വിഷയം: നിസ്കാരത്തിലെ ചലനം
ജമാഅത്തായി ഫർള് നിസ്കരിച്ചു കൊണ്ടിരിക്കെ, മറ്റൊരാളുടെ പ്രവൃത്തി മൂലം എൻ്റെ ശരീരം മൂന്ന് പ്രാവശ്യമോ അതിലധികമോ അനങ്ങിയാൽ എൻ്റെ നിസ്കാരം ബാത്വിലാകുമോ? അവസാനത്തെ അത്തഹിയ്യാത്തിൽ ആദ്യമൊന്ന് ഒതുങ്ങിയതിന് ശേഷമാണ് സുന്നത്തായ രൂപത്തിലുള്ള ഇരുത്തം ഇരിക്കാറുള്ളത്. ഇങ്ങനെ, സുന്നത്തായ രൂപത്തിലുള്ള ഇരുത്തം ഇരിക്കുന്ന സമയത്ത്, മൂന്ന് അനക്കങ്ങൾ സംഭവിച്ചാൽ , നിസ്കാരത്തിന് കുഴപ്പമുണ്ടോ?
ചോദ്യകർത്താവ്
Jaseel
Nov 6, 2025
CODE :Pra15891
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ
തക്ബീറത്തുൽ ഇഹ്റാം മുതൽ സലാം വീട്ടുന്നത് വരെ, ആദ്യാവസാനം, മാനസികാമയും ശരീരികമായും പൂർണമായ ഭയഭക്തിയോടെയും ശാന്തതയോടെയും നിർവഹിക്കപ്പെടണ്ട കർമമാണ് നിസ്കാരം, വിശിഷ്യാ ഫർള് നിസ്‌കാരങ്ങൾ. നിറുത്തം, സുജൂദ്, റുകൂഅ' എന്നിങ്ങനെയുള്ള നിർബന്ധ കർമ്മങ്ങളിലേക്ക് എത്തിപ്പെടുന്നതിനുള്ള സ്വാഭാവിക ചലനങ്ങൾക്കപ്പുറത്ത്, അമിതമായ (മൂന്നോ അതിലധികമോ) ശാരീരിക ചലനങ്ങൾ (ഉദാ: ഓട്ടം, ചാട്ടം പോലെ..) സംഭവിച്ചാൽ നിസ്കാരം അസാധുവാകുന്നതാണ്.
എങ്കിലും, അസുഖം മൂലം ഉണ്ടായേക്കാവുന്ന, വിറയൽ പോലെയുള്ള ശാരീരിക ചലനങ്ങളോ, സ്വന്തം പ്രവൃത്തി കൊണ്ടല്ലാതെ പുറമെ നിന്നുള്ള പ്രവർത്തനങ്ങളോ - നിസ്കരിക്കുന്നവന് നിയന്ത്രണ വിധേയമല്ലാത്തതു കൊണ്ട് തന്നെ, അത്തരം അനക്കങ്ങൾ നിസ്കാരത്തെ ബാത്തിലാക്കുന്നതുമല്ല. (നിഹായത്തു സൈൻ, തുഹ്ഫ).
ചോദ്യത്തിന്റെ രണ്ടാം ഭാഗത്തു ഉന്നയിക്കപ്പെട്ട, അത്തഹിയ്യാതിന് വേണ്ടി ഇരിക്കുക എന്നത് നിസ്കാരത്തിന്റ നിർബന്ധ കർമങ്ങളിൽ പെട്ടതാണ്. സുജൂദിൽ നിന്നും എണീറ്റു അവസാനത്തെ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കാനാവശ്യമായ ചലനങ്ങൾ നിസ്കാരത്തിൻറെ പരിധിയിൽ പെടുന്ന ചലനങ്ങളായതു കൊണ്ട് തന്നെ, അത് നിസ്കാരത്തെ ബാത്തിലാകുകയില്ല.
അതേസമയം, അവസാന അത്തഹിയാത്തിനു വേണ്ടി ഇരുന്നതിന് ശേഷം, പിന്നീട് സുന്നത്തായ രൂപത്തിലുള്ള തവറുകിന്റെ (ഇടതു കാൽ വലതു ഭാഗത്തുകൂടെ പുറത്തേയ്ക്കിട്ടു, പൃഷ്ടഭാഗം ഭൂമിയിൽ ചേർത്തുവെച്ചു, വലതുകാലിന്റെ വിരൽ അറ്റങ്ങൾ ഖിബ്‌ലയിലേക്ക് നാട്ടിവെച്ചു ഇരിക്കുന്ന രീതി) ഇരുത്തത്തിന് വേണ്ടി തുനിയുകയും നെറ്റിത്തടം മുട്ടിൻ കാലിനുമപ്പുറമുള്ള പരിധിയിലേക്ക് മുന്നിടുകയും ചെയ്താൽ നിസ്കാരം ബാത്വിലാകുമോ എന്നതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യതാസമുണ്ട്. നെറ്റിത്തടം കാൽ മുട്ടുകളുടെ പരിധിക്കപ്പുറമായാൽ അത് ഇരുന്നു നിസ്കരിക്കുന്നവന്റെ റുകൂആയി സംഭവിച്ചുവെന്നും, സുന്നത്തായ ഇരുത്തത്തിന് വേണ്ടി നിർബന്ധ കർമ്മമായ റുകൂഇനെ അസ്ഥാനത്ത് കൊണ്ട് വരുന്നത് നിസ്‍കാരത്തിന്റെ സാധുതയെ ബാധിക്കുമെന്നതുമാണ് ഈ അഭിപ്രായാന്തരത്തിന് കാരണം. അത് കൊണ്ട് തന്നെ മേൽപറയപ്പെട്ട പരിധിക്കപ്പുറത്തേക്ക് നെറ്റിത്തടം എത്താത്തവിധം തവറുകിന്റെ ഇരുത്തം ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മേൽ പറയപ്പെട്ട അവസരത്തിലും ഇമാം റംലി (റ) പ്രബലമാക്കിയത് ബാത്വിലാവുകയില്ല എന്നത് തന്നെയാണ്. (ഇആനത്തു ത്വാലിബീൻ, നിഹായ).
കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.


