വിഷയം: ഗോള്‍ഡ് ഇ.ടി.എഫ്.
ഗോൾഡ് ഇ ടി എഫ് നിക്ഷേപത്തിന്റെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
swalih
Aug 1, 2020
CODE :Fin9944
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സ്വര്‍ണവില കുതിച്ചുയരുന്ന പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സ്വര്ണനിക്ഷേപത്തില്‍ താല്‍പര്യം വര്‍ദ്ധിച്ചിരിക്കുകയാണ്.
എന്നാല്‍ സ്വര്‍ണം വാങ്ങുമ്പോഴുള്ള പണിക്കൂലി, പണിക്കുറവ് തുടങ്ങിയവ മൂലമുള്ള ലാഭനഷ്ടം, ആഭരണം സൂക്ഷിക്കാനുള്ള ലോക്കര്‍ ചെലവ്, വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള മോഷണസാധ്യത എന്നിത്യാദി പ്രയാസങ്ങളൊഴിവാക്കാനുള്ള സൌകര്യപൂര്‍ണമായ നിക്ഷേപമാര്‍ഗമായാണ് ‘ഗോൾഡ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്’ അഥവാ ‘സ്വർണ ഇ.ടി.എഫ്.’ നിക്ഷേപകര്‍ക്കിടയില്‍ പ്രിയമേറിയിട്ടുള്ളത്. ചുരുക്കത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള വഴിയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍.
ഒരു തരം മ്യൂച്വല്‍ ഫണ്ട് തന്നെയാണല്ലോ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇ.ടി.എഫ്.) എന്നു പറയുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സ്വർണ ഇ.ടി.എഫ്. യൂണിറ്റായിട്ടാണ് ഇതിൽ വ്യാപാരം നടക്കുന്നത്. പൊതുവേ ഒരു ഗ്രാം സ്വർണത്തെയാണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. നിക്ഷേപകന്‍ ഒരു യൂണിറ്റു വാങ്ങുമ്പോള്‍ ഗോള്‍ഡ് ഇ.ടി.എഫ് അതിനു തുല്യമായ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു. ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഗോള്‍ഡ് ഇ.ടി.എഫ് വാങ്ങാന്‍ സാധിക്കുന്നു. സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിക്കും. അതുപോലെ സ്വർണ വില കുറയുകയാണെങ്കിൽ നിക്ഷേപത്തിന്റെ മൂല്യവും കുറയും. നിക്ഷേപകന് ഉദ്ദേശിക്കുന്ന സമയത്ത് തന്‍റെ നിക്ഷേപമായ സ്വര്‍ണത്തെ അപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് പണമാക്കി മാറ്റുകയും ചെയ്യാം.
ആദ്യം ഇവിടെ നടക്കുന്ന ഇടപാടെന്താണെന്ന് നോക്കാം. നിക്ഷേപകന്‍ പണം നിക്ഷേപിക്കുമ്പോള്‍ ആ പണത്തിന് തുല്യമായ സ്വര്‍ണം അയാള്‍ക്ക് വേണ്ടി ഇ.ടി.എഫ് സ്ഥാപനം വാങ്ങി സൂക്ഷിക്കുന്നു. നിക്ഷേപകന്‍ നിക്ഷേപം പിന്‍വലിക്കാനാഗ്രഹിക്കുമ്പോള്‍ ഇ.ടി.എഫ് സ്ഥാപനം നിക്ഷേപകന്‍റെ സ്വര്‍ണം അപ്പോഴത്തെ മാര്‍ക്കറ്റ് വിലക്ക് വില്‍പന നടത്തി നിക്ഷേപകന് പണം നല്‍കുന്നു.
ഇവിടെ യാഥാര്‍ത്ഥത്തില്‍ നാം നിക്ഷേപം നടത്തുന്നതും നമുക്ക് വേണ്ടി നിക്ഷേപതുകക്ക് തുല്യമായ സ്വര്‍ണം വാങ്ങുകയും ആവശ്യപ്പെടുന്ന സമയത്ത് വില്‍ക്കുകയും ചെയ്യുന്ന ഇടപാടുകള്‍ നടത്തുന്നതുമെല്ലാം മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളാണല്ലോ. കൂടാതെ ഓഹരിവില്‍പന പോലെത്തന്നെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഇ.ടി.എഫ് ഇടപാടുകള്‍ നടക്കുന്നതും. ഇ.ടി.എഫ് നിക്ഷേപം നടത്തണമെങ്കില്‍ തന്നെ നിക്ഷേപകന് ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് എക്കൌണ്ട് തുറക്കണമെന്ന് മുമ്പ് പറഞ്ഞുവല്ലോ.
ചുരുക്കത്തില്‍ ഈ ഇടപാട് നടക്കുന്നത് പലിശ സ്ഥാപനങ്ങളായ മ്യൂച്ചല്‍ഫണ്ടുകള്‍ വഴിയാണ്. കൂടാതെ ഇത് ശരിരായ സ്റ്റോക് എക്സ്ചേഞ്ച് ഇടപാട് തന്നെയാണ്. മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ വഴി സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാട് രീതിയില്‍ നടക്കുന്ന ഈ വ്യവഹാരത്തെ ശറഇന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുള്ള ഇടപാടാണെന്ന് പറയാന്‍ സാധ്യമല്ല. കാരണം മ്യൂച്ചല്‍ഫണ്ടും സ്റ്റോക്ക് എക്ചേഞ്ചും പലിശയിലധിഷ്ടിതമായ ഇടപാടുകളുടെ തുറന്ന മേഖലകളാണ്.
മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍മാര്‍ക്കറ്റിംഗ്, ഓഹരിവിപണി തുടങ്ങിയവയുടെ ഇസ്ലാമികകാഴ്ചപ്പാട് മനസിലാക്കാന്‍ ഈ ലിങ്കുകള്‍ കൂടി വായിക്കുക. CODE: Oth8825 CODE: Fin9219 ARTICLE OHR
ഹലാലായ രീതിയില്‍ ധനസമ്പാധനം നടത്താനും പലിശമുക്തമായ സമ്പത്ത് സ്വായത്തമാക്കാനും നാഥന്‍ നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.