വിഷയം: ‍ ചിത്രം വര

മനുഷ്യന്റെ മുഖം വരകുന്നതും അതിലൂടെ ധനം സമ്പാദിക്കുന്നതും ഹറാമാണോ?

ചോദ്യകർത്താവ്

Muhammad shuaib

Nov 28, 2020

CODE :Fat10011

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചിത്രം വരക്കുന്നതിനെ കുറിച്ചും അതിന്‍റെ വിവിധരീതികളെ കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്.

ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇശ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കുംവിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം.

ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. ഫോട്ടോ എടുത്ത് ആല്‍ബമായി സൂക്ഷിക്കുന്നതും മറ്റും ഈ ഗണത്തില്‍ പെടുന്നതാണ്.

വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ ചിത്രം വരക്കലും ഫോട്ടോ എടുക്കലുമെല്ലാം ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.

പണ്ഡിതന്മാരുടെ അഭിപ്രായഭിന്നതകളെല്ലാം പരിഗണിക്കുമ്പോഴും ചിത്രംവരയും ഫോട്ടോഗ്രാഫിയുമെല്ലാം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നാണ് മനസിലാകുന്നത്.

ചിത്രം വരക്കാനുള്ള അനിതരസാധാരണമായ കഴിവുള്ള പലരുമുണ്ട്. ഹലാലായ രീതിയിലുളള ചിത്രംവരിയിലൂടെ ലഭിക്കുന്ന ധനവും ഹലാലാണെന്ന് പറയേണ്ടതില്ലല്ലോ. കഴിവുപയോഗപ്പെടുത്തി ജീവനുള്ള വസ്തുക്കളല്ലാത്ത മറ്റു പലതും വരക്കാവുന്നതാണ്. തന്‍റെ കഴിവിനെ ശരീഅത് അനുവദിക്കുന്ന രീതികളിലൂടെ പ്രയോഗിച്ച് ദീനീപ്രബോധനത്തിന് ഉപയോഗിക്കുമ്പോള്‍ പ്രവര്‍ത്തനം പ്രതിഫലാര്‍ഹമാക്കി മാറ്റനും കഴിയുമെന്നത് ഓര്‍മിപ്പിക്കുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter