വിഷയം: ‍ നായ നടന്ന വഴിയിലെ നജസ്

തൊട്ടടുത്ത വീട്ടിൽ നായയെ വളർത്തുന്നത് കൊണ്ടാണ് ഈ വിഷയത്തിൽ കൂടുതൽ വിശദമായി ചോദിക്കുന്നത്. രാവിലെയും വൈകുന്നേരവും ആ നായ എന്റെ വീടിന്റെ മുന്നിലൂടെ നനഞ്ഞ റോഡിലൂടെയാണ് പോകാറുള്ളത്. ഇതിനു ശേഷം ആ വഴിയിലൂടെ എന്റെ വീട്ടിലെ വാഹനങ്ങളും അത് പോലെ വീട്ടിലെ ആടുകളുമൊക്കെ പോകാറുണ്ട്. ഈ സമയം വാഹനങ്ങളുടെ ടയറും അത് പോലെ ആടും കയറുമൊക്കെ ഈ വഴിയിലൂടെ നിലത്തു തട്ടിയാണ് പോകുന്നത്. കൂടാതെ നമ്മൾ നടന്ന് പോകുമ്പോഴോ വാഹനത്തിൽ പോകുമ്പോഴോ എതിരെ വരുന്ന വാഹനം തെറിപ്പിക്കുന്ന വെള്ളം നമ്മുടെ ഷർട്ടിലൊക്കെ തെറിക്കുകയും ചെയ്യും. ചിലപ്പോൾ നടക്കുമ്പോൾ തന്നെ ചെരുപ്പിൽ നിന്ന് തന്നെ ഷർട്ടിലേക്ക് തെറിക്കുകയും ചെയ്‌യും. അത് പോലെ നായ തൊട്ട സ്ഥലത്തിന്റെ തൊട്ടടുത്ത സ്ഥലം നജസാണോ? (ഇരു സ്ഥലങ്ങൾ തമ്മിൽ കാണുന്ന രീതിയിൽ നനവുണ്ടാവും. അല്ലെങ്കിൽ പൂർണമായും ഉണങ്ങാത്ത രീതിയിലുള്ള നനവുണ്ടാകും). ഇവിടെയുള്ള മണ്ണ് മനഃപൂർവം ശരീരത്തിലായാലോ?

ചോദ്യകർത്താവ്

Muhammad Iqbal M

Aug 21, 2020

CODE :Fiq9963

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

താങ്കളുടെ ചോദ്യത്തില്‍ പരാമര്‍ശിച്ചതുപോലെയുള്ള സാഹചര്യങ്ങളിലൊന്നും നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം നജസായിട്ടുണ്ടെന്നുറപ്പുള്ള വഴിയിലൂടെയോ മറ്റോ നടക്കുമ്പോള്‍ വസ്ത്രത്തിലോ ശരീരത്തിലോ ആകാനിടയുള്ളതും സാധാരണഗതിയില്‍ അവയെ തൊട്ട് സൂക്ഷിക്കല്‍ പ്രയാസകരവുമായ  കുറഞ്ഞ മണ്ണിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട്. നായ, പന്നി പോലോത്തവ കൊണ്ട് നജസായതാണെന്ന് ഉറപ്പുള്ള സ്ഥലമാണെങ്കില്‍ പോലും നജസിന്‍റെ തടി വേറിട്ടുകാണാത്ത കാലത്തോളം ഇതാണ് വിധി. ഇത് ശ്രദ്ധിക്കല്‍ ക്ലേശമായതിനാലാണ് ഈ വിധി. സമയത്തിനനുസരിച്ചും നജസായ സ്ഥലത്തിനനുസരിച്ചും ഇവിടെ കുറഞ്ഞ അളവില്‍ വിട്ടുവീഴ്ചയുണ്ടെന്ന് പറഞ്ഞതില്‍ വ്യത്യാസമുണ്ടാകും (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 2/362).

അഥവാ വേനല്‍കാലത്ത് വിട്ടുവീഴ്ച്ചയില്ലാത്തതിന് ശൈത്യകാലത്ത് വിട്ടുവീഴ്ചയുണ്ടാകും. കയ്യിലോ കുപ്പായക്കയ്യിലോ വിട്ടുവീഴ്ചയില്ലാത്തതിന് കാലിലും ചെരുപ്പിലും വിട്ടുവീഴ്ചയുണ്ടാകും (തുഹ്ഫ2/363, ഇആനത് 1/178)

മഴ പെയ്ത ശേഷം നനവുള്ള റോഡിലൂടെയോ പറമ്പിലൂടെയോ നായ കടന്ന് പോയ ശേഷം ആ വഴിയിലൂടെ ഒരാൾ ചെരുപ്പില്ലാതെ നടന്നത്കൊണ്ട് മാത്രം  ഏഴു പ്രാവശ്യമോ ഒരു പ്രാവശ്യമോ പോലും കഴുകേണ്ടതില്ല. മണ്ണ് നനഞ്ഞാലും ഇല്ലെങ്കിലും ഇതുതന്നെയാണ് വിധി. നജസിന്‍റെ തടി ശരീരത്തിലോ വസ്ത്രത്തിലോ ആയെന്ന് ഉറപ്പായാല്‍ മാത്രമേ കഴുകേണ്ടതുള്ളൂ.

ചെരിപ്പില്ലാതെ ഖുഫ്ഫ മാത്രം ധരിച്ച് നടക്കുമ്പോള്‍ ഖുഫ്ഫയിലാകുന്ന കുറഞ്ഞ മണ്ണും തീരെ ചെരിപ്പില്ലാതെ നടക്കുമ്പോല്‍ കാലിലാകുന്ന കുറഞ്ഞ മണ്ണും ഈ വിട്ടുവീഴ്ചയുടെ പരിധിയില്‍ വരുന്നതാണ് (ശര്‍വാനീ, ഇബ്നുഖാസിം 2/362-363)

ചളിയോ മണ്ണോ തീരെയില്ലാത്ത ഒരു വഴിയില്‍ മൃഗങ്ങളുടെയും നായകളുടെയും മനുഷ്യരുടെയും കാഷ്ടമുണ്ടാവുകയും മഴ നനഞ്ഞ് വഴിയില്‍ പരക്കുകയും ചെയ്താല്‍ ആ വഴിയിലൂടെ നടക്കുമ്പോള്‍ വസ്ത്രത്തിലോ കാലിലോ ആകുന്ന നജസിന് വിട്ടുവീഴ്ചയുണ്ടോ എന്ന് ശൈഖുനാ ഇബ്നുഹജര്‍(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ ഇങ്ങനെ മറുപടി നല്കി: വഴിയിലൂടെ യാത്ര പോകുന്നവന്‍ വീഴുകയോ അശ്രദ്ധകാണിക്കുകയോ വഴുതുകയോ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ മേല്‍പറയപ്പെട്ട വഴിയില്‍ നജ്സ് വ്യാപിച്ചു കിടക്കുന്നതിനാല്‍ സൂക്ഷിക്കല്‍ പ്രയാസകരമായ നജസിനെ തൊട്ട് വിട്ടുവീഴ്ചയുണ്ട് (ഫത്ഹുല്‍മുഈന്‍&ഇആനത് 1/178)  

എന്നാല്‍ നജസ് വേറിട്ടു കാണുന്ന തരത്തില്‍ ശരീരത്തിലോ വസ്ത്രത്തിലോ ആയാല്‍ അതിന് വിട്ടുവീഴ്ചയില്ല (ഫത്ഹുല്‍മുഈന്‍)

ചുരിക്കത്തില്‍ താങ്കളുടെ അയല്‍വാസിയുടെ നായ നടന്നുപോയ വഴിയിലൂടെ താങ്കളോ താങ്കളുടെ ആടുകളോ ആടുകളുടെ കയറോ വണ്ടിയുടെ ടയറോ മറ്റെന്തെങ്കിലുമോ സഞ്ചരിച്ചത് കൊണ്ടുമാത്രം നജസായിട്ടുണ്ടോ എന്ന് ആശങ്കപ്പെടേണ്ടതില്ല. വാഹനം പോകുമ്പോഴോ ചെരുപ്പില്‍ നിന്നോ വസ്ത്രത്തിലേക്ക് തെറിച്ചാലും നായയുടെ കാഷ്ടം പോലെയുള്ള നജസിന്‍റെ തടി വസ്ത്രത്തില്‍ കാണാത്ത കാലത്തോളം നജസുണ്ടെന്ന് കരുതേണ്ടതില്ല.

നാട തൊട്ട സ്ഥലത്തുള്ള നനവ് മറ്റു സ്ഥലത്തേക്കും പരക്കുന്ന തരത്തിലണെങ്കില്‍ നജസ് പരന്ന ഭാഗമെല്ലാം മുതനജ്ജിസാണ്. നായ തൊട്ട സ്ഥലത്തെ മണ്ണ് മനപ്പൂര്‍വ്വം വസ്ത്രത്തിലേക്കോ ശരീരിത്തിലേക്കോ ആക്കേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങളിലെ വസ്’വാസ് തീര്‍ത്ത് ശറഅ് അനുവദിച്ചു നല്‍കുന്ന ഇളവുകള്‍ മനസ്സിലാക്കിയാല്‍ പിന്നീട് പ്രയാസമുണ്ടാകില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter