വിഷയം: ഓൺലൈൻ നികാഹ്
ഓൺലൈൻ നികാഹ് ശരിയാകുമോ? വരൻ ഗൾഫിലും വധുവിന്റെ രക്ഷിതാവ് നാട്ടിലും ആയി ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ നികാഹ് ചെയ്താൽ ശരിയാകുമോ?
ചോദ്യകർത്താവ്
ഹഫിയ്യ്, കാസറഗോഡ്
May 18, 2021
CODE :Dai10078
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നികാഹ് സാധുവാകാന്‍ അഞ്ച് ഘടകങ്ങള്‍ അനിവാര്യമാണ്. വരൻ, വധു, വലിയ്യ്, രണ്ടു സാക്ഷികൾ, വാചകം എന്നിവയാണവ. വലിയ്യിന്‍റെ വാചകമായ ഈജാബും വരന്‍റെ വാചകമായ ഖബൂലും രണ്ട് സാക്ഷികളും നേരിട്ട് കേള്‍ക്കലും അവരിരുവരെയും രണ്ട് സാക്ഷികളും നേരില്‍ കാണുകയും വേണം. നേരില്‍ കാണുന്നതിനും നേരിട്ട് കേള്‍ക്കുന്നതിനും തടസ്സമാവാത്ത കാണുന്ന ഭിത്തി ഇടയിലുണ്ടാകുന്നതിന് വിരോധമില്ല. വലിയ്യും വരനും ഈജാബും ഖബൂലും നടത്തുന്നത് നേരില്‍ കണ്ടും കേട്ടും ബോധ്യപ്പെട്ടാലാണ് സാക്ഷിത്വം പൂര്‍ണമാവൂ. അതിനാല്‍ രണ്ടു സാക്ഷികളും വരന്‍റെയും വലിയ്യിന്‍റെയും അടുത്ത് ഹാജറായിരിക്കണം. സാക്ഷ്യം വഹിക്കുന്നത് സംസാരമായതിനാൽ സാക്ഷികൾ ഇരുവരും വലിയ്യിന്‍റെയും വരന്‍റെയും സംസാരം സാക്ഷാൽ കേൾക്കലും സംസാരിക്കുന്നവനെ കാണലും രണ്ട് സാക്ഷികള്‍ക്കും ഇരുകക്ഷികളുടെയും ഭാഷ അറിയലും ശർത്വാണ്. (തുഹ്ഫ, ശര്‍വാനി, ഇആനത്, ശര്‍ഹുല്‍മന്‍ഹജ്, റൌള)
വലിയ്യും വരനും രണ്ട് നാട്ടിലാകുമ്പോള്‍ രണ്ടു പേരുടെയും വാചകങ്ങള്‍ക്ക് അവ ഉച്ചരിക്കുന്ന അതേ സമയം സ്വശരീരം കൊണ്ട് കണ്ടും കേട്ടും സാക്ഷികളാകാന്‍ രണ്ട് പേര്‍ക്ക് സാധ്യമല്ലല്ലോ. ഇരുവശത്തും വെവ്വേറെ രണ്ടുപേരുണ്ടായത് കൊണ്ട് പരിഗണനീയവുമല്ല. ആയതിനാല്‍ വരൻ ഗൾഫിലും വധുവിന്റെ രക്ഷിതാവ് നാട്ടിലും ആയിരിക്കെ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ നികാഹ് ചെയ്താൽ ശരിയാവില്ല. മേല്‍പറയപ്പെട്ട സ്ഥലത്തൊക്കെ വരനോ വലിയ്യിനോ പകരം അവരുടെ വകീലാണെങ്കിലും ഇതുതന്നെയാണ് വിധി.
വരനും വലിയ്യിന്നും ഒന്നിച്ചൊരു സ്ഥലത്ത് ഒരുമിച്ചുകൂടി നികാഹ് നടത്താന്‍ പ്രയാസമുണ്ടാവുമ്പോള്‍ വലിയ്യിന് വരന്‍റെ അടുത്തുള്ള ഒരാളെയോ വരന് വലിയ്യിന്‍റെ അടുത്തുള്ള ഒരാളെയോ വകാലത്താക്കി നികാഹ് നടക്കുന്ന സ്ഥലത്ത് രണ്ട് സാക്ഷികല്‍ സന്നിഹിതരായി വളരെ സുന്ദരമായി നികാഹ് നടത്താന്‍ ശറഅ് തന്നെ വഴിയൊരുക്കിത്തരുമ്പോള്‍ മറ്റൊരുവഴിയന്വേഷിച്ച് ഇബാദത്തുകളും ഇടപാടുകളും പിഴപ്പിക്കേണ്ടതില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.