വിഷയം: മദ്'യ് പുറപ്പെട്ടാല്‍
മദിയ്യ് പുറപ്പെട്ടാൽ കുളിക്കണം എന്ന് ചിലർ അഭിപ്രായപെടുന്നു. ഇത് ശരി ആണോ?
ചോദ്യകർത്താവ്
Bilal
May 31, 2021
CODE :Fat10122
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കൂടുതല്‍ ശക്തിയോടെയല്ലാതെ ലൈംഗികവികാരം ഉണ്ടാവുമ്പോള്‍ മിക്കവാറും പുറപ്പെടാറുള്ള ലോലമായയും മഞ്ഞയോ വെളുപ്പോ നിറമുള്ളതുമായ ദ്രാവകത്തിനാണ് മദ്’യ് എന്ന് പറയപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍)
മദ്’യ് നജസാണ്. പുറപ്പെട്ടാല്‍ വുളൂ മുറിയും. ആയതിനാല്‍ മദ്’യ് വസ്ത്രത്തിലോ ശരീരത്തിലോ ആയാല്‍ നിസ്കരിക്കണമെങ്കില്‍ വുളൂ ചെയ്യുന്നതോടൊപ്പം ആ നജസ് കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. കുളിക്കേണ്ടതില്ല.
മനിയ്യ് പുറപ്പെട്ടാലാണ് കുളിക്കല്‍ നിര്‍ബന്ധമാവുക. മനിയ്യ് നജസല്ല. എന്നാല്‍ മനിയ്യ് പുറപ്പെട്ടാല്‍ വലിയ അശുദ്ധിക്കാരനാവുമെന്നതിനാല്‍ വലിയ അശുദ്ധിയെ ഉയര്‍ത്താനായി കുളി നിര്‍ബന്ധമാണ്.
പുറപ്പെട്ടത് മനിയ്യോ അതോ മദ്’യോ എന്ന് സംശയമായാല്‍ ഏതെങ്കിലുമൊന്നാണെന്ന് അവന് തീരുമാനമെടുത്ത് അതനുസരിച്ച് പ്രവര്‍ത്തിക്കണം. മനിയ്യാണെന്ന് തീരുമാനിച്ചാല്‍ കുളിക്കണം. മദ്’യാണെന്ന് തീരുമാനിച്ചാല്‍ കഴുകി വൃത്തിയാക്കി വുളൂ ചെയ്യണം (ഫത്ഹുല്‍ മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.