മക്കാ മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ? വഹാബികൾ അങ്ങനെ പറയുന്നുണ്ട്. അവരുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും -"മക്കാമുശ്രിക്കീങ്ങളോട് ആരാണ് ആകാശത്തുനിന്ന് മഴ നൽകുന്നതെന്ന് ചോദിച്ചാൽ അവർ പറയും: അല്ലാഹു (ഖുർആൻ)- ഇതുപോലുള്ള ആയത്തുകള്‍ കൊണ്ട് സുന്നികള്ക്കെ തിരെ തെളിവുദ്ധരിക്കുകയും സുന്നികള്‍ മക്കാമുശ്രിക്കുകളോട് സമാനമാണെന്ന് പറയുകയും ചെയ്യുന്നു. ഒരു വിവരണം പ്രതീക്ഷിക്കുന്നു .

ചോദ്യകർത്താവ്

FAIHA

Apr 3, 2020

CODE :Aqe9676

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ആകാശലോകങ്ങളുടെ സ്രഷ്ടാവാരെന്ന ചോദ്യത്തിന് അല്ലാഹുവാണെന്ന് ബഹു ദൈവവിശ്വാസികള്‍ പറഞ്ഞിരുന്നതായി ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. ലുഖ്മാന്‍ 25, അന്‍കബൂത് 61-63, സുമര്‍ 38, യൂനുസ് 31 തുടങ്ങിയ സൂക്തങ്ങള്‍ ഉദാഹരണം.

ഭക്ഷണം നല്കുന്നതും മഴ നലകുന്നതും അല്ലാഹുവാണെന്ന ബഹുദൈവാരാധകരുടെ മറുപടികളും ഖുര്‍ആനിലുണ്ട്.

എന്നാല്‍ ഈ ആയത്തുകള്‍ നവീനആശയക്കാര്‍ അഹ്ലുസ്സുന്നത്തിവല്‍ജമാഅതിന്‍റെ ആശയങ്ങളെ എതിര്‍ക്കാന്‍ ഉപയോഗപ്പെടുത്തുന്നത് വിവരദോഷം മൂലമാണ്.

ആകാശം പടച്ചും ഭൂമി പടച്ചതും നക്ഷത്രം പടച്ചതും മഴ നല്കുന്നതും അല്ലാഹുവാണെന്ന് അവര്‍ പറയുകയും അതോടൊപ്പം അല്ലാഹുവല്ലാത്തവരെ ഇലാഹായി വരിക്കുകയും ചെയ്തുവെന്നതാണ് മക്കാമുശ്രിക്കുകകളുടെ നിലപാട്.

وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا

  كَلاّ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدّاً

അവര്‍(മക്കാമുശ്രികുകളായ ബഹുദൈവവിശ്വാസികള്‍) തങ്ങള്‍ക്കു പിന്‍ബലമാകാനായി അല്ലാഹുവല്ലാത്ത ആര്യാധ്യരെ വരിച്ചിരിക്കുകയാണ്. എന്നാല്‍ അവരുടെ ഈ നിലപാട് ശരിയല്ല. അവ ഇവരുടെ ആരാധന തന്നെ നിഷേധിക്കുന്നതും എതിരാളികളായി മാറുന്നതുമാകുന്നു (സൂറതു മര്‍യം 81-82).

മക്കാമുശ്രിക്കുകള്‍ അല്ലാഹുവിനോടൊപ്പം മറ്റു പല ബിംബങ്ങളും റബ്ബാണെന്ന വിശ്വാസത്തോടെ തന്നെയാണ് ആരാധനകള്‍ നടത്തിയിരുന്നത്. ബിംബാരാധന പരിചയമില്ലാത്ത അറബികള്‍ക്കിടയിലേക്ക് ബിംബങ്ങളെ കൊണ്ടുവന്ന അംറുബ്നുലുഹയ്യിന്‍റെ ചരിത്രം തന്നെ ഇതിന് തെളിവാണ്. അദ്ദേഹമാണല്ലോ ആദ്യമായി മക്കയിലേക് ബിംബങ്ങളെ എത്തിച്ചത്. അയാളുടെ യാത്രാവേളയില്‍ ബിംബാരാധകരുടെ നാട്ടിലൂടെ യാത്ര ചെയ്തപ്പോള്‍ ബിംബങ്ങളെ കണ്ടമാത്രയില്‍ ഇവയെന്താണെന്ന് ചോദിച്ചപ്പോള്‍ അന്നാട്ടുകാര്‍ പറഞ്ഞ മറുപടി ഇത് ഞങ്ങളുടെ റബ്ബുകളാണെന്നാണ്. ആ വിശ്വാസത്തോടെയാണ് മക്കയിലേക്ക് ഹുബുല്‍ എന്ന ബിംബത്തെ കൊണ്ടുവരുന്നതും പിന്നീട് നൂറ്റാണ്ടുകള്‍ പിന്നിട്ട് നബി(സ്വ)യുടെ ആഗമനമായപ്പോഴേക്കും ഓരു കുലത്തിനും കുലദൈവങ്ങളും ആരാധനാബിംബങ്ങളുമായി മക്ക മാറിവന്നതും.

ലാഇലാഹഇല്ലല്ലാഹ് അഥവാ ആരാധക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്നതാണ് തൌഹീദ്. അപ്പോള്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരോ ഉണ്ട് എന്നതാണല്ലോ ശിര്‍ക്ക്. മക്കാമുശ്രികുകള്‍ വിശ്വസിച്ചത് അല്ലാഹുവോടൊപ്പം ഈ ബിംബങ്ങളെല്ലാം ആരാധനക്കര്‍ഹരാണെന്നാണ്. ഈ വിശ്വാസം ഒരു സുന്നിക്കുമില്ലെന്നത് വ്യക്തമാണല്ലോ.

അല്ലാഹുവിങ്കല്‍ മഹാന്മാര്‍ക്കുള്ള സ്ഥാനം പരിഗണിച്ച് മഹാന്മാരോട് ശഫാഅത്(ശുപാര്‍ശ) ചോദിക്കുന്നതിന്‍റെ രൂപങ്ങളാണ് തവസ്സുല്‍ ഇസ്തിഗാസ തുടങ്ങിയവ. സുന്നികള്‍ ഔലിയാക്കളോടും മഹാന്മാരോടും കാര്യങ്ങള്‍ ചോദിക്കുന്നത് അല്ലാഹുവിനോട് ചോദിക്കുന്നതിന്‍റെതന്നെ രൂപവും അല്ലാഹുവാണ് കാര്യങ്ങള്‍ നിര്‍വഹിച്ചുതരുന്നത് എന്ന വിശ്വാസത്തോടെയുമാണ്. ആ വിശ്വാസമില്ലാതെ സാധാരണ കാര്യങ്ങള്‍ പോലും ചോദിക്കുന്നത് ശിര്‍ക്കാണ്. അല്ലാഹു അല്ല, റാഷന്‍കടയുടമയാണ് അരി നല്‍കുന്നത് എന്ന വിശ്വാസത്തോടെ കടയുടമയോട് അരി ചോദിക്കേണ്ടില്ല, അതിനുമുമ്പേ ആ വിശ്വാസം മൂലം അവന്‍ മുശ്രികാവുന്നതാണ്.

അപ്പോള്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരോ ഉണ്ട് എന്ന മക്കാമുശ്രിക്കുകളുടെ വിശ്വാസം സുന്നികളുടെ മേല്‍ കെട്ടിവെക്കാന്‍ ഏതെങ്കിലും നവീനവാദികള്‍ തുനിയുന്നുവെങ്കില്‍ അവര്‍ മഹാവിപത്തിലും അത്യാപത്തിലുമാണെന്നേ പറയാനുള്ളൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter