നഫീസതുല്‍ മിസ്രിയ, റാബിഅതുല്‍ അദവിയ എന്നീ മഹതികളെ പറ്റി ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റാബിഅതുല്‍ അദവിയയും നഫീസതുല്‍ മിസ്രിയയും മാതൃകായോഗ്യരായ രണ്ട് മഹിളാ രത്നങ്ങളാണ്. ബസ്റയില്‍ ഹിജ്റ 100ലായിരുന്നു റാബിഅതുല്‍ അദവിയ്യയുടെ ജനനം. തന്റെ പിതാവിന്റെ നാലാമത്തെ പുത്രിയായതിനാലാണ് അവര്‍ക്ക് റാബിഅ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഉമ്മുല്‍ഖൈര്‍ എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.  ചെറുപ്പത്തിലേ മാതാവും പിതാവും മരണപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ക്ലേശകരമായ ജീവിതമാണ് അവര്‍ക്ക് നയിക്കേണ്ടിവന്നത്. എന്നാല്‍ അതെല്ലാം അല്ലാഹുവിലുള്ള വിശ്വാസം വര്‍ദ്ദിക്കാനും സദാസമയവും അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകാനുമാണ് അവരെ പ്രേരിപ്പിച്ചത്. അല്ലാഹുവോടുള്ള അടങ്ങാത്ത സ്നേഹവും ഭൌതികലോകത്തോടുള്ള പരിത്യാഗവുമായിരുന്നു അവരുടെ വാക്കുകളിലെല്ലാം പ്രതിഫലിച്ചത്. അവരില്‍നിന്ന് ഒട്ടേറെ ഉദ്ധരണികള്‍ പലരും എടുത്തുപറഞ്ഞിട്ടുണ്ട്. 180ലായിരുന്നു മഹതിയുടെ മരണമെന്ന് കാണാം. അലി (റ)വിന്‍റെ സന്താപരമ്പരയില്‍ ഉള്‍പ്പെടുന്ന ഒരു മഹതിയാണ് നഫീസതുല്‍മിസ്രിയ(റ). ഹിജ്റ 145ന് റബീഉല്‍ അവ്വല്‍ 11ന് മക്കയിലായിരുന്നു അവരുടെ ജനനമെന്നാണ് രേഖകളില്‍നിന്ന് മനസ്സിലാവുന്നത്. ചെറുപ്പകാലം കഴിച്ചുകൂട്ടിയത് മക്കയില്‍ തന്നെയായിരുന്നു. അഞ്ചാം വയസ്സില്‍ പിതാവിനോടൊപ്പം മദീനയിലേക്ക് പോയി. സ്വന്തം പിതാവില്‍നിന്നും മദീനയിലെ പണ്ഡിതരില്‍നിന്നുമായി ഫിഖ്ഹ്, ഹദീസ്, തഫ്സീര്‍ തുടങ്ങി വിവിധ വിജ്ഞാനശാഖകള്‍ സ്വായത്തമാക്കി. മദീനയില്‍ കഴിഞ്ഞ നാളുകളിലെല്ലാം ആരാധനാകര്‍മ്മങ്ങളിലും വിജ്ഞാനശേഖരണത്തിലുമായി ഭൂരിഭാഗസമയവും ഹറമില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നുവത്രെ അവര്‍. ധാരാളം തവണ ഹജ്ജ് ചെയ്തതായും കാണാം. ഇമാം ശാഫിഈ(റ)മഹതിയില്‍നിന്ന് ഹദീസ് കേട്ടതായി കാണാം. ഇമാം ശാഫി(റ)ന്റെ വസിയ്യത് പ്രകാരം, അവരുടെ മയ്യിത് നഫീസത് ബീവിയുടെ വീട്ടിലേക്ക് കൊണ്ടുപോയതും മഹതി അവരുടെ മേല്‍ മയ്യിത് നിസ്കരിച്ചതായും ചരിത്രത്തില്‍ കാണാം. നോമ്പ് കാരിയായി തന്നെ മരിപ്പിക്കണമെന്ന് അവര്‍ ഇടക്കിടെ ദുആ ചെയ്യാറുണ്ടായിരുന്നുവത്രെ. ഹിജ്റ 208ല്‍ റമദാനിലെ ആദ്യ വെള്ളിയാഴ്ച നോമ്പ് കാരിയായി തന്നെ അവര്‍ ഈ ലോകത്തോട് വിട പറഞ്ഞുവെന്നാണ് ചരിത്രം. ഈജിപ്തിലെ കൈറോവിലാണ് മഹതി അന്ത്യവിശ്രമം കൊള്ളുന്നത്. അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി ഈമാനോടെ മരിക്കാന്‍ തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter