നബി(സ്വ) തങ്ങളുടെ ചുമലുകൾക്കിടയിലെ ഖാതം (സീൽ) എന്ന് പറഞ്ഞു അതിന്‍റെ ഒരു ഫോട്ടോ കൊടുത്ത് അതിലേക്ക് വുളൂഓടെ നോക്കൽ വലിയ കാവലാണ് എന്നും എല്ലാ ദിവസവും രാവിലെ നോക്കിയാൽ വൈകുന്നത് വരെയും വർഷാരംഭത്തിൽ നോക്കിയാൽ ആ വര്ഷം മുഴുവനും കാവലാണ് എന്നും വാട്സാപ്പില്‍ കാണാനിടയായി. അത് പോലെ മുഹർറം ഒന്നിന്‍റെ പകലിൽ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്നു ഒറ്റയൊറ്റ ഹർഫുകളായി അറബിയിൽ എഴുതി പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിച്ചാൽ റബ്ബിന്‍റെ കാവലുണ്ടാവുമെന്നും കണ്ടു. ഇവക്ക് വല്ല അടിസ്ഥാനവും ഉണ്ടോ? വിശദീകരിച്ചാൽ നന്നായിരുന്നു.
ചോദ്യകർത്താവ്
സാലിം ..ജിദ്ദ
Aug 20, 2020
CODE :Aqe9961
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വാട്സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ അടിസ്ഥാനമുള്ളതും അല്ലാത്തതുമായി നിരവധി മെസേജുകള്‍ വരാറുണ്ട്. നബി(സ്വ)യുടെ ഖാതമിനെ കുറിച്ച് പറഞ്ഞത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. മുഹര്‍റം ഒന്നിന് ബിസ്മി മുഴുവനായി 113 പ്രാവശ്യം എഴുതി അത് ചുമക്കുന്നപക്ഷം അവനും വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുകളെ തൊട്ട് അത് കാവലാകുമെന്ന് സയ്യിദ് മുഹമ്മദ് ഹഖ്ഖിന്നാസിലീ(റ) തന്‍റെ ഖസീനതുല്‍അസ്റാറി(പേജ് 93)ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.