മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നതിന്‍റെ അടിസ്ഥാനമെന്ത്?

ചോദ്യകർത്താവ്

muhammed fadil

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണപ്പെട്ടവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്യാമെന്നും അതിന്‍റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്നും അത് കാരണമായി അവരുടെ പാരത്രിക ജീവിതത്തില്‍ ആശ്വാസം ലഭിക്കുമെന്നും ഹദീസുകളിലൂടെ തന്നെ വ്യക്തമായി വന്നതാണ്. ഒരാള്‍ക്ക് നിര്‍ബന്ധമായ നോമ്പ് നോല്‍ക്കാന്‍ ബാക്കിയുണ്ടായിരിക്കെ മരണപ്പെട്ടാല്‍ അവന്‍റെ ബന്ധപ്പെട്ടവര്‍ അവന് വേണ്ടി അത് നോറ്റുവീട്ടണം എന്ന ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ട് ഉപകാരപ്പെടുമെന്നത് വ്യക്തമാണ്. മരിച്ചുപോയ ഉമ്മാക്കോ ഉപ്പാക്കോ വേണ്ടി എന്ത് ചെയ്യണമെന്ന് പ്രവാചകരോട് ചോദിക്കപ്പെടുകയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുംവിധം വെള്ളം ലഭിക്കുന്ന കിണര്‍ കുഴിക്കുന്നത് അടക്കം സ്വദഖയുടെയും സല്‍കര്‍മ്മങ്ങളുടെയും വിവിധ രീതികള്‍ പറഞ്ഞുകൊടുത്തതും ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം,  പ്രവാചകര്‍ ഒരിക്കല്‍ രണ്ട് ഖബറുകള്‍ക്ക് അടുത്ത് കൂടി നടന്നുപോയി. അപ്പോള്‍ പറഞ്ഞു, ഈ ഖബ്റിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നതാണ്, അത്ര വലിയ ദോഷത്തിലൊന്നുമല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്, അവരില്‍ ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണ്ണമായും ശുദ്ധമാവാര്‍ (ഇസ്തിബ്റാഅ്) ഇല്ലായിരുന്നു (മറഞ്ഞിരിക്കാറില്ലായിരുന്നു എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം) മറ്റൊരാള്‍ ഏഷണിക്കാരനായിരുന്നു. എന്നിട്ട് പ്രവാചകര്‍ ഒരു പച്ച മട്ടലെടുത്ത് രണ്ടായി കീറി ഖബ്റിന് സമീപം കുത്തിവെച്ചു. ഇത് കണ്ട സ്വഹാബികള്‍, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു, അവിടന്ന് പറഞ്ഞു, അവ രണ്ടും ഉണങ്ങാത്തിടത്തോളം അത് തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ് കാരണമായി അവരുടെ ശിക്ഷക്ക് ഇളവ് ലഭിച്ചേക്കാം (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് വിശദീകരിക്കുന്നിടത്ത് ഇമാം നവവി(റ) ശറഹ് മുസ്‌ലിമില്‍ ഇങ്ങനെ പറയുന്നത് കാണാം, ഈ ഹദീസിന്‍റെ അടിസ്ഥാനത്തിലാണ്, ഖബ്റിന്‍റെ അടുത്ത് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഉത്തമമാണെന്ന് പണ്ഡിതര്‍ പറയുന്നത്, കാരണം, ഒരു ഈത്തപ്പന മട്ടലിന്‍റെ തസ്ബീഹ് കാരണമായി ശിക്ഷക്ക് ഇളവ് ലഭിക്കുമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് തീര്‍ച്ചയായും അത് ലഭിക്കാതിരിക്കില്ല. അവയില്‍നിന്നെല്ലാം മനസ്സിലാവുന്നത് മറ്റുള്ളവര്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍, മരിച്ചവരെ ഉദ്ദേശിച്ചും അവര്‍ക്ക് വേണ്ടിയുമാണ് ചെയ്യുന്നതെങ്കില്‍, അത് ഉപകാരപ്പെടുമെന്ന് തന്നെയാണ്. ഇവ്വിഷയകമായി തര്‍ക്കവിഷയങ്ങള്‍ എന്ന ഉപവിഭാഗത്തിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള സല്‍കര്‍മ്മങ്ങള്‍ എന്നതില്‍ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter