ (റ) പറഞ്ഞു: നിശ്ചയം അല്ലാഹു അങ്ങേക്ക് നിശ്ചയിച്ച മരണം അങ്ങ് അനുഭവിച്ചിട്ടുണ്ട്. ശേഷം അബൂബകര്‍ (റ) ജനങ്ങള്‍ക്കിടയിലേക്ക് കടന്നുവന്നു. ഉമര്‍(റ) അപ്പോഴും വികാരനിര്‍ഭരമായ സംസാരത്തിലാണ്. ഉമര്‍(റ) നോട് അടങ്ങാന്‍ പറഞ്ഞെങ്കിലും ഉമര്‍(റ)ന് അതിന് കഴിയുന്നില്ല. അബൂബകര്‍ (റ) ജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരം തുടങ്ങിയപ്പോള്‍ ആളുകള്‍ ഉമറി(റ)ല്‍ നിന്ന് അബൂബകര്‍(റ)ലേക്ക് തിരിഞ്ഞു. അബൂബകര്‍ (റ) പറഞ്ഞുതുടങ്ങി: ഓ ജനങ്ങളെ, ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിട്ടുണ്ട്. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ നിശ്ചയം അല്ലാഹു ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമാണ്. ശേഷം ആലുഇംറാനിലെ 144ആമത്തെ ആയത്ത് പാരാണയം ചെയ്തു: മുഹമ്മദ് നബി അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാണ്. പല ദൂതന്മാരും കഴിഞ്ഞുപോയിട്ടുണ്ട്. നബി മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ പിന്തിരിയുകയാണോ നിങ്ങള്‍?! ആരെങ്കിലും പുറകോട്ടുപോകുന്നുവെങ്കില്‍ അല്ലാഹുവിന് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവനാകില്ല. കൃതഞ്ജര്‍ക്ക് അല്ലാഹു മതിയായ പ്രതിഫലം നല്‍കുന്നതാണ്.

ഇതുകേട്ട ഉമര്‍(റ) പറഞ്ഞു:  അല്ലാഹുവിനെ തന്നെയാണ് സത്യം. അബൂബകര്‍(റ) ഈ സൂക്തം ഓതുന്നത് കേട്ടപ്പോഴേക്കും ഞാനമ്പരുന്നു. ഞാന്‍ ഭൂമിയിലിരുന്നു. എന്‍റെ പാദങ്ങള്‍ക്ക് എന്നെ ചുമക്കാനാകുന്നില്ല. നിശ്ചയം നബി(സ്വ) വഫാത്തായിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. (താരീഖുര്‍റുസുലി വല്‍മുലൂക്- ത്വബരി 3/200,201)

നബിയുടെ വഫാത്തിന്‍റെ വിവരം കേട്ടു കോരിത്തരിച്ച ഉമര്‍(റ)ന്‍റെ വാക്കുകളിലോ വിശുദ്ധഖുര്‍ആനിലെ ആയത്തിന്‍റെ പിന്‍ബലത്തില്‍ തിരുനബിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച അബൂബകര്‍(റ)ന്‍റെ വാക്കുകളിലോ ലോകൈകഗുരു തിരുനബി(സ്വ)യുടെ വഫാത്തിലോ ദുര്‍വ്യാഖ്യാനത്തിന് എന്ത് വകയാണുള്ളത്.

തിരുനബിയുടെ വഫാത്ത് ഉള്‍ക്കൊള്ളാനാവാത്ത സ്വഹാബികള്‍ക്കിടയിലേക്ക് കടന്നുവന്ന അബൂബകര്‍(റ) സരളമായ ശൈലിയില്‍ അവര്‍ക്ക് താങ്ങാനാകാത്ത സത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍ അവര്‍്ക്കുമുമ്പില്‍ വിവരിക്കുകയാണുണ്ടായത്. ഈ വാക്കുകള്‍ പിടിച്ച് നബി(സ്വ) സാധാരണ ഒരു മനുഷ്യന്‍ മാത്രമാണെന്ന് വ്യാഖ്യാനിക്കുന്നത് അല്പജ്ഞാനികളുടെ അബദ്ധത്തില്‍ നിന്നുണ്ടാകുന്നതാണ്. ചരിത്രശകലങ്ങളെ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാത്തിനുപയോഗിക്കുന്ന ഇത്തരം ആളുകളെ അവജ്ഞതയോടെ തള്ളേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter