വിഷയം: ‍ ഫിഖ്ഹ്

ലേലം വിളിച്ചു കച്ചവടം ചെയ്യൽ അനുവദനീയം ആണോ? ഫിഖ്ഹ് കിതാബിൽ പറയുന്ന നജ്ഷ് ന്റെ ഇനത്തിൽ ഇത് പെടില്ലേ

ചോദ്യകർത്താവ്

Safwan Muhammed Hashim ...

Dec 12, 2022

CODE :Dai11867

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇന്നു സാധാരണ കണ്ടുവരാറുള്ള ലേലം വിളി അനുവദനീയമാണ്.  പ്രത്യേകമായി നിഷിദ്ധമാണെന്നതിനു തെളിവുകളില്ലെങ്കില്‍ അത്തരം ഇടപാടുകള്‍ ദീനില്‍ അനുവദനീയമാണ്. നബി (സ)യുടെ അടുക്കല്‍ ഒരാള്‍ യാചിച്ചു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്ന പുതപ്പും പാനപാത്രവും കൊണ്ടു വരാന്‍ പറഞ്ഞു. നബി (സ) സ്വഹാബാക്കളില്‍ വിളിച്ചു പറഞ്ഞു ഇത് വാങ്ങാനാരുണ്ട്. ഒരാള്‍ ഒരു ദിര്‍ഹമിനു വാങ്ങാമെന്നു പറഞ്ഞു. റസൂല്‍ (സ) വീണ്ടും പറഞ്ഞു ഒരു ദിര്‍ഹമിനേക്കാള്‍ കൂടുതല്‍ ആരു തരും. മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു. അപ്പോള്‍ ഒരാള്‍ രണ്ടു ദിര്‍ഹമിനു തയ്യാറാണെന്നു പറഞ്ഞു. നബി (സ) അത് രണ്ടും രണ്ടു ദിര്‍ഹമിനു വിറ്റു. ഒരു ദിര്‍ഹമിനു വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങാനും മറ്റൊന്നു കൊണ്ട് മഴു വാങ്ങാനും കല്പിച്ചു.  നബി(സ) തന്നെ ആ മഴുവിനു പിടിയിട്ടു കൊടുത്തു. എന്നിട്ട് വിറക് ശേഖരിച്ച് വില്‍ക്കാന് കല്പിച്ചു.  നസാഇ, തിര്‍മുദി, അബൂ ദാവൂദ്, ഇബ്നു മാജ എന്നിവര്‍ ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി തങ്ങള്‍ നിരോധിച്ച നജ്ശില്‍ ലേലം വിളി ഉള്‍പെടില്ല.  വസ്തു വാങ്ങണമെന്ന ലക്ഷ്യമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി വില കൂട്ടിപ്പറയുന്നതിനാണ് നജ്ശ് എന്ന് പറയുക. വില്‍പനക്കാരന് അധികം വില ലഭിക്കാനായി വില കൂട്ടിപ്പറയുന്നതും നജ്ശ് തന്നെ. എന്നാല്‍ ലേലം വിളിയില്‍ വാങ്ങുന്നവന്‍ കൂടുതല്‍ വില പറഞ്ഞ ആള്‍ക്കാണ് വസ്തു ലഭിക്കുന്നയെന്നറിഞ്ഞ് കൊണ്ട് തന്നെയാണല്ലോ ലേലത്തില്‍ പങ്കെടുക്കുന്നത്. സാധാരണ ലേലത്തില്‍ എല്ലാവരും പങ്കെടുക്കുന്നത് വസ്തു തനിക്ക് ലഭിക്കണമെന്ന് ലക്ഷ്യത്തോടെയുമാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter