വിഷയം: വഖ്ഫ് സ്വത്തുകള്‍ വില്‍ക്കലും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കലും
പള്ളിയിൽ വഖഫ് ചെയ്ത വസ്തുക്കൾ (ഖുര്‍ആന്‍, പായ, മുസല്ല പോലെയുള്ളവ) വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റുമോ? പള്ളിയിലെ (ഓട്, ഇരുമ്പ് പോലെയുള്ള) വസ്തുക്കൾ വിൽക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
Hsbeeb
Feb 8, 2021
CODE :Fiq10055
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പള്ളിയില്‍ മാത്രമുപയോഗിക്കാനായി വഖ്ഫ് ചെയ്യപ്പെട്ട പായ, വിരിപ്പ്, മുസല്ല, ഖുര്‍ആന്‍ തുടങ്ങിയവ വീട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. അവ പള്ളിയില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണല്ലോ വഖ്ഫ് ചെയ്യപ്പെട്ടത്.
പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട് എന്ത് വസ്തുക്കളും ഉപയോഗിക്കുന്നതിലും സംരക്ഷിക്കുന്നതിലും ബന്ധപ്പെട്ടവര്‍ അതീവശ്രദ്ധ പുലര്‍ത്തിയാണ് കൈകാര്യം ചെയ്യേണ്ടത്. കാരണം പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെടുന്നതോടെ അത് സൃഷ്ടിയുടെ ഉടമസ്ഥതയില്‍ നിന്ന് സ്രഷ്ടാവിന്‍റെ ഉടമസ്ഥതയിലേക്ക് മാറിയ സ്വത്താണ്. പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കള്‍ നിരുപാധികം വില്‍ക്കാനോ കൈമാറ്റം നടത്താനോ ആര്‍ക്കും അധികാരമില്ല. പള്ളി പൊളിച്ചു പുതിക്കിപ്പണിതാല്‍ പോലും അതിന്‍റെ പഴയ വസ്തുക്കള്‍ (കല്ല്, ഇരുമ്പ്, മരം, ഓട് തുടങ്ങിയവയെല്ലാം) പള്ളിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിത്തന്നെ ഉപയോഗിക്കാനുള്ള വഴികള്‍ കണ്ടെത്തണം. അവ നശിക്കുന്നതിന് മുമ്പ് ആ പള്ളിക്ക് തന്നെ അത് ആവശ്യമായി വരുമെങ്കില്‍ അതിന് വേണ്ടി സൂക്ഷിച്ചു വെക്കണം. അല്ലാത്ത പക്ഷം മറ്റേതെങ്കിലും പള്ളിക്ക് വേണ്ടിയോ പുതിയ പള്ളി നിര്‍മിക്കാനോ അവ ഉപയോഗിക്കാം (ഫത്ഹുല്‍മുഈന്‍).
എന്നാല്‍ പഴകി ദ്രവിച്ച ഉപയോഗവും ഭംഗിയും നഷ്ടപ്പെട്ട രീരിയിലായ പായകളും വിരികളും മരത്തടികളും വില്‍പന നടത്തി ഒഴിവാക്കലാണ് നല്ലതെന്ന സാഹചര്യമായാല്‍ അവ വിറ്റ് ആ കാശു കൊണ്ട് അതേ വസ്തുക്കള്‍ പുതിയത് വാങ്ങുകയോ അതിന് പറ്റില്ലെങ്കില്‍ പള്ളിയുടെ മറ്റു നന്മകള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യാം എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.