നിസ്ക്കരിക്കുമ്പോൾ ചേലാകര്‍മം ചെയ്യപ്പെടാത്ത ചെറിയ കുട്ടികൾ വന്നു പിടിക്കുകയോ തൊടുകയോ മടിയിൽ വന്നിരിക്കുകയോ ചെയ്താല്‍ നിസ്ക്കാരത്തിന് കുഴപ്പം വരുമോ?

ചോദ്യകർത്താവ്

Safeer

May 19, 2021

CODE :Fiq10081

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസ്കാരത്തിലുടനീളം വസ്ത്രവും ശരീരവും നിസ്കരിക്കുന്ന സ്ഥലവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കല്‍ ശര്‍ത്താണല്ലോ. നജസോ മുതനജ്ജിസോ ആയ വസ്തു ചുമക്കുന്നതും അവയെ പിടിക്കുന്നും അവ ഇങ്ങോട്ട് പിടിക്കുന്നതുമെല്ലാം ഈ ശര്‍ത്തിന് ഭംഗം വരുത്തുന്നതിനാല്‍ നിസ്കാരം ബാത്ത്വിലാവുന്നതാണ്. എന്നാല്‍ നജസ് ശരീരത്തിലുളള കുട്ടിയോ മറ്റോ നജസ് നിസ്കരിക്കുന്നവന്‍റെ വസ്ത്രത്തിലോ ശരീരത്തിലോ ആകാതെ തൊട്ടത് കൊണ്ട് മാത്രം നിസ്കാരത്തിന് കുഴപ്പം വരില്ല.

ചേലാകര്‍മം ചെയ്യപ്പെടുമ്പോള്‍ നീക്കപ്പെടുന്ന തൊലിക്കുള്ളില്‍ നജസ് കൂടിക്കിടക്കാന്‍ സാധ്യത കൂടുതലാണ്. ആയതിനാല്‍ ചേലാകര്‍മം ചെയ്യപ്പെടാത്ത കുട്ടിയുടെ ലിംഗാഗ്രത്തിലെ ചര്‍മത്തിനുള്ളില്‍ നജസുണ്ടെന്ന് ഉറപ്പായാല്‍, ആ കുട്ടി നിസ്കരിക്കുന്നവനെ പിടിക്കുകയോ മടിയില്‍ വന്നിരിക്കുകയോ ആ കുട്ടിയെ നിസ്കരിക്കുന്നവന്‍ ചുമക്കുകയോ പിടിക്കുകയോ ചെയ്താലെല്ലാം നിസ്കാരം ബാത്വിലാവുന്നതാണ്. നിസ്കരിക്കുന്നതിനിടയില്‍ ഉണങ്ങിയ നജസ് വന്ന്ചേര്‍ന്നാല്‍ വസ്ത്രം കുടഞ്ഞോ മറ്റോ നജസില്‍ സ്പര്‍ശിക്കാതെ ഉടനെ തട്ടിമാറ്റിയാല്‍ നിസ്കാരത്തിന് ഭംഗം വരില്ല (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, ശറഹുല്‍മുഹദ്ദബ്)

വൃത്തിക്കും ആരോഗ്യസംരക്ഷണത്തിനും വളരെ വലിയ പ്രാധാന്യം നല്‍കുന്നത്കൊണ്ടുകൂടിയാണല്ലോ വളരെ നേരത്തേ തന്നെ കുട്ടികളുടെ ചേലാകര്‍മം നടത്താന്‍ ഇസ്ലാം പ്രോല്‍സാഹിപ്പിച്ചിട്ടുള്ളത്. തിരുനബി (സ്വ) പേരമക്കളായ ഹസന്‍(റ) ഹുസൈന്‍ (റ) ഇരുവരുടെയും ചേലാകര്‍മം ജനിച്ച ശേഷമുളള ഏഴാം ദിവസം തന്നെ നടത്തിയിട്ടുണ്ട്. മാതാപിതാക്കളോ വീട്ടുകാരോ നിസ്കരിക്കുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ നിസ്കാരപ്പായയില്‍ കയറലും നിസ്കരിക്കുന്നവരെ പിടിക്കലും മടിയിലിരിക്കലുമെല്ലാം സാധാരണയാണ്. തിരുനബി(സ്വ) നിസ്കരിക്കുമ്പോള്‍ പേരക്കിടാങ്ങള്‍ നബി(സ്വ)യുടെ ശരീരിത്തില്‍ കയറിയിരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.

ചേലാകര്‍മം നടത്തുകയെന്ന നിര്‍ബന്ധബാധ്യത പ്രായപൂര്‍ത്തിയാകുമ്പോഴേ ഉള്ളൂവെങ്കിലും കുട്ടിയുടെ രക്ഷിതാവിന് അത് നേരത്തെ ചെയ്തുകൊടുക്കല്‍ സുന്നത്തുണ്ട്. പ്രസവദിവസം ഒഴിച്ചുള്ള ഏഴാമത്തെ ദിവസം ചെയ്യലാണ് ഏറ്റവു നല്ലത്. അതിന് മുമ്പ് ചെയ്യല്‍ കറാഹത്താണ്. ഏഴാം ദിവസം ചെയ്തില്ലെങ്കില്‍ പിന്നെ നാല്‍പതാമത്തെ ദിവസവും അന്ന് ചെയ്തില്ലെങ്കില്‍ ഏഴാം വയസില്‍ ചെയ്യലുമാണ് ഉത്തമം. കാരണം ഏഴാം വയസ് നിസ്കാരം കൊണ്ട് കല്‍പിക്കപ്പെടുന്ന സമയമാണല്ലോ (തുഹ്ഫ 9-234)

പുരുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവരോട് മാത്രമേ ശറഇന്‍റെ കല്‍പ്പനകള്‍ ബന്ധിക്കൂ എന്നതിനാല്‍ ബുദ്ധിയുള്ല പുരുഷന് പ്രായപൂര്‍ത്തിയാകുന്നതോടെയാണ് ചേലാകര്‍മം നിര്‍ബന്ധമാകുന്നത്. എന്നാല്‍ ചേലാക്കര്‍മം ചെയ്യുന്നത് മൂലം എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് ഭയക്കുന്നുണ്ടെങ്കില്‍ ആ അപകടം തരണം ചെയ്യുമെന്ന മികച്ച ധാരണയുണ്ടാകുന്നത് വരെ പിന്തിപ്പിക്കേണ്ടതാണ് (തുഹ്ഫ 9-233)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter