വിഷയം: ‍ മാനസിക പ്രശ്നനങ്ങളുള്ള ഉമ്മയുടെ പെരുമാറ്റം

എന്റെ ഉമ്മാക്ക് എന്നെ ഭയങ്കര ദേഷ്യമാണ് പ്രത്യേകിച്ച് ഒരു കാരണവും ഇല്ല മറ്റു മക്കളോട് ഒന്നും കുഴപ്പമില്ല ഉമ്മാക്ക്ഹിസ്റ്റീരിയ എന്ന മാനസിക പ്രശ്നം ഉണ്ട് ഉമ്മ. എന്നോട് പലപ്പോഴും കാരണമില്ലാതെ വഴക്ക് ഉണ്ടാക്കും. ആവശ്യമില്ലാതെ ഒരുപാട് ശപിക്കും വഴക്ക് സഹിക്കാതെ ആവുമ്പോൾ ഞാൻ തിരിച്ചു പറയാറുണ്ട്. അടുത്ത കാലത്ത് ഒരുപ്രശ്നം ഉണ്ടായപ്പോൾ ഉമ്മയോട് മിണ്ടാൻ വരണ്ട എന്ന് ഉമ്മ പറഞ്ഞു. ഇപ്പോൾ ഉമ്മ എന്നോട് മിണ്ടുന്നില്ല എനിക്ക് ഉമ്മയോട് ഒരു വെറുപ്പുമില്ല എനിക്ക് മിണ്ടാൻ താല്പര്യമുണ്ട് ഞാൻ എന്താണ് ചെയ്യുക? മാനസിക പ്രശ്നമുള്ള ഉമ്മയുടെ ശാപം അല്ലാഹു സ്വീകരിക്കുമോ?

ചോദ്യകർത്താവ്

Junaid kk

May 10, 2020

CODE :Par9792

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. മുഹമ്മദ് നബി (സ്വ) യിലും കുടുംബത്തിലും അനുചരന്‍മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
ആദ്യമായി ഉമ്മയുടെ പൊരുത്തം കിട്ടാതെ പോവുമോ എന്ന് ആശങ്കപ്പെടുകയും ഉമ്മയുമായി നല്ല ബന്ധം വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന ആ മനസ്സിനെ പ്രത്യേകം പ്രശംസിക്കട്ടെ. ഉമ്മയുമായുള്ള നിലവിലെ സാഹചര്യം നന്നാക്കിയെടുക്കാന്‍ ഏറ്റവും സഹായകമാവുന്ന രണ്ട് ഘടകങ്ങളാണ് അവ.

ഉമ്മാക്ക് ഹിസ്റ്റീരിയയാണെന്ന് സഹോദരൻ  തന്നെ പറഞ്ഞുവല്ലോ. അത് വൈദ്യശാസ്ത്രപരമായി തന്നെ തെളിയിക്കപ്പെട്ടതാണെങ്കില്‍, ആ ഉമ്മയുടെ മാനസികാവസ്ഥയെ മനസ്സിലാക്കുകയാണ് ആദ്യമായി വേണ്ടത്. ഹിസ്റ്റീരിയ എന്നത് ഒരു കൂട്ടം അസുഖങ്ങള്‍ ചേര്‍ന്നതാണ് എന്ന് പറയുന്നതാവും ശരി. അസ്വസ്ഥത, ദേഷ്യം തുടങ്ങിയ നിലയില്ലാത്ത മാനസികാവസ്ഥയിലൂടെയാണ് ഹിസ്റ്റീരിയ രോഗികള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രയാസകരമായ അവരുടെ ആ അവസ്ഥയെ നാം തിരിച്ചറിഞ്ഞാല്‍ തന്നെ, അവരുടെ ഏത് പെരുമാറ്റത്തിലും നമുക്ക് അവരോട് സഹതാപമേ തോന്നൂ.

മാതാപിതാക്കളാവുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ സ്നേഹമായി മാറുകയാണ് വേണ്ടത്. എട്ടും പൊട്ടും തിരിയാത്ത ചെറുപ്പകാലത്ത് നമ്മുടെ എല്ലാ ദുശ്ശീലങ്ങളും ആസ്വദിച്ചവരാണല്ലോ അവര്‍. ഇപ്പോള്‍ ഉമ്മ അത്തരം അവസ്ഥയിലേക്കെത്തുമ്പോള്‍, അവരുടെ മാനസികാവസ്ഥയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് നാം വേണ്ടത്. അങ്ങനെ ചെയ്യാനായാല്‍, അവരോട് ഒരിക്കലും തര്‍ക്കിക്കാനോ മറുവാക്കുകളോ പറയാനോ നമുക്കാവില്ല, മറിച്ച് അവരുടെ ഏത് സ്വഭാവവും സ്വീകരിക്കാനും അവയൊക്കെ ആസ്വദിക്കാനും നമുക്ക് കഴിയുകയും ചെയ്യും, തീര്‍ച്ച.

അതോടൊപ്പം മക്കളും മാതാപിതാക്കളും തമ്മിലുള്ള വയസ്സിന്റെ വ്യത്യാസവും (ജനറേഷന്‍ ഗാപ്) പ്രധാനമാണ്. അവര്‍ പറയുന്നത് ശരിയാണെന്ന്, അവരുടെ പ്രായത്തിലെത്തുമ്പോഴേ അധികപേര്‍ക്കും മനസ്സിലാകൂ. അത് നേരത്തെ തിരിച്ചറിയാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ബുദ്ധിമാന്മാര്‍.

ഇനി ഉമ്മ നിങ്ങളോട്  മാത്രം എന്ത് കൊണ്ട് മിണ്ടുന്നില്ല എന്നതാണ്. കേട്ടിടത്തോളം മനസ്സിലാകുന്നത്, അസുഖം കാരണം അനിയന്ത്രിതമായി ഉണ്ടാവുന്ന ദേഷ്യവും അസ്വസ്ഥതയുമെല്ലാം അനുഭവിക്കുന്ന ഉമ്മാക്ക്, മകളില്‍ നിന്ന് ലഭിക്കേണ്ട അനുഭാവപൂര്‍ണ്ണമായ പരിഗണന (എംപതറ്റിക് സപ്പോര്ട്ട്) വേണ്ടവിധം കിട്ടുന്നില്ലെന്നാണ്. അങ്ങനെ വരുമ്പോള്‍, അത്തരക്കാര്‍ അവരോട് സംസാരിക്കുമ്പോള്‍ അവരുടെ അസ്വസ്ഥത വര്‍ദ്ധിക്കുകയേ ഉള്ളൂ, അത് കൊണ്ടായിരിക്കും എന്നോട് നീ സംസാരിക്കേണ്ട എന്ന് വരെ പറയുന്നത്.

അത് കൊണ്ട് ഇതുവരെ സംഭവിച്ചുപോയതില്‍ ആശങ്കപ്പെടാതെ, അവയെല്ലാം പോസിറ്റീവ് ആയി എടുത്ത് ഉമ്മയെ ഒരിക്കലും, ഛെ എന്ന വാക്ക് പോലും പറയാതെ സന്തോഷത്തോടെ ചേര്‍ത്ത് പിടിക്കുക. സംസാരിക്കാന്‍ പറ്റുന്ന സമയവും സന്ദര്‍ഭവും നോക്കി പരമാവധി അടുത്ത് കൂടി, ഉമ്മ പറയുന്നതെല്ലാം ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ ഉമ്മയോട് കൂടുതല്‍ സംസാരിക്കുകയും അതിലേറെ ഉമ്മയെ കേള്‍ക്കുകയും ചെയ്യുക. നീ എന്നോട് സംസാരിക്കേണ്ടെന്നോ എന്റെ അടുത്തേക്ക് വരേണ്ടെന്നോ പറഞ്ഞാല്‍ പോലും അതെല്ലാം സ്ഥിരബുദ്ധിയില്ലാതെ നിഷ്കളങ്കമായി പറയുന്നതായി എടുത്ത് പുഞ്ചിരിച്ചുകൊണ്ടും സന്തോഷത്തോടെയും ഉമ്മാക്ക് സേവനം ചെയ്യുക.

സഹോദരന് ഉമ്മയോട് മനസ്സില്‍ അല്‍പം പോലും വെറുപ്പില്ലെന്നതും ഉമ്മയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നതും വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണ്. അതിനാല്‍, ഉമ്മയോട് അടുക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, ക്രമേണ ഉമ്മ ഇഷ്ടപ്പെടാതിരിക്കില്ല. അങ്ങനെ ഉമ്മ താങ്കളെ ഇഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിക്കഴിഞ്ഞാലും അതേ സ്വഭാവം തന്നെ തുടരുക, ഉമ്മ മാറണമെന്ന് ആഗ്രഹിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല, കാരണം ഉമ്മ അസുഖ ബാധിയതാണ്. അസുഖമൊന്നുമില്ലാത്ത നാം ആണ് മാറേണ്ടത്. ഉമ്മാക്ക് വേണ്ടി ഇങ്ങനെ എല്ലാം ചെയ്യാനായാല്‍ തീര്‍ച്ചയായും ജീവിതം കൊണ്ട് നേടാവുന്ന ഏറ്റവും വലിയ കാര്യമാവും അത്. അതോടെ, ഉമ്മാന്റെ പൊരുത്തമുണ്ടാവും, അല്ലാഹുവിന്റെയും, തീര്‍ച്ച.

ASK YOUR QUESTION

Voting Poll

Get Newsletter