വീട്ടിൽ മനുഷ്യരുടെ ഫോട്ടോ ഫ്രയിം ചെയ്ത് വെക്കുന്നതിന്റെ വിധി എന്താണ്? ഫോട്ടോ ഉള്ള കലണ്ടറും മറ്റും വീട്ടിൽ തൂക്കുന്നത് അനുവദനീയമാണോ
ചോദ്യകർത്താവ്
mishal
Jan 20, 2021
CODE :Fiq10045
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ജീവന്‍ നിലനില്‍ക്കാനാവശ്യമായ ശരീരഭാഗങ്ങള്‍ മുഴുവനായും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ജീവികളുടെ രൂപങ്ങള്‍ നിര്‍മിക്കുന്നതും അവ വീടുകളില്‍ സൂക്ഷിക്കുന്നതും അനുവദനീയമല്ലെന്ന് തിരുനബി(സ്വ)യുടെ ഹദീസുകളില്‍ വന്നതായി മഹത്തുക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
തൊട്ടുനോക്കിയാല്‍ തടി അനുഭവപ്പെടുന്നതിനാണ് ഈ വിധിയെന്നും ചിത്രങ്ങളാണെങ്കില്‍ ഹറാമില്ലെന്നും അഭിപ്രായപ്പെട്ടവരും മറിച്ചു പറഞ്ഞവരും പണ്ഡിതന്മാരിലുണ്ട്. അത്യാവശ്യഘട്ടങ്ങളിലൊഴികെ ഏതുതരരത്തിലുള്ള ജീവികളുടെ ചിത്രങ്ങളും ഒഴിവാക്കുന്നതാണ് സൂക്ഷ്മത.
തലയില്ലാത്തതോ, ജീവിയുടെ പകുതിഭാഗം ഇല്ലാത്തതോ ആയ രൂപങ്ങളാണെങ്കില്‍ അതിന് കുഴപ്പമില്ല (തുഹ്ഫ, ഫത്ഹുല്‍മുഈന്‍).
നിന്ദിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ള ചിത്രങ്ങള്‍ക്കും കുഴപ്പമില്ല. ചവിട്ടിയിലുള്ള ചിത്രം, നടന്നുപോകുന്ന സ്ഥലങ്ങളിലുള്ള ചിത്രം, നടവഴികളില്‍ നിലത്ത് വിരിക്കുന്ന വിരികളിലെ ചിത്രങ്ങള്‍ ഇവയൊന്നും കുഴപ്പമില്ല (ഫത്ഹുല്‍മുഈന്‍).
ചോദ്യകര്‍ത്താവ് പ്രത്യേകം പരാമര്‍ശിച്ചതുപോലെ, ചുമരില്‍ പ്രത്യേകം ഫ്രൈം ചെയ്ത് വെക്കുന്ന ഫോട്ടോ തൊട്ടുനോക്കിയാല്‍ തടിയുള്ളതാവാന്‍ സാധ്യതയില്ലെങ്കിലും അത്യാവശ്യമല്ലാത്തതിനാല്‍ ഒഴിവാക്കലാണ് നല്ലത്.
ജീവികളുടെ ഫോട്ടോ ഉള്ള കലണ്ടര്‍ തൂക്കിയിടുന്നതും മേല്‍പറഞ്ഞ അഭിപ്രായവ്യത്യാസത്തോടെ നമുക്ക് മനസിലാക്കാം. അതിലെ ചിത്രം തടിയുള്ള ചിത്രമാകാനിടയില്ലല്ലോ. ഒഴിവാക്കലാണ് സൂക്ഷ്മതയെങ്കിലും തെറ്റാണെന്ന് പറയാനാകില്ലെന്ന് ചുരുക്കം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.