വിഷയം: പ്രസവിക്കപ്പെട്ട കുഞ്ഞിന് വേണ്ടി ചെയ്യേണ്ട അനുഷ്ടാനങ്ങൾ
പുതുതായി പ്രസവിക്കപ്പെട്ട കുഞ്ഞിന് വേണ്ടി നാം ചെയ്യേണ്ട മതപരമായ അനുഷ്ടാനങ്ങൾ എന്തൊക്കെയാണ് ?
ചോദ്യകർത്താവ്
മുഹമ്മദ് റാഫി
Nov 6, 2025
CODE :Dai15890
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ!
പിറന്നു വീണ ഉടനെ കുഞ്ഞിന്റെ വലതു ചെവിയിൽ വാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നതാണ്. തിരു നബി (സ്വ) പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ സൂറത്തുൽ ഇഖ്‌ലാസ് ഓതിയിട്ടുണ്ടെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതു പോലെ വിശുദ്ധ ഖുർആനിലെ സൂറ: ആൽ ഇംറാനിലെ 36 ആം സൂക്തത്തിൽ നിന്നുള്ള واني أعيذها بك وذريتها منً الشيطان الرجيم എന്നു കുഞ്ഞിന്റെ ചെവിയിൽ പാരായണം ചെയ്തു കൊടുക്കലും പുണ്യകരണമാണ്.
കുട്ടിയുടെ വായിൽ മധുരം പുരട്ടുന്നതാണ് മറ്റൊരു കർമ്മം. പ്രവാചകൻ (സ്വ) ചെയ്തത് പോലെ കാരക്ക വായിൽ ചവച്ചരച്ചു കുട്ടിയുടെ വായിൽ വെച്ചു കൊടുക്കുന്നതാണ് സുന്നത്ത്. കാരക്കയോ ഈത്തപ്പഴമോ ഇല്ലെങ്കിലും മറ്റു മധുരിതമായ ഭക്ഷണ പദാർത്ഥങ്ങൾ ആകാവുന്നതാണ്.
പിറന്നതിന്റെ ഏഴാം നാൾ കുഞ്ഞിന് പേരിടുക, ബലികർമ്മം (ദബീഹ) നിർവഹിക്കുക, മുടി കളയുക എന്നിവയും സുന്നത്തായ അനുഷ്ടാനങ്ങളിൽ പെട്ടതാണ്. ഇത് സംബന്ധിച്ച അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കാര്യങ്ങൾ യഥാവിധി മനസ്സിലാക്കി ആരാധനകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ


